
ജീവനായിരുന്നു വിഎസ്
ഓച്ചിറ∙ ചങ്ങൻകുളങ്ങര പൗർണമിയിൽ ജെ.പ്രകാശ് എന്ന ഓട്ടോത്തൊഴിലാളിയുടെ രക്തത്തിൽ മാത്രമല്ല ജീവനിലും വിപ്ലവ സൂര്യൻ വി.എസ്.അച്യുതാനന്ദൻ എന്നും നിറഞ്ഞു നിൽക്കുന്നു. പലതവണ മരണത്തെ മുഖാമുഖം കണ്ട
മുൻ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ജെ.പ്രകാശ് തന്റെ ബന്ധുക്കളോടും പാർട്ടി പ്രവർത്തകരോടും ഒരു ആഗ്രഹം മാത്രമാണ് പറഞ്ഞിട്ടുള്ളത്. അത് മറ്റൊന്നുമല്ല തന്റെ വിപ്ലവ സൂര്യൻ വി.എസിനെ ഒന്നു കാണണമെന്നതായിരുന്നു.
ഇന്നും പ്രകാശിന്റെ ശരീരത്തിൽ ജീവൻ നിലനിൽക്കുന്നത് തന്റെ പ്രിയ നേതാവ് വി.എസ്.അച്യുതാനന്ദന്റെ സന്ദർശന ഫലമായിട്ടാണെന്നു പ്രകാശ് ഉൾപ്പെടെ വിശ്വസിക്കുന്നത്.
വി.എസിന്റെ സന്ദർശന ശേഷം പ്രകാശ് ജീവിതം തിരിച്ചുപിടിക്കാൻ നടത്തിയ പോരാട്ടം മാത്രം അതിനു ഇന്നും സാക്ഷ്യം വഹിക്കുന്നു. ഇപ്പോൾ മൂന്നാം ശസ്ത്രക്രിയയും കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുന്ന പ്രകാശിനോട് വീട്ടുകാർ തന്റെ പ്രിയ നേതാവിന്റെ വിയോഗ വാർത്ത അറിയിച്ചിട്ടില്ല. ഓട്ടോത്തൊഴിലാളിയായിരുന്ന ജെ.പ്രകാശിന് 2012 മാർച്ച് 28നാണ് ആദ്യ പക്ഷാഘാതം ഉണ്ടായി തിരുവനന്തപുരം ശ്രീചിത്ര ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നത്. തലയോട്ടി ഇളക്കി തലച്ചോറിന്റെ ഒരു ഭാഗം മാറ്റിവച്ചു രണ്ട് പ്രധാന ശസ്ത്രക്രിയകൾ നടത്തിയാണ് ഡോക്ടർമാർ ജീവൻ തിരിച്ചുപിടിച്ചത്.
അപ്പോഴും സംസാരശേഷി ഉൾപ്പെടെ നഷ്ടമായിരുന്നു.തുടർ ചികിത്സയിൽ കുറച്ച് സംസാരശേഷി തിരികെ ലഭിച്ചപ്പോഴാണ് വി.എസിനെ കാണാനുള്ള മോഹം ഡോക്ടർമാരോടും ബന്ധുക്കളോടും പറയുന്നത്.
ഓച്ചിറയിലെ പാർട്ടി പ്രവർത്തകർ പ്രകാശിന്റെ ആഗ്രഹം അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസിനെ നേരിട്ട് അറിയിച്ചു. ഓച്ചിറയിൽ എത്തുമ്പോൾ കാണാമെന്നു വി.എസ് ഉറപ്പ് നൽകുകയും ചെയ്തു.
