
ആലപ്പുഴ ∙ വസുമതി സിസ്റ്റർ വി.എസിനെ ആദ്യമായി അടുത്തു കണ്ടത് സ്വന്തം ജോലിക്കു ശുപാർശ തേടിയാണ്. ആലപ്പുഴ മുല്ലയ്ക്കലെ പാർട്ടി ഓഫിസിൽവച്ചു കൂട്ടുകാരി ലില്ലി (പിന്നീട് സിപിഎം നേതാവ് എൻ.പി.തണ്ടാരുടെ ഭാര്യ) വി.എസിനോടു കാര്യം പറയുമ്പോൾ വാതിലിനു പാതി മറഞ്ഞു നിൽക്കുകയായിരുന്നു വസുമതി.
നോക്കട്ടെ എന്നു മാത്രം വി.എസ് പറഞ്ഞു. പക്ഷേ, ശുപാർശ ചെയ്തില്ലെങ്കിലും പിൽക്കാലം ജീവിതത്തിൽ സ്ഥിരപ്പെടുത്തി.
ശുപാർശാ സന്ദർശനത്തിനു മുൻപു ‘പ്രസംഗിക്കുന്ന ജൂബാക്കാരനാ’യി വി.എസിനെ കണ്ടിട്ടുണ്ട്. അക്കാലത്തൊരിക്കൽ പാർട്ടിയിലെ മാർഗദർശിയായ ടി.കെ.രാമൻ വസുമതിയോടു ചോദിച്ചു: എങ്ങനെയുണ്ട് വി.എസിന്റെ പ്രസംഗം? വസുമതി ഒന്നും പറഞ്ഞില്ല.
ചോദ്യത്തിന്റെ അർഥം പിന്നീടാണു വസുമതിക്കു മനസ്സിലായത്. രാമനെപ്പോലുള്ള സഖാക്കൾ വസുമതിയെ വി.എസിനൊപ്പം ചേർത്തു സങ്കൽപിച്ചിരുന്നു.
‘‘ഏറ്റവും നല്ല കാലം, സന്തോഷകരമായ കുടുംബ ജീവിതം’’ – ദാമ്പത്യത്തിന് 50 വർഷം തികഞ്ഞപ്പോൾ വി.എസ് വിലയിരുത്തിയത് ഇങ്ങനെയാണ്.
ഭാര്യ കെ.വസുമതിക്കുള്ള ഫുൾ മാർക്കാണ്് ആ വാക്കുകൾ. അവസാന നാളുകൾ വരെ പത്രങ്ങൾ വായിച്ചുകൊടുത്ത, വരാന്തയിൽ പുറത്തേക്കു നോക്കിയുള്ള വി.എസിന്റെ ഇരിപ്പിൽ കൂട്ടായ വസുമതി സിസ്റ്റർ ആ ജീവിതത്തിൽ നിഴലും വെളിച്ചവുമായി കൂടെയുണ്ടായിരുന്നു.
പാർട്ടിക്കാർ വിളിക്കുന്നതു കേട്ടു വസുമതിയും ഭർത്താവിനെ വി.എസ് എന്നു വിളിച്ചു. വീട്ടിൽ അദ്ദേഹം സഖാവല്ല, സ്നേഹസമ്പന്നമായ കുടുംബനാഥനാണെന്ന് അവർ പറഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ തിരക്കുകൾ ഉള്ളപ്പോഴും വീട്ടിലെ ശൈലി മാറിയില്ല. ജീവിതത്തിന്റെ തുടക്കം മുതൽ നേരിട്ട
കൊടിയ കഷ്ടതകൾ രൂപപ്പെടുത്തിയ കർക്കശക്കാരന് ഏറെ വൈകിയാണു കുടുംബത്തിനൊപ്പം സന്തോഷിക്കാനായതെന്നും വസുമതി പറഞ്ഞിട്ടുണ്ട്.
പാർട്ടി പ്രവർത്തകയായിരുന്ന വസുമതി വിവാഹത്തിനു മുൻപേ വി.എസിന്റെ പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്. സെക്കന്തരാബാദിൽ വസുമതി നഴ്സിങ് ജോലി തുടങ്ങിയതിനു പിന്നാലെയായിരുന്നു വിവാഹം.
വി.എസിന്റെ ലക്ഷ്യങ്ങൾ എന്താണെന്ന് നന്നായി അറിയാവുന്നതിനാൽ, കാത്തിരിക്കുന്നതു സാധാരണ ദാമ്പത്യമല്ലെന്നും ബോധ്യമുണ്ടായിരുന്നു. വി.എസിന്റെ പോരാട്ടങ്ങൾ കണ്ടു വസുമതിയും പോരാളിയായിട്ടുണ്ട്.
‘ചന്ദനം ചാരിയാൽ ചന്ദനം മണക്കണമല്ലോ’ എന്നാണ് അവരതിനെപ്പറ്റി പറഞ്ഞത്. നഴ്സിങ് മേഖലയിൽ പല മാറ്റങ്ങളും വരുത്താൻ വി.എസിന്റെ പോരാട്ടങ്ങൾ പ്രചോദനമായിട്ടുണ്ട്.
14 മണിക്കൂർ ജോലി 8 മണിക്കൂറാക്കിയത് അതിലൊന്നാണെന്നു വസുമതി പറഞ്ഞിട്ടുണ്ട്.
രാഷ്ട്രീയവും അതിന്റെ പ്രശ്നങ്ങളും വീട്ടിൽ കൊണ്ടുവരാത്തയാളാണു വി.എസെന്നാണു വസുമതിയുടെ അനുഭവം. രാഷ്ട്രീയവും കുടുംബവും തമ്മിൽ കലരാറില്ല.
തോൽവികളും തിരിച്ചടികളും വിവാദങ്ങളും വി.എസിനെ ബാധിക്കാറില്ലെന്നാണു വീട്ടിലെ അനുഭവം. വീട്ടുകാർ അതൊന്നും അന്വേഷിക്കാറുമില്ല.
1996ൽ മാരാരിക്കുളത്തു തോറ്റ ദിവസം വീട്ടിൽ കണ്ട വി.എസിനെ ആശ്ചര്യത്തോടെയാണു വസുമതിയും മക്കളും കണ്ടത്.
വോട്ടെണ്ണൽ കഴിഞ്ഞു സ്ഥാനാർഥിയുടെ ഒപ്പിട്ടു വി.എസ് പുലർച്ചെ വീട്ടിലെത്തി. അന്തംവിട്ടിരിക്കുന്ന വീട്ടുകാർക്കിടയിലൂടെ വി.എസ് ഉറങ്ങാൻ പോയി.
കുറച്ചു കഴിഞ്ഞു മാധ്യമപ്രവർത്തകരോടു സംസാരിച്ചു. പിന്നെ തിരുവനന്തപുരത്ത് എകെജി സെന്ററിലേക്കു പോയി.
അന്നു വീട്ടിലുണ്ടായിരുന്ന തന്റെ വയോധികയായ അമ്മയോടു വസുമതി മടിച്ചു മടിച്ചു തോൽവിയുടെ വാർത്ത പറഞ്ഞു. വി.എസിനെ സ്വന്തം മകനായി സ്നേഹിച്ചിരുന്ന അമ്മയുടെ മറുപടി: അവൻ ജയിച്ചോളും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]