
അടിമാലി ∙ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്ന പൊലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അടുത്ത നാളിൽ പുറത്തു നിന്നുള്ള ആളുകളെത്തി ആശുപത്രിയുടെ സുഗമമായ പ്രവർത്തനം തടസ്സപ്പെടുത്തുംവിധം പ്രശ്നങ്ങളുണ്ടാക്കുകയാണ്.
ഇത്തരം സന്ദർഭങ്ങളിൽ പൊലീസിന്റെ സേവനം ലഭിക്കാത്തത് പ്രശ്നമാകുന്നുണ്ട്. ഇതിനു പരിഹാരം കാണുന്നതിന് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം 24 മണിക്കൂറായി ഉയർത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.
ഒരു വർഷം മുൻപാണ് ജില്ലാ പൊലീസ് മേധാവി മുൻകൈ എടുത്ത് ആശുപത്രിയിൽ എയ്ഡ് പോസ്റ്റ് സൗകര്യം ഒരുക്കി നൽകിയത്.
രാത്രികാലങ്ങളിലും സാമൂഹിക വിരുദ്ധർ ആശുപത്രിയിൽ എത്തി ഡ്യൂട്ടിയിലുള്ള ഡോക്ടർമാരോടും ജീവനക്കാരോടും കയർത്തു സംസാരിക്കുന്നത് പലപ്പോഴും കയ്യാങ്കളിയിൽ എത്തിയിരുന്നു. ഇത്തരം പ്രവണത വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ആശുപത്രി അധികൃതർ പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യവുമായി ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നൽകിയത്.
തുടർന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ഇടപെട്ട് അത്യാഹിത വിഭാഗത്തിനു സമീപം എയ്ഡ് പോസ്റ്റിനുള്ള അനുബന്ധ സൗകര്യങ്ങൾ ഒരുക്കി നൽകുകയായിരുന്നു.
രാത്രികാലങ്ങളിലാണ് പൊലീസിന്റെ സേവനം എയ്ഡ് പോസ്റ്റിൽ ലഭ്യമായിരുന്നത്. ഇടക്കാലത്ത് ഇല്ലാതായി.
ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ രാത്രികാലങ്ങളിൽ ഇടയ്ക്കിടെ പൊലീസ് അധികൃതർ എത്തുന്നുണ്ട്. എന്നാൽ പകൽ സമയത്ത് വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ചേരിതിരിഞ്ഞ് ആശുപത്രിക്കുള്ളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി ആക്ഷേപം ഉയർന്നതോടെയാണ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം 24 മണിക്കൂറായി ഉയർത്തണം എന്ന ആവശ്യം ശക്തമാകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]