തുടർന്ന് 2013 ഏപ്രിൽ നാലിന് ഓച്ചിറ പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിന് വി.എസ്.അച്യുതാനന്ദൻ ഓച്ചിറയിലെത്തി.തുടർന്ന് ആയുർവേദ ചികിത്സ കഴിഞ്ഞ് ചങ്ങൻകുളങ്ങരയിലെ വീട്ടിൽ ഉണ്ടായിരുന്ന പ്രകാശിനെ വി.എസ്.വീട്ടിലെത്തി സന്ദർശിച്ചു.പ്രകാശിന്റെ ഭാര്യ ശ്രീലത പ്രകാശ് ഓച്ചിറ പഞ്ചായത്ത് മുൻ പ്രസിഡന്റും പഞ്ചായത്ത് അംഗവുമാണ്. എന്നും വി.എസ് പക്ഷത്തോട് ചേർന്നു നിന്ന ഓച്ചിറയിൽ വി.എസിന്റെ സന്ദർശനം ഒഴിവാക്കാൻ അന്ന് ഔദ്യോഗിക പക്ഷം ചില ശ്രമങ്ങൾ നടത്തിയത് വിവാദമായിരുന്നു.
ഉത്സവാന്തരീക്ഷത്തിൽ ഇടയ്ക്കാട് സന്ദർശനം
ശാസ്താംകോട്ട ∙ കാർഷിക ഭൂസമരത്തിന്റെ പൈതൃകവും തൊഴിലാളി പ്രക്ഷോഭങ്ങളുടെ ചരിത്രവുമുള്ള ഇടയ്ക്കാടിന്റെ സാംസ്കാരിക കേന്ദ്രത്തിലേക്ക് ഉത്സവാന്തരീക്ഷത്തിൽ വി.എസ് എത്തിയ വൈകുന്നേരം ഇന്നലെയെന്ന പോലെ ഓർത്തെടുക്കുകയാണ് ഗ്രാമവാസികൾ.
ജനകീയനായ കമ്യൂണിസ്റ്റ് നേതാവിന്റെ വരവിനായി നാടൊന്നാകെ ഒരുമാസം നീണ്ട ഒരുക്കങ്ങളിലൂടെയാണ് കടന്നുപോയത്.
2012 ഡിസംബർ എട്ടിനു വൈകിട്ട് പോരുവഴി ഇടയ്ക്കാട് തെക്ക് കൈരളി വായനശാലയുടെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനും പുതിയ കെട്ടിടത്തിന്റെ ശിലയിടാനും എത്തിയതായിരുന്നു അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദൻ.
എംപി, എംഎൽഎ ഫണ്ടുകൾ അനുവദിച്ച് പുതിയ കെട്ടിടവും നിർമിച്ചു. കർഷകരും തൊഴിലാളികളും സ്ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ള പുരുഷാരം കണ്ണേ കരളേ വീയെസ്സെ എന്ന മുദ്രാവാക്യം വിളികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
പഞ്ചായത്ത് മുൻ പ്രസിഡന്റ് പോരുവഴി വാസുദേവനും അന്ന് രാജ്യസഭ എംപിയായിരുന്ന കെ.എൻ.ബാലഗോപാലും ചേർന്നു നാടിന്റെ ഉപഹാരമായി എടുപ്പ്കുതിരയുടെ മാതൃകയാണ് വിഎസിനു വേദിയിൽ സമ്മാനിച്ചത്. മുഖ്യമന്ത്രിയായിരിക്കെ ശാസ്താംകോട്ട
താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും സിപിഎം പടിഞ്ഞാറേകല്ലട ലോക്കൽ കമ്മിറ്റി ഓഫിസായ പി.ആർ.സ്മാരക മന്ദിരം ഉദ്ഘാടനവും പ്രതിപക്ഷ നേതാവായിരിക്കെ ഭരണിക്കാവിലെ സിപിഎം കുന്നത്തൂർ താലൂക്ക് കമ്മിറ്റി ഓഫിസ് കെട്ടിടത്തിന്റെ ശിലയിടലും ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ ആയിരിക്കെ പോരുവഴി പഞ്ചായത്ത് ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ ശിലയിടലും വിഎസാണു നിർവഹിച്ചത്.
