
ആലപ്പുഴ ∙ അടുത്ത കാലത്തു രണ്ടു സന്ദർഭങ്ങളിൽ വി.എസിനെച്ചൊല്ലി സിപിഎം വെട്ടിലായിട്ടുണ്ട്. ആദ്യം 2006ൽ വിഎസിനു നിയമസഭാ സീറ്റ് നിഷേധിച്ചപ്പോൾ.
പിന്നെ 2015ൽ ആലപ്പുഴയിലെ സംസ്ഥാന സമ്മേളനത്തിൽനിന്നു വിഎസ് ഇറങ്ങിപ്പോയപ്പോൾ. ആദ്യത്തേതിൽ വി.എസ് നേരിട്ടു പങ്കെടുത്തില്ല.
പക്ഷേ, സംസ്ഥാന സമ്മേളനവേദിയിൽനിന്നു പുന്നപ്രയിലെ വീട്ടിലേക്കുള്ള വിഎസിന്റെ പോക്കും കതകടച്ചുള്ള ഇരിപ്പും ചരിത്രത്തിലെ അപൂർവ പ്രതിസന്ധിയിലാണു പാർട്ടിയെ എത്തിച്ചത്. ഒരുപക്ഷേ, വി.എസ് ഏറ്റവും ഹൃദയഭാരം അനുഭവിച്ചത് ആ പോക്കിലാവും.
61 വർഷം മുൻപു വിഎസിന്റെ മറ്റൊരു ഇറങ്ങിപ്പോക്ക് സിപിഎം എന്ന പാർട്ടി സൃഷ്ടിക്കാനായിരുന്നു.
1964 ഏപ്രിൽ 11നു സിപിഐ ദേശീയ സമിതിയിൽനിന്നു വി.എസ് ഉൾപ്പെടെ 32 പേർ ഇറങ്ങിപ്പോയപ്പോഴാണു സിപിഎം പിറന്നത്. 50 വർഷം കഴിഞ്ഞപ്പോഴാണ് ആലപ്പുഴ സമ്മേളനത്തിൽ തനിക്കു നേരെ വന്ന വിമർശനക്കൂരമ്പുകൾക്കിടയിലൂടെ വി.എസ് പുറത്തേക്കു നടന്നത്.
2015 ഏപ്രിൽ 21ന് ആണു പാർട്ടി നേതൃത്വത്തെ അമ്പരപ്പിച്ച വി.എസിന്റെ ഇറങ്ങിപ്പോക്ക്. സംസ്ഥാന നേതൃത്വത്തിനെതിരെ താൻ പൊളിറ്റ് ബ്യൂറോയ്ക്കു നൽകിയ കത്ത് ചർച്ച ചെയ്യുന്നതിനു മുൻപു സംസ്ഥാന സെക്രട്ടേറിയറ്റ് തനിക്കെതിരെ പ്രമേയം പാസാക്കി മാധ്യമങ്ങൾക്കു നൽകിയതു സംഘടനാ രീതിയല്ലെന്ന നിലപാടിലായിരുന്നു ആ മടക്കം.
ദേശീയ നേതാക്കൾ വരെ മയപ്പെടുത്താൻ ശ്രമിച്ചിട്ടും വി.എസ് ഉരുക്കുപോലെ നിന്നു.
ആലപ്പുഴ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിനെതിരെ വിഎസ് കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്കു നൽകിയ വിയോജനക്കുറിപ്പ് ‘മലയാള മനോരമ’ പ്രസിദ്ധീകരിച്ചതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പരസ്യ പ്രമേയം. ഏറ്റവും വിവാദമായ ഭാഗം ഇങ്ങനെ: ‘‘വിഭാഗീയ ഉദ്ദേശ്യത്തോടെ ആരോപണങ്ങൾ ഉന്നയിക്കുന്നതു വി.എസ് തുടരുന്നു എന്നതാണ് ഈ രേഖയിലൂടെ വ്യക്തമാകുന്നത്.
