
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയെ വരുതിക്കു നിർത്താൻ പാർട്ടി പ്രത്യേകം തിരഞ്ഞെടുത്ത പഴ്സനൽ സ്റ്റാഫ്. മന്ത്രിസഭയിലേക്ക് ഏതൊക്കെ ഫയലുകൾ എത്തിക്കണമെന്നു തീരുമാനിക്കാൻ 5 മന്ത്രിമാരെ ഉൾപ്പെടുത്തി പ്രത്യേക ഉപസമിതി.
പ്രധാന ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് എകെജി സെന്ററിലേക്ക് എത്തിക്കാനുള്ള ക്രമീകരണം. ഇന്നു മുഖ്യമന്ത്രിയാണു പാർട്ടിയെങ്കിൽ അന്നു പാർട്ടിയായിരുന്നു മുഖ്യമന്ത്രി.
എന്നിട്ടും മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ മൂവർ സംഘത്തെ അയയ്ക്കാനുള്ള തീരുമാനം വിഎസ് പ്രഖ്യാപിക്കും വരെ പാർട്ടി അറിഞ്ഞില്ല. അങ്ങനെ, തനിക്കു ശരിയാണെന്നു തോന്നുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ പാർട്ടിയുടെ അനുമതിക്കു കാക്കാതെ നീങ്ങിയ കേരളം കണ്ട
അപൂർവ ഭരണാധികാരിയായിരുന്നു വിഎസ്. താനോ മന്ത്രിസഭയോ അറിയാതെ എഡിബിയുമായി വായ്പാ കരാറുണ്ടാക്കാൻ എടുത്ത തീരുമാനം പാർട്ടി പറഞ്ഞിട്ടും വിഎസ് മരിക്കുംവരെ അംഗീകരിച്ചിട്ടില്ല.പാർട്ടിക്കും പാർട്ടിയോട് അടിക്കടി ഇടയുന്ന മുഖ്യമന്ത്രിക്കും ഇടയിലെ പാലമായിരുന്നു അന്നത്തെ പൊളിറ്റിക്കൽ സെക്രട്ടറി കെ.എൻ.ബാലഗോപാൽ.
പല പാർട്ടി തീരുമാനങ്ങളും അറിയിക്കാൻ മുഖ്യമന്ത്രിയെ കാണേണ്ടത് പൊളിറ്റിക്കൽ സെക്രട്ടറിയാണ്. ‘ഏറ്റവും ബുദ്ധിമുട്ടേറിയ കാലമായിരുന്നു അത്.
ചില തീരുമാനങ്ങൾ അറിയിക്കുമ്പോൾ അദ്ദേഹം ഇഷ്ടക്കേട് കാട്ടും. പക്ഷേ, അത് അൽപനേരത്തേക്കേ ഉണ്ടാകൂ.
പിന്നെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കും. ഫയൽ സൂക്ഷ്മമായി പഠിക്കുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു’– ബാലഗോപാൽ ഓർക്കുന്നു.
അടയാളങ്ങൾ ഇല്ലാതെ
പരിസ്ഥിതിയോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള വിഎസിന്റെ സ്നേഹവും കരുതലും കാരണമാകണം, അദ്ദേഹത്തിന് എതിരാളികൾ ചാർത്തിക്കൊടുത്ത ഒരു പേരുണ്ട്: വികസന വിരോധി.കേരളത്തിന്റെ വികസന മാപ്പിൽ അതിനാൽതന്നെ വിഎസ് സർക്കാരിന്റെ സംഭാവനകൾ ചേർത്തുവയ്ക്കാൻ പാർട്ടിപോലും ശ്രദ്ധിച്ചിട്ടില്ല.
