
പുതുക്കാട് ∙ ദേശീയപാത സിഗ്നൽ ജംക്ഷനിലെ മേയ്ഫെയർ ബാറിൽ മദ്യപിക്കാനെത്തിയ യുവാവ് ടച്ചിങ്സ് (മദ്യത്തോടൊപ്പം സൗജന്യമായി നൽകുന്ന ആഹാരസാധനങ്ങൾ) ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിന്റെ വൈരാഗ്യത്തിൽ ജീവനക്കാരനെ കുത്തിക്കൊന്നു. എരുമപ്പെട്ടി നെല്ലുവായ് മുരിങ്ങത്തേരി സാന്ദ്രാ നിവാസിൽ ഹേമചന്ദ്രനാണ് (64) കൊല്ലപ്പെട്ടത്.പ്രതി അളഗപ്പനഗർ സ്വദേശി ആലുക്ക വീട്ടിൽ സിജോ ജോണിനെ (40) മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 11.40നായിരുന്നു സംഭവം.പൊലീസ് പറയുന്നതിങ്ങനെ: ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് പ്രതി സിജോ ജോൺ ബാറിൽ മദ്യപിക്കാനെത്തി. തുടരെ ടച്ചിങ്സ് ചോദിച്ചതോടെ ബാർ ജീവനക്കാരുമായി തർക്കമുണ്ടായി.
അച്ചാറും ചിക്കൻ പാർട്സും സിജോ ജോൺ വാങ്ങിയത് 8 തവണയായിരുന്നു. 9-ാം തവണ ചോദിച്ചപ്പോഴാണ് ജീവനക്കാർ നിരസിച്ചത്.
കൊല്ലപ്പെട്ട ഹേമചന്ദ്രൻ ബാറിന്റെ കൗണ്ടറിൽ ഉണ്ടായിരുന്നെങ്കിലും തർക്കത്തിൽ ഇടപെട്ടിരുന്നില്ല.
സംഭവത്തിനുശേഷം തിരിച്ചുപോയെങ്കിലും ഏതെങ്കിലും ഒരു ജീവനക്കാരനെ കൊല്ലണം എന്ന ഉദ്ദേശ്യത്തോടെ സിജോ രാത്രിയിൽ ബാർ പരിസരത്തെത്തി.
ജീവനക്കാരിൽ ആരെങ്കിലും പുറത്തിറങ്ങുന്നത് കാത്തിരുന്നു. രാത്രി 11ന് ബാർ അടച്ചശേഷം പുറത്ത് തട്ടുകടയിൽ പോയി ചായ കുടിച്ച് ബാറിലേക്കു തന്നെ തിരിച്ചുപോവുകയായിരുന്നു ഹേമചന്ദ്രൻ.
ഗേറ്റ് അടയ്ക്കുന്നതിനിടെ ഹേമചന്ദ്രനോട് ‘ബാറിലെ ജീവനക്കാരനാണോ’യെന്ന് സമീപത്ത് കാത്തുനിന്ന സിജോ ചോദിച്ചു. അതേ എന്നു പറഞ്ഞതോടെ കഴുത്തിൽ കത്തി കൊണ്ട് കുത്തിയ ശേഷം ഓടിക്കളഞ്ഞു.ഗുരുതരമായി പരുക്കേറ്റ ഹേമചന്ദ്രനെ മറ്റു ജീവനക്കാർ ചേർന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
സംഭവമറിഞ്ഞയുടൻ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. പുലർച്ചയോടെ വീട്ടിൽ നിന്നു പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആക്രമണത്തിനുശേഷം സമീപത്തെ പറമ്പിലേക്ക് എറിഞ്ഞുകളഞ്ഞ കത്തി തെളിവെടുപ്പിനിടെ പ്രതി പൊലീസിനു കാണിച്ചുകൊടുത്തു.
എറണാകുളത്ത് പലയിടത്തായി സെക്യൂരിറ്റി ജോലി നോക്കിയിരുന്ന സിജോ കുറച്ചുനാളായി ജോലിക്ക് പോയിരുന്നില്ല.
സിജോയ്ക്കെതിരെ മുൻപ് കേസുകളില്ലെന്ന് എസ്എച്ച്ഒ എം. മഹേന്ദ്രസിംഹൻ പറഞ്ഞു.
പത്തനംതിട്ട റാന്നി സ്വദേശിയായ ഹേമചന്ദ്രൻ വർഷങ്ങളായി നെല്ലുവായ് മുരിങ്ങത്തേരിയിൽ വീട് വച്ചു താമസിക്കുകയാണ്.
പുതുക്കാട് ബാറിൽ ജോലിക്കെത്തുന്നതിനു മുൻപ് എരുമപ്പെട്ടിയിലും ചങ്ങരംകുളത്തുമുള്ള ബാറുകളിലായിരുന്നു ജോലി.രണ്ടാഴ്ച കൂടുമ്പോൾ വീട്ടിലെത്തുന്ന ഹേമചന്ദ്രൻ കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടിൽ നിന്ന് പോയത്. സംസ്കാരം ഇന്ന് രാവിലെ 10ന് ഷൊർണൂർ ശാന്തി തീരത്ത്. ഭാര്യ: പുഷ്പ.
മകൾ: സാന്ദ്ര. മരുമകൻ: മനീഷ്.
ഡിവൈഎസ്പി പി.സി.ബിജുകുമാർ, എസ്എച്ച്ഒ എം.മഹേന്ദ്ര സിംഹൻ എന്നിവരുടെ നേതൃത്വത്തിൽ ജൂനിയർ എസ്ഐ വൈഷ്ണവ്, എസ്ഐമാരായ എൻ.പ്രദീപ്, ലാലു, സുധീഷ്, ലിജു രംഗനാഥൻ, സന്തോഷ്, സതീശൻ മഠപ്പാട്ടിൽ, എഎസ്ഐമാരായ ബൈജു, എം.ജെ.ബിനു, ജോബി, ആന്റോ, സിപിഒമാരായ ശ്രീജിത്ത്, സുജിത്ത്, നവീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]