(ടി.പി.) ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ടു പാർട്ടി നേരത്തെ നിലപാടു വ്യക്തമാക്കിയതാണ്. പാർട്ടി അംഗീകരിച്ച പൊതു നിലപാടിൽ നിന്നു വ്യത്യസ്തമായ പരസ്യ പ്രസ്താവനകൾ വിഎസിന്റെ ഭാഗത്തു നിന്നുണ്ടായതാണ്.
അതേ നിലപാടു തുടരുകയും പാർട്ടിയിൽ ഫാഷിസ്റ്റ് മനോഭാവം ആരോപിക്കുകയും ചെയ്യുന്ന പാർട്ടിവിരുദ്ധ മാനസികാവസ്ഥയിലേക്കു വി.എസ് തരംതാണിരിക്കുന്നു.’’
പൊതുചർച്ച തുടങ്ങി 2 മണിക്കൂറിനുള്ളിലാണ് അന്നു വി.എസ് വേദി വിട്ടത്. പ്രതിനിധികൾ തനിക്കു നേരെ വിരൽ ചൂണ്ടുന്നതു നോക്കിയിരുന്ന വിഎസ് അത് ഏറെനേരം കേട്ടിരിക്കാൻ തുനിഞ്ഞില്ല.
അപ്പോഴേക്കും ചർച്ചയിൽ പങ്കെടുത്ത ആറിൽ അഞ്ചുപേരും കടന്നാക്രമിക്കുന്നതു വിഎസ് കണ്ടു. അക്കൂട്ടത്തിൽ ഒരു കാലത്ത് ഒപ്പം നിന്നവരുമുണ്ടായിരുന്നു.
മുൻ സമ്മേളനങ്ങളിലെ ആക്രമണം ആലപ്പുഴയിലും തുടരുന്നത് അദ്ദേഹം തിരിച്ചറിഞ്ഞു. ‘പോകുകയാണ്’ എന്ന് അടുത്തിരുന്ന പ്രകാശ് കാരാട്ടിനോടു മാത്രം പറഞ്ഞു.
പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു മീതെ ചാഞ്ഞാൽ വെട്ടണമെന്നു ചർച്ചയിൽ ചിലർ ശിക്ഷ നിർദേശിച്ചു.
സംസ്ഥാന കമ്മിറ്റിയിൽനിന്നു വിഎസിനെ ഒഴിവാക്കാനുള്ള നീക്കം പ്രകടമായിരുന്നു. കേട്ടിരിക്കാനാകാതെ വി.എസ് ഇറങ്ങുമ്പോൾ സമ്മേളന വേദി അൽപനേരം മൂകമായി.
പിന്നെ വിമർശനങ്ങളും ചർച്ചകളും തുടർന്നു. പ്രതിപക്ഷ നേതാവിന്റെ 77ാം നമ്പർ സ്റ്റേറ്റ് കാർ വേലിക്കകത്തു വീട്ടിലേക്കു കുതിച്ചപ്പോൾ മാധ്യമസംഘം പിന്നാലെ ചെന്നു.
വിഎസ് വീട്ടിൽ കയറി കതകടച്ചു. പുറത്ത് ഗേറ്റിനു പൂട്ടു വീണു.
അൽപനേരം ടിവി കണ്ട ശേഷം ഭക്ഷണം കഴിച്ചു വി.എസ് ഉറങ്ങാൻ കിടക്കുമ്പോൾ നെഞ്ചിൽ വീണ കനലുമായി നിൽക്കുകയായിരുന്നു പാർട്ടി.
വീട്ടിലെത്തി മുറിക്കുള്ളിൽ തന്നെയിരുന്ന വി.എസ് ആരെയും അകത്തേക്കു കടത്തിയില്ല.
