
ജനസംഖ്യയുടെ 65 ശതമാനവും 35 വയസ്സിനു താഴെയുള്ള ഇന്ത്യയുടെ, വലിയ തുറുപ്പുചീട്ട് ലോകത്തിലെ തന്നെ ഏറ്റവും ചെറുപ്പക്കാരായ തൊഴിൽശക്തിയാണ്. പക്ഷേ, നൈപുണ്യമുള്ള, ഉൽപാദനക്ഷമമായ, ഭാവിയിലെ മാറ്റങ്ങൾക്ക് അനുസൃതമായ വരുമാനമാർഗങ്ങളിലേക്ക് ഇവരെ വഴിതിരിച്ചുവിട്ടെങ്കിൽ മാത്രമേ ഇന്ത്യയ്ക്ക് ഈ ജനസംഖ്യാപരമായ നേട്ടത്തിന്റെ പ്രയോജനം പൂർണതോതിൽ ലഭിക്കുകയുള്ളു.
ഇന്ത്യ സ്കിൽസ് റിപ്പോർട്ട്–2025 പ്രകാരം ഓരോ വർഷവും 1.2 കോടിയിലേറെ ഇന്ത്യക്കാരാണ് തൊഴിൽ വിപണിയിലേക്കു പ്രവേശിക്കുന്നതെങ്കിലും ഇതിൽ തൊഴിൽ ചെയ്യാൻ യോഗ്യതയുള്ളത് 55 ശതമാനത്തിനു താഴെ മാത്രമാണ്.
കോളജ് ബിരുദധാരികൾക്കിടയിൽപോലും യോഗ്യതയും ശേഷിയും തമ്മിലുള്ള അന്തരമേറിവരികയാണ്. ഇതിന്റെ അനന്തരഫലമായി, ഉയർന്ന ആഗ്രഹങ്ങൾക്കും ചുരുങ്ങുന്ന അവസരങ്ങൾക്കുമിടയിൽ കുടുങ്ങിപ്പോകുന്ന ഒരു തൊഴിൽശക്തിയാണുണ്ടാവുക.
ജനറേറ്റീവ് എഐ പരമ്പരാഗത ജോലികളുടെ നിർവചനം തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്.
മധ്യനിരവരെയുള്ള ബാങ്കിങ് ജോലികൾ, ഡേറ്റ പ്രോസസിങ്, ഡിസൈൻ, കസ്റ്റമർ സപ്പോർട്ട് തുടങ്ങിയ ജോലികളൊക്കെ വൈകാതെ ഓട്ടമേറ്റഡായി മാറും. ഇതു തൊഴിൽ മേഖലയിലെ ഒരു ഭീഷണി മാത്രമല്ല, ഒരു തൊഴിൽ പരിണാമം കൂടിയാണ്.
ഇതിനെ അവസരങ്ങളാക്കി മാറ്റാനാകണം. പുതിയ മാറ്റങ്ങൾക്കനുസരിച്ച് മാറാത്തവർക്ക് അവസരങ്ങളില്ലാതാകും.
രാജ്യത്തെ മധ്യവർഗത്തെ, പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ ആദ്യതലമുറാ വരുമാനക്കാരെയാണ് ഈ മാറ്റം കൂടുതലായി ബാധിക്കുക.
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും വലിയ തൊഴിൽ പരിചയവുമില്ലാത്ത ഇവരുടെ ജോലികളാകാം ഏറ്റവുമധികം എഐ ടൂളുകളാൽ ഓട്ടമേറ്റ് ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ നൈപുണ്യചർച്ചകൾ ഔപചാരിക ‘ട്രെയ്നിങ്ങിന്’ അപ്പുറത്തേക്ക് പോകണം.
ഇത് ഒരേസമയം രണ്ടു സുപ്രധാന കാര്യങ്ങളെയാണ് അഭിസംബോധന ചെയ്യേണ്ടത്. ഇന്നിന്റെ നൈപുണ്യ വിടവു നികത്തണം. നാളത്തെ തൊഴിൽ മോഡലുകൾ മുൻകൂട്ടിക്കാണണം.
ഒട്ടേറെ വ്യവസായ മേഖലയ്ക്ക് ഇപ്പോൾതന്നെ വിദഗ്ധ തൊഴിലാളികളുടെ കുറവുണ്ട്.
ഗതാഗത, ലോജിസ്റ്റിക്സ് മേഖലയിൽ 22 ലക്ഷം ഡ്രൈവർമാരുടെ കുറവുണ്ട്. ആരോഗ്യമേഖലയിൽ 24 ലക്ഷം നഴ്സുമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും ആവശ്യം നിലനിൽക്കുന്നു.
നിർമാണ മേഖലയ്ക്ക് പ്രതിവർഷം 10 ലക്ഷം തൊഴിലാളികളെ ആവശ്യമാണ്. റീട്ടെയ്ൽ, ഇ–കൊമേഴ്സ്, ഫിനാൻഷ്യൽ സർവീസ് തുടങ്ങിയ മേഖലകൾക്ക് 2030 ആകുമ്പോഴേക്കും ഒരുകോടിയിലേറെ ഡിജിറ്റൽ അവബോധമുള്ള തൊഴിലാളികളെ വേണ്ടിവരും.
