
ഷൊർണൂർ ∙ ഒരു റോഡ് നവീകരിച്ചു കിട്ടാൻ ഷൊർണൂരുകാർ കയറിയിറങ്ങാത്ത ഓഫിസുകളില്ല, കൊടുക്കാത്ത പരാതികളില്ല, ചെയ്യാത്ത സമരങ്ങളില്ല. കുളപ്പുള്ളി മുതൽ ഷൊർണൂർ വരെയുള്ള റോഡ് നവീകരിക്കുന്നതിനായി ജനങ്ങൾ കാത്തിരുന്നു മടുത്തു.
ഓരോ മഴക്കാലത്തും റോഡ് ചെളിക്കുളമാണ്. ഒട്ടേറെ പേർ പരാതി നൽകിയിട്ടും പൊതുമരാമത്ത് വകുപ്പ് മെല്ലെപ്പോക്കു നയം തുടരുകയാണ്. കുളപ്പുള്ളി – തൃശൂർ സംസ്ഥാനപാതയിൽ കുളപ്പുള്ളി മുതൽ പൊതുവാൾ ജംക്ഷൻ വരെയുള്ള തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്നാണ് ആവശ്യം.
മാസങ്ങൾക്കു മുൻപാണ് കൊച്ചിപ്പാലം മുതൽ എസ്എംപി വരെയുള്ള റോഡ് നവീകരണം പൂർത്തിയാക്കിയത്.
ഇതിനിടയിൽ തകർന്ന ഭാഗങ്ങളിൽ പല തവണകളായി താൽക്കാലികമായി കുഴിയടയ്ക്കുക മാത്രമാണു ചെയ്തത്. മഴയുള്ളതു കൊണ്ടാണ് നവീകരണം വൈകുന്നത് എന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ പതിവായുള്ള മറുപടി.
ഷൊർണൂരിലെ പ്രധാന റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും ഭരണപക്ഷവും വരെ മുൻകാലങ്ങളിൽ സമരരംഗത്ത് ഇറങ്ങിയിരുന്നു.
പാലക്കാട് – കുളപ്പുള്ളി പാതയിൽ അപകടങ്ങൾ വർധിക്കുന്നതിന്റെ ഒരു പ്രധാന കാരണം തകർന്ന റോഡുകളാണെന്നാണു ബസുടമകൾ പറയുന്നത്. കൃത്യമായ സമയത്തിന് ഓടിയെത്താൻ കഴിയാതെ സ്വകാര്യ ബസുകൾ പ്രതിസന്ധിയിലാവുകയാണ്.
ഒറ്റപ്പാലം – തൃശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾക്കു കൊച്ചിപ്പാലം മുതൽ കുളപ്പുള്ളി വരെ 15 മിനിറ്റോളം സമയനഷ്ടം ഉണ്ടാകുന്നു. ഈ ബസുകൾ കുളപ്പുള്ളിയിൽ നിന്ന് ഒറ്റപ്പാലത്തേക്കു പോകുമ്പോൾ ഈ സമയനഷ്ടം നികത്താൻ ശ്രമിക്കുമ്പോഴാണ് അപകടങ്ങളുണ്ടാകുന്നത്.
പാലക്കാട് – ഗുരുവായൂർ റൂട്ടിലോടുന്ന ബസുകൾക്ക് പട്ടാമ്പി മുതൽ കുളപ്പുള്ളി വരെയുള്ള ഭാഗങ്ങളിൽ തകർന്ന റോഡിൽ സമയനഷ്ടമുണ്ടാകുന്നു.
കുളപ്പുള്ളിയിൽ നിന്നു പാലക്കാട്ടേക്കുള്ള യാത്രയിൽ ഇവരും സമയനഷ്ടം നികത്താൻ ശ്രമിക്കുമ്പോഴാണ് മത്സരയോട്ടവും അപകടങ്ങളും ഉണ്ടാകുന്നതെന്നു ബസ് ഉടമ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. റോഡുകൾ നവീകരിക്കാതെ സ്വകാര്യ ബസുകളുടെ മേൽ കുറ്റമാരോപിക്കുന്നതു ശരിയല്ലെന്നും ബസുടമകൾ പറഞ്ഞു.
ബിജെപി മാർച്ച് നടത്തും
ഷൊർണൂർ ∙ കുളപ്പുള്ളി മുതൽ ഷൊർണൂർ വരെയുള്ള റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി ഷൊർണൂർ മണ്ഡലം കമ്മിറ്റി ഇന്നു പൊതുമരാമത്ത് ഓഫിസിലേക്കു മാർച്ച് നടത്തും.
ബിജെപി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് ഉദ്ഘാടനം ചെയ്യും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]