
അവസാനത്തെ കമ്യൂണിസ്റ്റ് എന്ന വിശേഷണത്തില്‍ ഒരു പൂര്‍ണ്ണ വിരാമമുണ്ട്. ഇനിയില്ല എന്ന ഒരര്‍ത്ഥം.
കാലങ്ങളിലേക്ക് പുഴപോലെ ഒഴുകുന്ന ഒരു പ്രത്യയശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം അസംബന്ധമാണ് അത്തരം വിശേഷണം. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണെന്ന് പറഞ്ഞ മാര്‍ക്സിന്റെ ആശയം കടമെടുത്താല്‍, ഓരോ കാലത്തിനുമനുസരിച്ച് മാറുന്ന, മാറേണ്ട
ഒന്നാണ് പാര്‍ട്ടി. കമ്യൂണിസത്തിനുണ്ടാവുന്ന മാറ്റം പോലെ, കമ്യൂണിസ്റ്റുകാരനും മാറുന്നുണ്ട് എന്നര്‍ത്ഥം.
ഈ പശ്ചാത്തലത്തില്‍ വേണം, വി എസ് അച്യുതാനന്ദനെന്ന വന്മരത്തെ അവസാനത്തെ കമ്യൂണിസ്റ്റ് എന്ന വിശേഷിപ്പിക്കുന്ന കാര്യം മനസ്സിലാക്കാന്‍. ആദ്യം ചൂണ്ടിക്കാട്ടിയ പുഴ എന്ന ഉപമ എടുത്താല്‍ ഇക്കാര്യം കൂടുതല്‍ മനസ്സിലാവും.
ഒരു പുഴയിലും നമുക്ക് രണ്ടാമത് കാലെടുത്തുവെയ്ക്കാന് പറ്റില്ല. കെട്ടിനില്‍ക്കുന്ന ജലാശയമല്ല, ഒഴുക്കാണ് പുഴ.
ഇപ്പോള്‍ നാം കാല് വെക്കുന്ന വെള്ളമാവില്ല, അടുത്ത നിമിഷം പുഴയിലുണ്ടാവുക. ആ വെള്ളം ഒഴുകിപ്പോയിരിക്കും.
എന്നാല്‍, പുഴയെന്ന ഒഴുക്ക് കാലങ്ങളിലേക്ക് തുളുമ്പിപ്പരക്കുക തന്നെ ചെയ്യും. പാര്‍ട്ടിയെ പുഴയുമായി താരതമ്യപ്പെടുത്തി ആലോചിച്ചു നോക്കൂ, ഇന്നത്തെ പാര്‍ട്ടിയാവില്ല നാളെ.
ഇന്നലത്തെയല്ല ഇന്ന്. വി എസ് അച്യുതാനന്ദന് എന്ന കമ്യൂണിസ്റ്റ് കാല് കുത്തിയ പാര്ട്ടിപ്പുഴ ഒഴുകിയൊഴുകി ഇന്നിലേക്ക് എത്തിയിരിക്കുന്നു.
പാര്‍ട്ടിയ്ക്ക് അടിത്തറ പാകിയവരിലൊരാള്, നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ ഒരാള്‍ പതിറ്റാണ്ടുകള്‍ പിന്നിട്ട് തിരിഞ്ഞുനോക്കുമ്പോള്‍ അറിയുന്നു, ആ കാലം ഇന്നില്ല, അന്ന് കൂടെയുണ്ടായിരുന്ന മഹാമനുഷ്യര് ഒപ്പമില്ല, അവരെല്ലാം കാലത്തിനപ്പുറത്തേക്ക് ഒഴുകിപ്പോയിരിക്കുന്നു. താന്‍ മാത്രം ബാക്കിയായിരിക്കുന്നു.