‘ഗ്രീൻ ജോബു’കളും അനുദിനം വളരുകയാണ്. എന്നാൽ, സോളർ, ഇവി, ഗ്രീൻ എനർജി മേഖലയിൽ പരിശീലനം ലഭിച്ചവരുടെ കുറവുണ്ട്.
ഇത് ഭാവിയിലെ കാര്യമല്ല, ഇപ്പോഴത്തെ ആവശ്യങ്ങളാണ്. ഇവ പരിഹരിച്ചില്ലെങ്കിൽ ഇന്ത്യയുടെ വളർച്ചാസാധ്യതകൾക്കു തടസ്സമാകും.
പിഎംകെവിവൈ, ഡിഡിയു–ജികെവൈ, സ്കിൽ ഇന്ത്യ മിഷൻ തുടങ്ങിയ പദ്ധതികളിലൂടെ സർക്കാർ ഇതിനോടകം 1.5 കോടിയിലേറെപ്പേർക്കു പരിശീലനം നൽകിയിട്ടുണ്ട്.
തൊഴിലധിഷ്ഠിത അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനായി 60,000 കോടിയുടെ ഐടിഐ നവീകരണവും ലക്ഷ്യമിടുന്നുണ്ട്. വരാനിരിക്കുന്ന ദേശീയ നൈപുണ്യ നയം വ്യവസായ മേഖലയിലെ ആവശ്യങ്ങൾക്ക് അനുസൃതമായ പഠനരീതികളെ പ്രോത്സാഹിപ്പിക്കുന്നതാണ്.
സാധ്യതകൾക്കൊപ്പം വെല്ലുവിളികളുമുണ്ട്.
പല പരിശീലന പരിപാടികളും ക്ലാസ്റൂമിലൊതുങ്ങുന്നതും ഇൻഡസ്ട്രിയുടെ ആവശ്യങ്ങളോടു പൊരുത്തപ്പെടാത്തതുമാണ്. എഐ പോലുള്ള ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഇപ്പോഴും ഇവയിൽ പൂർണമായി ഉൾപ്പെടുത്തിയിട്ടില്ല.
ഗ്രാമങ്ങളിലെയും ചെറുപട്ടണങ്ങളിലെയും കുടുംബങ്ങൾക്ക് നൈപുണ്യവികസനമെന്നത് കൃത്യമായ വരുമാനം ലഭിക്കുന്ന ജോലിതന്നെയാണിപ്പോഴും.
ഇന്ത്യയ്ക്കു വേണ്ടത് സമഗ്രമായ, ജനകേന്ദ്രീകൃതമായ നൈപുണ്യവികസന ആവാസവ്യവസ്ഥയാണ്. ഇത് പ്രാദേശിക കേന്ദ്രീകൃതവും ഡിജിറ്റൽ വിടവുകൾ ഇല്ലാതാക്കുന്നതുമാകണം.
ഇന്ത്യയുടെ നൈപുണ്യ വിപ്ലവം ഇപ്പോഴത്തെ നിലയിൽ നിന്ന് കൂടുതൽ ഗുണനിലവാരത്തിലേക്കു മാറ്റേണ്ടിയിരിക്കുന്നു. സർട്ടിഫിക്കറ്റുകളിൽ നിന്ന് തൊഴിലിനാവശ്യമായ കഴിവുകളിലേക്കുള്ള മാറ്റം.
തൊഴിൽ ലഭ്യത, തൊഴിൽ സ്ഥിരത, വരുമാന വർധന, പുതുസംരംഭങ്ങൾ എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ടുള്ളതുമാകണം. ഇതു സർക്കാരിന്റെ മാത്രം ദൗത്യമല്ല.
രാജ്യത്തെ കോർപറേറ്റുകൾ ഇന്റേൺഷിപ് പ്രോഗ്രാമുകളും മറ്റുമായി ഈ ദൗത്യത്തെ വിജയിപ്പിക്കണം. ഹരിത ഊർജം, ലോജിസ്റ്റിക്സ്, ഇ–കൊമേഴ്സ്, ഹോസ്പിറ്റാലിറ്റി, ആരോഗ്യസംരക്ഷണം, സാമ്പത്തിക സേവനങ്ങൾ തുടങ്ങി ഭാവിയിൽ വലിയ സാധ്യതയുള്ള മേഖലകൾക്കനുസൃതമായ നൈപുണ്യ അവസരങ്ങളാണ് ഇനി തേടേണ്ടത്.
ഇന്ത്യയിലെ ജോലിയുടെ ഭാവി പാരമ്പര്യമായി ലഭിക്കുന്നതല്ല, അതു നിർമിക്കപ്പെടണം. നൈപുണ്യ വികസനത്തിനായി സർക്കാരും വ്യവസായമേഖലയും ജനങ്ങളും ഒന്നിച്ചു പ്രവർത്തിക്കണം.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സിഐ) ദക്ഷിണമേഖലാ ചെയർമാനും മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡിന്റെ ചെയർമാനുമാണു ലേഖകൻ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]