
തിരുവനന്തപുരം ∙ അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് എകെജി പഠനഗവേഷണ കേന്ദ്രത്തിൽ അന്തിമോപചാരമർപ്പിക്കാൻ എത്തിയതു പതിനായിരങ്ങൾ.രാത്രി 7.10നാണ് എകെജി പഠനഗവേഷണ കേന്ദ്രത്തിലേക്കു മൃതദേഹവുമായി ആംബുലൻസ് എത്തിയതെങ്കിലും വൈകിട്ടു നാലരയോടെ മുൻവശത്തെ റോഡ് നിറഞ്ഞു പ്രവർത്തകരും വിഎസിനെ സ്നേഹിക്കുന്നവരും തിങ്ങിക്കൂടിയിരുന്നു.തിക്കിനും തിരക്കിനുമിടയിൽ റോഡിൽനിന്ന് ഓഫിസിലേക്കു മൃതദേഹമെത്തിക്കാൻ ഏറെ പണിപ്പെട്ടു.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ നേതൃത്വത്തിലാണു അകത്തു പൊതുദർശനത്തിനുള്ള ഒരുക്കങ്ങൾ നടത്തിയത്.മുഖ്യമന്ത്രിയുടെ പത്നി കമലയും മന്ത്രി എം.ബി.രാജേഷ്, സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം അടക്കമുള്ളവർ നേരത്തേ തന്നെയെത്തി എകെജി സെന്ററിൽ കാത്തിരുന്നു.
മൃതദേഹത്തെ അനുഗമിച്ചാണു മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.രാജീവ്, എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ തുടങ്ങിയവരെത്തിയത്. രാത്രി ഒൻപതോടെ പൊതുദർശനം അവസാനിപ്പിച്ച് ബാർട്ടൻ ഹില്ലിലെ വീട്ടിലേക്കു മാറ്റാനാണ് ആലോചിച്ചിരുന്നതെങ്കിലും ഒരു കിലോമീറ്ററിലധികം നീണ്ട
നിര രാത്രി 9നും വിഎസിനെ അവസാനമായി കാണാൻ കാത്തുനിന്നതോടെ ആ തീരുമാനം മാറ്റി.കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ.ആന്റണി, മന്ത്രിമാരായ കെ.രാജൻ, റോഷി അഗസ്റ്റിൻ തുടങ്ങി ഒട്ടേറെപ്പേർ എകെജി പഠനഗവേഷണ കേന്ദ്രത്തിലെത്തി അന്തിമോപചാരമർപ്പിച്ചു.
നികത്താനാകാത്ത നഷ്ടം: സിപിഎം സെക്രട്ടേറിയറ്റ്
തിരുവനന്തപുരം ∙ വിഎസിന്റെ നിര്യാണം പാർട്ടിക്കു നികത്താനാകാത്ത നഷ്ടമെന്നു സിപിഎം സെക്രട്ടേറിയറ്റ്. നവോത്ഥാന പ്രസ്ഥാനങ്ങൾ മുന്നോട്ടുവച്ച സാമൂഹിക നീതിയുടെ കാഴ്ചപ്പാടിനൊപ്പം നിലയുറപ്പിക്കുകയും അവയെ വർഗസമര കാഴ്ചപ്പാടുമായി കണ്ണി ചേർക്കുകയും ചെയ്ത കമ്യൂണിസ്റ്റായിരുന്നു വിഎസ്.
പാരിസ്ഥിതിക പ്രശ്നങ്ങൾ വർഗസമരത്തിന്റെ ഭാഗമാണെന്നു കണ്ട് അദ്ദേഹം ഇടപെട്ടു. സ്ത്രീസമത്വത്തിന്റെ ആശയങ്ങൾക്കൊപ്പം നിലയുറപ്പിക്കുകയും അവരുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലകൊള്ളുകയും ചെയ്തുവെന്നും സെക്രട്ടേറിയറ്റ് അനുസ്മരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]