മുതിർന്ന നേതാക്കൾ വിളിച്ചു മടങ്ങിയെത്താൻ അഭ്യർഥിച്ചെങ്കിലും വി.എസ് ചലിച്ചില്ല. അപ്പോഴേക്കും വേലിക്കകത്തു വീടിനു മുന്നിൽ അനുയായികൾ മുദ്രാവാക്യം വിളി തുടങ്ങിയിരുന്നു. കാര്യങ്ങൾ കൈവിട്ടു പോകുമെന്നു നേതാക്കൾ തിരിച്ചറിഞ്ഞു.
കൂടുതൽ നേതാക്കൾ അനുരഞ്ജനത്തിനു ശ്രമിച്ചെങ്കിലും വി.എസ് അയഞ്ഞില്ല. പുറത്തു മാധ്യമപ്രവർത്തകരും പാർട്ടി പ്രവർത്തകരും മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും വി.എസ് വാതിൽ തുറന്നില്ല.
അനുനയ ഫോൺ വിളികളോടും വാശി തുടർന്നു.
വൈകിട്ടു വി.എസ് പത്രസമ്മേളനം നടത്തുമെന്നു പ്രചാരണമുണ്ടായതോടെ നേതാക്കൾ വീണ്ടും ഉണർന്നു. സമ്മേളനത്തിലേക്കു തിരിച്ചെത്തണമെന്ന ആവശ്യം നിരസിച്ച വി.എസിനോടു ദേശീയ നേതാക്കൾ വീണ്ടും സംസാരിച്ചു.
അതുകൊണ്ടാകാം, പത്രസമ്മേളനം ഉണ്ടായില്ല. തനിക്കെതിരായ പ്രമേയത്തിന്റെ പേരിൽ തലേന്ന് അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ വി.എസ് ആഞ്ഞടിച്ചിരുന്നു.
വി.എസ് പാർട്ടിവിരുദ്ധ മാനസികാവസ്ഥയിൽ എത്തിയിരിക്കുന്നു എന്ന് ആരോപിച്ച സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയെ അദ്ദേഹം പരസ്യമായി തള്ളിപ്പറഞ്ഞു. സിപിഎം സ്ഥാപകരിൽ ഒരാളായ വിഎസിനെ പാർട്ടി പുറത്താക്കുകയോ വി.എസ് പാർട്ടി വിടുകയോ ചെയ്യുമെന്നു വരെ അഭ്യൂഹങ്ങൾ പടർന്ന മണിക്കൂറുകളായിരുന്നു അത്.
പക്ഷേ, രണ്ടുമുണ്ടായില്ല. ഇതൊക്കെ നല്ലതുപോലെ കൈകാര്യം ചെയ്യാൻ പാർട്ടിക്കറിയാം എന്നായിരുന്നു പുതിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. വിട്ടുവീഴ്ചയില്ലെന്നു തന്നെയായിരുന്നു ധ്വനി.
പക്ഷേ, കടുത്തതൊന്നും പാർട്ടി ചെയ്തില്ല.
മുൻപു വിഎസിനു സീറ്റ് നിഷേധിച്ചപ്പോൾ സംസ്ഥാനത്താകെ അദ്ദേഹത്തിനു വേണ്ടി നടന്നതുപോലുള്ള പ്രകടനങ്ങൾ സമ്മേളന ബഹിഷ്കരണത്തിനു പിന്നാലെയും ഉണ്ടായി. പലയിടത്തും വി.എസ് അനുകൂല പോസ്റ്ററുകൾ പതിഞ്ഞു.
പരസ്യ പ്രതികരണങ്ങളും പ്രതിഷേധങ്ങളും തടയാൻ പാർട്ടി കരുതലെടുത്തിട്ടും വിഎസിനു വേണ്ടിയുള്ള പ്രവർത്തകരുടെ വികാരപ്രകടനങ്ങൾ സമ്മേളനവേദിക്കു സമീപം പോലുമുണ്ടായി. വിഎസിനൊപ്പം പ്രവർത്തകർ കൂട്ടത്തോടെ പോകുന്നതു തടയാൻ 5000 പേരെ വിന്യസിച്ചിരുന്നെന്നാണ് ഒരു മുതിർന്ന നേതാവ് പറഞ്ഞത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]