ആ അറിവാണ്, കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ നിരന്തരം ഓര്‍മ്മപ്പെടുത്തിയും പാര്‍ട്ടി പതിക്കാവുന്ന വലതുപക്ഷ പാതകള്‍ ചൂണ്ടിക്കാട്ടിയും പാര്‍ട്ടിക്കുള്ളില്‍ വലിയ സമരമുഖങ്ങള്‍ തുറക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സോഷ്യല്‍ ഡെമോക്രസിയുടെ പുതിയ കാലം കമ്യൂണിസ്റ്റ് എന്ന വാക്കിനു നല്കുന്ന അര്‍ത്ഥം തികച്ചും മറ്റൊന്നാണ് എന്ന തിരിച്ചറിവു കൂടി ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പുകള്‍ക്ക്.
ആ മുന്നറിയിപ്പുകളുടെ മുനമ്പില്‍നിന്ന് പരിശോധിക്കുമ്പോള്‍ നമുക്കറിയാം, കമ്യൂണിസ്റ്റ് എന്ന വാക്ക് ലക്ഷ്യംവെയ്ക്കുന്ന ധാര്‍മ്മിക ശേഷിയുടെ വിധ്വംസക ഇടത്ത് ബാക്കിയായ അവസാനത്തെ കമ്യൂണിസ്റ്റ് തന്നെയായിരുന്നു വി എസ് എന്ന്. പൂര്‍ണ്ണ വിരാമം എന്ന അര്‍ത്ഥത്തില്‍ അസംബന്ധമായി തോന്നാവുന്ന ഒരു വിശേഷണം, ചരിത്രപരമായ വിചിന്തനത്തില്‍ അസംബന്ധമല്ലാതായി മാറുന്നത് ഇവിടെ തിരിച്ചറിയാം.
1938ല്‍ തൊഴിലാളി യൂണിയന് പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതോടെയാണ് വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് എന്ന പ്രാരബ്ധക്കാരന്റെ രാഷ്ട്രീയജീവിതം സമാരംഭിക്കുന്നത്. കുടുംബത്തിന് വേണ്ടി ഏഴാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചായിരുന്നു വിഎസ് സഹോദരന്റെ തുണിക്കടയില്‍ ജോലിക്കെത്തിയത്.
തൊഴിലും തൊഴിലാളികളെയും അറിഞ്ഞ് യൂണിയന് പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാന കോണ്‍ഗ്രസില്‍ ചേര്‍ന്നു. കുട്ടനാട്ടിലെ കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്ന് സംഘടിത കാര്‍ഷികരീതി പഠിപ്പിക്കാനും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും ആരംഭിച്ചു.
1940ല്‍ ആലപ്പുഴയിലെ ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായ ശേഷമായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. പി കൃഷ്ണപിള്ളയുടെ സ്വാധീനത്തിലായിരുന്നു വിഎസും പാര്‍ട്ടിയിലേക്കെത്തിയത്.
അവകാശങ്ങള്‍ നേടിയെടുക്കാന്‍ കര്‍ഷകരെ സംഘടിപ്പിക്കുകയും അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ്, കുട്ടനാട്ടില്‍ പുതിയ സമരപോരാട്ടത്തിന് വിഎസ് വിത്തിട്ടു. ഏറെ മുമ്പുള്ള ചരിത്രം പറഞ്ഞ് വിഎസിന് പിന്നാലെ നടത്തുന്നത് അപക്വമായേക്കാം.
പക്ഷേ അദ്ദേഹത്തിന്റെ ജീവിതം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്് മാറ്റിനിര്‍ത്താനാകാത്ത ചരിത്രമാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം പഠിക്കുന്നതിന് മുമ്പ് വിഎസിനെയും പഠിക്കണം എന്നുപറയാറുണ്ട്.
വാര്‍ധക്യം തൊണ്ണൂറുകളുടെ ആലസ്യം കാണിച്ചപ്പോഴും ഒരു പാഠപുസ്തകമെന്നോണം ഞാനിവിടെയുണ്ടെന്ന് ഉറക്കെപറഞ്ഞ് മുഷ്ടി ഉയര്‍ത്തിയിരുന്നു വിഎസ്. ശരീരം മനസിനെ കീഴ്പ്പെടുത്താന്‍ തുടങ്ങിയപ്പോഴും സമരവീഥിയില്‍ ഇടറാത്ത ആ ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു.
