കൊച്ചി ∙ വിശദീകരണം ചോദിക്കുന്നതടക്കം വകുപ്പുതല നടപടികളെടുക്കാം എന്നിരിക്കെയാണ് ക്രൈം മീറ്റിങ്ങിനു വൈകിയെത്തിയ എസ്എച്ച്ഒമാര്‍ക്ക് എസ്പി 10 കിലോമീറ്റർ ഓട്ടം ‘ശിക്ഷ’ വിധിച്ചതെന്ന പരാതി വ്യാപകം. നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന എസ്എച്ച്ഒമാർക്ക് ഡിജിപി അനുവദിച്ചിട്ടുള്ള വിശ്രമ സമയം പോലും മാറ്റിവച്ച് മീറ്റിങ്ങിന് എത്തിയവരോടാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ഇങ്ങനെ പെരുമാറിയതെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാനൊരുങ്ങുകയാണ് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ.
കഴിഞ്ഞയാഴ്ച ആലുവയിൽ നടന്ന ക്രൈം കോൺഫറന്‍സിന് വൈകിയെത്തി എന്ന പേരിലാണ് മൂന്ന് എസ്എച്ച്ഒമാർക്ക് എസ്പി എം.ഹേമലത ശിക്ഷ വിധിച്ചത്. ഇതിൽ ഒരാൾ മാത്രമാണ് ഓടിയത്.
ഭാവിയിൽ ഇത്തരം സമീപനം ഉദ്യോഗസ്ഥരോട് ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും നിവേദനം നൽകുന്നതെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ.ബിജു പറഞ്ഞു.
‘‘അവർ 10 മിനിറ്റ് വൈകിയതിന് നിയമപരമായ നടപടി സ്വീകരിക്കുന്നതിന് ആരും എതിരല്ല. അച്ചടക്കമുള്ള സേനയെ സംബന്ധിച്ചിടത്തോളം അത് ആവശ്യവുമാണ്.
എന്നാൽ ഇത്തരം ബാലിശമായ ശിക്ഷാനടപടികൾ ശരിയായ കാര്യമല്ല. അതുകൊണ്ടുതന്നെ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കാര്യങ്ങളാണ് നിവേദനമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറുക’’– ബിജു പറഞ്ഞു.
പ്രതിമാസ ക്രൈം കോൺഫറൻസിൽ വൈകിയെത്തിയ മുളന്തുരുത്തി ഇൻസ്പെക്ടർ മനീഷ് പൗലോസ്, വനിതാ എസ്ഐ പ്രിൻസി, യോഗത്തിനിടെ മയങ്ങിയ കാലടി ഇൻസ്പെക്ടർ അനിൽ ടി.
മേപ്പിള്ളി എന്നിവർക്കാണ് എസ്.പി ഹേമലത ശിക്ഷ നൽകിയത്. എന്നാൽ പിഎസ്സി പരീക്ഷ പാസായി മികവോടെ സ്റ്റേഷൻ ചുമതലയിൽ എത്തുന്ന എസ്എച്ച്ഒമാരെയാണ് ഇത്തരത്തിൽ ശിക്ഷിച്ചത് എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
താക്കീത് നൽകിയോ ആബ്സന്റ് രേഖപ്പെടുത്തിയോ വിഷയം അവസാനിപ്പിക്കാമായിരുന്നു. അല്ലെങ്കിൽ വിശദീകരണം ചോദിക്കാമായിരുന്നു.
അങ്ങനെയെങ്കില്‍ തങ്ങളുടെ ജോലി സമയത്തെക്കുറിച്ചും വൈകിയതിന്റെ കാരണങ്ങളും ബോധിപ്പിക്കാൻ അവർക്ക് സാധിക്കുമായിരുന്നു. അതൊന്നുമില്ലാതെ എസ്പി ഒറ്റയടിക്ക് ശിക്ഷ വിധിക്കുകയായിരുന്നെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
‘‘എസ്എച്ച്ഒമാർക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് രാത്രി ഡ്യൂട്ടി.
വൈകിട്ട് ഏഴു മണിക്ക് വന്നാൽ പുലർച്ചെ 5.30 നാണ് തിരികെപ്പോകുക. അങ്ങനെയുള്ളപ്പോൾ വൈകിട്ട് 4 മണി വരെ വിശ്രമിക്കാൻ അവർക്ക് ഡിജിപിയുടെ ഉത്തരവുണ്ട്.
എന്നാൽ സ്റ്റേഷൻ ചുമതയുള്ളതിനാൽ പലരും പിറ്റേന്നു രാവിലെ തന്നെ ജോലിക്കെത്തും. മുളന്തുരുത്തിയിൽനിന്ന് ആലുവയിൽ എത്തണമെങ്കിൽ ഒരു മണിക്കൂറെങ്കിലും വേണം.
അതിനിടെ രൂക്ഷമായ ഗതാഗതക്കുരുക്കും. അപ്പോൾ 10 മിനിറ്റ് വൈകുക എന്നതൊക്കെ സാധാരണമാണ്’’–ജില്ലയിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]