
വിഎസിന്റെ പിൻഗാമിയായി മലമ്പുഴയിൽ ഞാൻ ജയിച്ചത് അദ്ദേഹം അറിഞ്ഞിട്ടുണ്ടാകുമോ? കാരണം അപ്പോഴേക്കും വിഎസ് രോഗബാധിതനായിരുന്നു. ജയിച്ച കാര്യം പറയാൻ വലിയ സന്തോഷത്തിലാണു ഞാൻ പോയത്.
‘‘ഇതാ നമ്മുടെ പ്രഭാകരൻ സഖാവ് മലമ്പുഴയിൽ ജയിച്ചു’’ എന്ന് ചേച്ചി (വിഎസിന്റെ ഭാര്യ) പറഞ്ഞുകൊടുത്തു. പ്രഭാകരനെ ഓർത്തില്ലെങ്കിലും, ഉള്ളിൽ ഒരു തുടിപ്പുണ്ടെങ്കിൽ പോലും, അദ്ദേഹത്തിനു മലമ്പുഴയെ മറക്കാൻ കഴിയില്ല.
മലമ്പുഴയ്ക്കു സഖാവിനെയും. 2001ലാണു വി.എസ്.അച്യുതാനന്ദൻ പാലക്കാട് മത്സരിക്കാനെത്തുന്നത്.
ക്ഷിപ്രകോപിയെന്നു കരുതിയിരുന്ന സഖാവ് റെയിൽവേ സ്റ്റേഷനിൽ വച്ച് എന്റെ കൈപിടിച്ചു. ഒന്നു ചിരിച്ചു.
പിന്നീട് സഖാവിനൊപ്പം ഏറെക്കാലം. 4 തവണ മലമ്പുഴയിൽ അദ്ദേഹം മത്സരിച്ചപ്പോഴും തിരഞ്ഞെടുപ്പിന്റെ പ്രധാന ഉത്തരവാദിത്തത്തിൽ ഞാനുണ്ട്.
വിഎസിനു മലമ്പുഴയുടെ മുക്കും മൂലയും അറിയുമോയെന്നു ചിലരെന്നോട് ആ സമയത്ത് കളിയാക്കി ചോദിക്കാറുണ്ട്. ‘മുക്കും മൂലയും അറിയുന്ന ഞാനുണ്ടാകുമ്പോൾ പിന്നെയെന്തിന് വിഎസ് അറിയണം’ എന്നു ഞാൻ തിരിച്ചു പറയും.ആദ്യ തിരഞ്ഞെടുപ്പിൽ പെരുവെമ്പിലെ ഒരു യോഗത്തിനെത്തിയ വിഎസ് ആരെയും നോക്കാതെ സ്റ്റേജിൽ കയറി രണ്ടുവാക്ക് സംസാരിച്ചു കാറിൽ കയറി.
കണ്ടാൽ മിണ്ടാത്ത സ്ഥാനാർഥിയെന്ന് ഇതിനോടകം എതിരാളികൾ പറഞ്ഞുതുടങ്ങിയതായി എനിക്കറിയാം.
‘‘കുട്ടികളോട് ചിരിക്കാനും അമ്മമാരോടു മിണ്ടാനും വിഎസിനോട് പറഞ്ഞൂടേ?’’– ഞാൻ ജില്ലാ സെക്രട്ടറി പി.ഉണ്ണി സഖാവിനോടു ചോദിച്ചു. മൂപ്പരോടു നേരിട്ട് ഇക്കാര്യം പറയാൻ മടി.
ഒടുവിൽ ഞാൻ തന്നെ മടിച്ചുമടിച്ചു പറഞ്ഞു. ചീത്തപറഞ്ഞ് കണ്ണുപൊട്ടിക്കുമെന്നാണു വിചാരിച്ചതെങ്കിലും എന്റെ മുഖത്തേക്കു കുറെ നേരം നോക്കി.
അടുത്ത തിരഞ്ഞെടുപ്പു യോഗത്തിൽ കസേരയിലിരിക്കുകയായിരുന്ന വിഎസ് തൊട്ടടുത്തിരുന്ന കുഞ്ഞിനെ മാടിവിളിച്ചു. കുട്ടി മൈൻഡ് ചെയ്യാത്തതോടെ നീട്ടി വിളിച്ചു – ‘‘ഏയ് കുഞ്ഞേ ഇവിടെ വരൂ…’’, നീട്ടിപ്പരത്തിയുള്ള വിളിയുടെ ശൈലികൊണ്ടാകണം കരഞ്ഞുകൊണ്ട് ഒറ്റയോട്ടമായിരുന്നു ആ കുട്ടി.
പക്ഷേ, വി.എസ് നിർത്തിയില്ല, ആളാകെ മാറി.
പിന്നീട് വിഎസിന്റെ ശൈലി കുട്ടികൾക്കു പോലും കാണാപ്പാഠമായി. ഇടയ്ക്കിടെ പലതും പറഞ്ഞു പിണങ്ങും. ഒരിക്കൽ എന്തോ വിഷയത്തിൽ എന്നോടു പിണങ്ങി.
കാറിന്റെ മുൻസീറ്റിലിരിക്കുകയായിരുന്ന എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി. ഒടുവിൽ ഞാൻ പറഞ്ഞു– ‘‘സഖാവേ, വണ്ടി നിർത്താൻ പറ, ഞാനിവിടെ ഇറങ്ങാം.’’ ഇതുകേട്ട് ഡ്രൈവർ നിർത്തിയെങ്കിലും വിഎസ് വണ്ടി വിട്ടോളാൻ പറഞ്ഞു.
വിഎസിന്റെ കാറിൽ നിന്നും മനസ്സിൽ നിന്നും എനിക്ക് ഇറങ്ങാൻ കഴിയില്ലെന്ന് അദ്ദേഹത്തിനറിയാം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെയാകുമ്പോൾ വിഎസിനു നല്ല തിരക്കാകും.
എന്നാലും, മണ്ഡലത്തിന്റെ വികസനകാര്യത്തിൽ വിട്ടുവീഴ്ചയില്ല. കൃത്യമായി ഫോളോഅപ് നടത്തും.
രണ്ടുതവണ മലമ്പുഴയിൽ ഞാൻ സ്ഥാനാർഥിയാകുമെന്നു ചുമരെഴുത്തുകൾ വന്നു. ആ രണ്ടു തവണയും വിഎസ് തന്നെയായി സ്ഥാനാർഥി.
എനിക്കും അറിയാമായിരുന്നു, ഞാനല്ല ഒടുവിൽ വിഎസ് തന്നെ വരുമെന്ന്. ആ തിരഞ്ഞെടുപ്പുകളിൽ ഒരു മടിയും കൂടാതെ വിഎസിനു വേണ്ടി പണിയെടുത്തു.
അദ്ദേഹത്തിന്റെ പിൻഗാമിയായി ഞാൻ വന്നപ്പോഴും വിഎസ് ആയിരുന്നെങ്കിൽ എന്തു തീരുമാനിക്കുമായിരുന്നോ, അങ്ങനെത്തന്നെ വേണമെന്നു നിർബന്ധം ഉണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]