അതെ, അവസാനത്തെ സഖാവിന്റെറ ശബ്ദം. അങ്ങനെയൊരു വിശേഷണം അതിശയോക്തിയോ അമിതാലങ്കാരമോ അല്ല.
അതിനൊരു കാരണമുണ്ട്. ഇന്ത്യയിലെ ജീവിച്ചിരുന്ന ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായിരുന്നു വിഎസ്.
95 -ന്റെ നിറവില്‍ ജന്മദിനം ആഘോഷിച്ച ശേഷവും പല പൊതുവേദികളിലും വിഎസിന്റെ സാന്നിധ്യമുണ്ടായിരുന്നു. മറ്റൊരു ചരിത്രപരമായ വസ്തുത കൂടി വിഎസ് ജീവിച്ചിരുന്ന അവസാന നിമിഷം വരെ വിശേഷണമായി കൂടെയുണ്ടായിരുന്നു.
1957ല്‍ അവിഭക്ത പാര്‍ട്ടിയില്‍ സെക്രട്ടേറിയറ്റ് മെമ്പറായിരുന്നു വിഎസ്. പിളര്‍പ്പിനുമുമ്പുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സെക്രട്ടേറിയറ്റ് മെമ്പറായി ജീവിച്ചിരുന്ന അവസാന നേതാവും വിഎസ് തന്നെയായിരുന്നു.
1956 മുതല്‍ ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്ന അദ്ദേഹം 1957ലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗത്വം നേടിയത്. പാര്‍ട്ടി രൂപീകരിച്ച സംസ്ഥാന സെക്രട്ടറിയേറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു വിഎസ്.
1958ല്‍ പാര്‍ട്ടി ദേശീയ സമിതി അംഗമായി. അതേവര്‍ഷം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാതിരുന്നിട്ടും വിഎസ് കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ദേവികുളം നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന്റെ ചുമതലയിലുള്ളതുകൊണ്ടായിരുന്നു വിഎസ് മാറിനിന്നത്. ആ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി റോസമ്മ പുന്നൂസിനെ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാനും വിഎസിന് സാധിച്ചു.
ആ വിജയം അദ്ദേഹത്തിന്റെ സംഘാടനശേഷി മികവായി അംഗീകരിക്കപ്പെടുകയും ചെയ്തു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പളര്പ്പ് വരെ അനിഷേധ്യ സാന്നിധ്യമാകാനും വിഎസിന് സാധിച്ചു.
പിന്നാലെ 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കോണ്‍ഗ്രസില്‍ നിന്നിറങ്ങിവന്ന് 32 പേര് ചേര്‍ന്ന് പാര്‍ട്ടി രൂപീകരിച്ചവരില്‍ ഒരാളായിരുന്നു വിഎസ്. അവരില്‍ ജീവിച്ചിരുന്ന അവസാന നേതാവും വിഎസ് തന്നെ.
അന്നുതൊട്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായി വിഎസ് തുടര്‍ന്നു. ഒപ്പം നിന്ന പലരും കുതികാല്‍വെട്ടിയപ്പോഴും തന്റെ ഉറച്ച നിലപാടുകള്‍ തന്നെയായിരുന്നു വിഎസിന്റെ ഇന്ധനം.
ജീവിതവും അനുഭവങ്ങളുമായിരുന്നു സര്‍വകലാശാല. വിഎസ് വിട്ടുവീഴ്ചയില്ലാതെ ചേര്‍ത്തുപിടിച്ച നിലപാടുകളും പോരാട്ടവീഥികളുമാണ് അദ്ദേഹത്തിന് പിന്നില്‍ അണിനിരന്നവരുടെയും ഏറ്റവും വലിയ മൂലധനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]