എന്നാൽ, 2006 മേയ് 18 മുതൽ 2011 മേയ് 16 വരെയുള്ള അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തായിരുന്നു കേരളത്തിൽ ടെക്നോപാർക്കിന്റെ കുതിച്ചുചാട്ടവും ഇൻഫോപാർക്കിന്റെ വരവും. വിഴിഞ്ഞം, കൊച്ചി മെട്രോ പദ്ധതികൾക്കും വിഎസിന്റെ കാലത്ത് പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു.സ്വകാര്യ ഭൂമി ഏറ്റെടുത്ത് സമയം കളയാതെ വെറുതേ കിടക്കുന്ന സർക്കാർ ഭൂമി കണ്ടെത്തി പാർക്കുകൾക്കായി ഉപയോഗിക്കുന്ന നയമായിരുന്നു വിഎസ് അന്നു സ്വീകരിച്ചതെന്ന് ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി.മാത്യു പറയുന്നു.
‘കേരളം സ്വതന്ത്ര സോഫ്റ്റ്വെയർ പ്രോത്സാഹിപ്പിക്കണമെന്നതായിരുന്നു വിഎസിന്റെ നിലപാട്. യച്ചൂരിയും കാരാട്ടും അതിനെ പിന്തുണച്ചു.
എന്നാൽ, സംസ്ഥാനത്തു പാർട്ടിക്ക് ആ നിലപാടായിരുന്നില്ല. അതിനാൽ വിഎസിന് ആ നിലപാട് വിജയിപ്പിച്ചെടുക്കാനായില്ല’’ കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലും വിഎസിനു കിട്ടിയിരുന്ന ആദരം വികസന പദ്ധതികൾ വേഗത്തിലാക്കാൻ സഹായിച്ചിട്ടുണ്ടെന്നു ബാലഗോപാൽ.
‘പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് വളരെ ബഹുമാനത്തോടെയാണ് വിഎസിനെ സമീപിച്ചിരുന്നത്. കഴിയുന്നത്ര സഹായങ്ങൾ അദ്ദേഹം ചെയ്യുമായിരുന്നു.
മുല്ലപ്പെരിയാർ ചർച്ചയ്ക്കായി തമിഴ്നാട്ടിൽ രണ്ടുവട്ടം മുഖ്യമന്ത്രി കരുണാനിധിയെ കാണാനെത്തിയപ്പോഴും ഉൗഷ്മളമായ സ്വീകരണമായിരുന്നു’– ബാലഗോപാൽ പറഞ്ഞു.
നടപ്പാക്കാനുള്ള തീരുമാനങ്ങൾ
ഫയലുകളും എഴുതുന്ന ലേഖനങ്ങളും സസൂക്ഷ്മം പരിശോധിക്കുന്ന ശീലവും വിഎസിന്റെ പ്രത്യേകതയായിരുന്നു. സാധാരണക്കാർ വന്നു പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കും.പ്രഫഷനലുകളും ഗവേഷകരും ശാസ്്രതജ്ഞരും ഒക്കെ വരുമ്പോൾ അവരെ ശ്രദ്ധയോടെ കേൾക്കും.
93–ാമത്തെ വയസ്സിലും ഹിന്ദി പഠിക്കുമായിരുന്നു. കൂടംകുളം ആണവപദ്ധതിയുടെ ദോഷങ്ങളെക്കുറിച്ച് വിദഗ്ധരുമായി പലവട്ടം കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായപ്പോഴാണ് വിഎസ് ആദ്യമായി ഒരു ഭരണപദവി വഹിക്കുന്നത്.
എന്നിട്ടും ഭരണരംഗത്ത് മികവോടെയാണ് അദ്ദേഹം പ്രവർത്തിച്ചതെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഷീല തോമസ് പറഞ്ഞു. പരിസ്ഥിതി, സ്ത്രീ സൗഹൃദ തീരുമാനങ്ങൾക്കാണ് അദ്ദേഹം മുൻഗണന നൽകിയിരുന്നത്. ഒരു തീരുമാനവും വൈകിപ്പിക്കില്ല.
അത് എത്രയും വേഗം നടപ്പാക്കണമെന്ന വാശിയുമുണ്ടായിരുന്നു. പക്ഷേ, പല കാരണങ്ങൾകൊണ്ട് എല്ലാ തീരുമാനങ്ങളും നടപ്പാക്കാൻ കഴിയാറില്ലല്ലോ– ഷീല തോമസ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]