വികസന വഴിയിലെ വിഎസ് പ്രഭാവം
ചവറ∙ അഷ്ടമുടിക്കായലിനു നടുവിൽ നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട
തെക്കുംഭാഗം ഗ്രാമത്തിനു കരമാർഗം കൊല്ലം നഗരത്തിലേക്ക് ഉൾപ്പെടെ വേഗത്തിൽ എത്തിച്ചേരാനായത് തെക്കുംഭാഗം പള്ളിക്കോടി – ദളവാപുരം പാലം യാഥാർഥ്യമായതോടെയാണ്. പാലം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയ വി.എസ്.അച്യുതാനന്ദനെ വൻ ആവേശത്തോടെയാണ് തെക്കുംഭാഗം ജനാവലി അന്ന് വരവേറ്റത്.
ഗ്രാമവാസികൾക്ക് പ്രത്യാശയുടെ പ്രതീക്ഷയുടെ വഴി തുറക്കലായിരുന്നു 2007 ജൂൺ 9 ന് പ്രൗഢമായ ആ ഉദ്ഘാടനച്ചടങ്ങ്.
വിഎസിനെ കാണാനും പ്രസംഗം കേൾക്കാനും പാലത്തിലും ഇരുകരകളിലും തെക്കുംഭാഗം നീണ്ടകര എന്നീ തീരദേശ ഗ്രാമങ്ങളിലെ ആബാലവൃദ്ധം ജനങ്ങളും ആവേശഭരിതരായി കാത്ത് നിന്ന ഓർമകൾ അയവിറക്കുകയാണ് വിഎസിന്റെ വേർപാടിൽ വേദനിക്കുന്ന പ്രദേശം. തെക്കുംഭാഗത്തുകാരെ പുറം ലോകവുമായി ബന്ധിപ്പിച്ചിരുന്നത് പഞ്ചായത്തിന്റെ വടക്കേ അതിർത്തിയിലെ പാവുമ്പ തോടിനു കുറുകെയുള്ള ചെറിയ പാലമായിരുന്നു. പള്ളിക്കോടിയിൽ നിന്നു ദളവാപുരത്തേക്ക് അന്ന് കടത്ത് മാത്രമാണ് ഉണ്ടായിരുന്നത്.
1991 ജൂലൈ 14ന് വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചതോടെ പാലത്തിനായുള്ള മുറവിളി ശക്തമായി.ജനകീയ സമരങ്ങൾക്ക് ഒടുവിൽ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.കെ.ബാവയ്ക്ക് ലഭിച്ച നിവേദനം ഫലം കാണുകയായിരുന്നു.
പിന്നീട് എംഎൽഎയായിരുന്ന ഷിബു ബേബിജോൺ പൊതുമരാമത്ത് മന്ത്രി എം.കെ.മുനീറിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും പാലം നിർമാണത്തിനു അംഗീകാരം നൽകുകയുമായിരുന്നു. 2001 ഡിസംബർ 1ന് തറക്കല്ലിട്ടു.
2006 മാർച്ച് 20ന് പാലം ഉദ്ഘാടനം ചെയ്യാനിരിക്കെ ഫെബ്രുവരി 25ന് മൂന്നു ബീമുകൾ തകർന്നു. തുടർന്ന് ബീമുകൾ നിർമിച്ചു ഉദ്ഘാടനം നടത്താനുള്ള ശ്രമം നടക്കവേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തുടർന്ന് ഇവിടെ നിന്ന് എൻ.കെ.പ്രേമചന്ദ്രൻ എംഎൽഎ ആകുകയും മറ്റ് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിച്ചു 2007 ജൂണിൽ വിഎസ് പാലം നാടിനു സമർപ്പിക്കുകയുമായിരുന്നു. അന്നത്തെ തെക്കൻ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പാലമായിരുന്നു ദളവാപുരം–പള്ളിക്കോടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]