
പനവൂർ ∙ കേറ്ററിങ് ജോലി കഴിഞ്ഞ് വേളാവൂരിൽ നിന്ന് 2 ബൈക്കുകളിലാണ് അക്ഷയ്യും കൂട്ടുകാരും പനവൂർ വരെയെത്തിയത്. അക്ഷയ്യുടെ അയൽക്കാരായ വിനോദും അമൽനാഥും അവിടെവച്ച് അക്ഷയ് ഓടിച്ച ബൈക്കിൽ കയറി.
ബൈക്ക് വിനോദിന്റേതായിരുന്നെങ്കിലും ഓടിച്ചത് അക്ഷയ് ആയിരുന്നു. അൽപ സമയത്തിനകമായിരുന്നു അക്ഷയ്യുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്.
പനവൂർ പാമ്പാടിക്കു സമീപം വൈദ്യുത പോസ്റ്റിനെ വീഴ്ത്തി മരം റോഡിൽ ഒടിഞ്ഞു കിടന്നത് അക്ഷയ് കണ്ടില്ല. മരത്തിൽ ബൈക്കിടിച്ച് തെറിച്ച ഇയാൾ ലൈനിൽനിന്നുള്ള ഷോക്കേറ്റാണ് മരിച്ചത്.
അവധി ദിനങ്ങളിൽ സ്വന്തം ചെലവിനുള്ള പണം കണ്ടെത്താനാണ് ഇവർ കേറ്ററിങ് ജോലിക്കു പോയിരുന്നത്.
ഒരു വർഷമായി വ്യത്യസ്ത ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾക്കായി ഇവർ ജോലി ചെയ്യാറുണ്ട്. പനവൂർ പാമ്പാടി റോഡിലൂടെ അക്ഷയ്, അമൽനാഥ് എന്നിവരെ വീട്ടിലെത്തിച്ച ശേഷം കൊച്ചുപാലോട് വഴി വിനോദിന് വീട്ടിലെത്താമെന്നു കരുതിയായിരുന്നു യാത്ര.
ഇതിനിടയിലാണ് ദുരന്തമുണ്ടായത്. ‘ഉടുതുണിയൂരിയാണ് വലിച്ചെടുത്തത്’ : അമൽനാഥ്
ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്റെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ച് അമൽനാഥ് പറയുന്നു: ‘ജോലിക്ക് ഒരുമിച്ചാണ് പോകുന്നത്.
ശനിയും ഞായറും അവധി ദിവസങ്ങളിലും പോകാറുണ്ട്. ശനിയാഴ്ച ജോലി കഴിഞ്ഞ് താമസിച്ചാണ് എത്തിയത്.
എന്റെയും അക്ഷയ്യുടെയും വീടുകൾ അടുത്തായതിനാൽ ഒരു ബൈക്കിൽ ഞങ്ങൾ മൂന്നു പേരും കൂടിയാണ് വന്നത്. മഴ പെയ്തു തോർന്ന നേരമായിരുന്നു.
റോഡിൽ വെള്ളമുണ്ടായിരുന്നു. അപകടസ്ഥലത്ത് എത്തിയപ്പോഴാണ് പോസ്റ്റും മരച്ചില്ലയും കിടക്കുന്നതു കണ്ടത്.
വളരെ അടുത്തായതു കൊണ്ട് ബ്രേക്കിട്ടു നിർത്താനായില്ല. ബൈക്കിന്റെ വെളിച്ചം മാത്രമേയുണ്ടായിരുന്നുള്ളൂ.
ബൈക്ക് തടിയിൽ ഇടിച്ച് ഞാനും വിനോദും തെറിച്ചു വീണു. ഉടനെ കിച്ചുവിനെ (അക്ഷയ്) പൊക്കിയെടുക്കാൻ ശ്രമിച്ചപ്പോൾ എനിക്കും വിനോദേട്ടനും ഷോക്കേറ്റു.
അടുത്തുണ്ടായിരുന്ന കമ്പും ഹെൽമറ്റും ഉപയോഗിച്ച് ലൈൻ ഉയർത്തി കിച്ചുവിനെ വലിച്ചു നീക്കാൻ പറഞ്ഞെങ്കിലും ലൈനിൽ വൈദ്യുതി ഉണ്ടായിരുന്നു.
അടുത്തു തന്നെ ഇറച്ചി വെട്ടുകയായിരുന്ന പാമ്പാടി സ്വദേശികളായ എ.സിദ്ധിഖ്, സജീർ, അയൂബ് എന്നിവരെ വിളിച്ചുക്കൂട്ടി. ശേഷം അയൽക്കാരെ വിളിച്ചു.
ഞങ്ങൾ ധരിച്ച വസ്ത്രം ഊരി കിച്ചുവിന്റെ കാലിലൂടെയിട്ടു വലിച്ചു നീക്കുകയായിരുന്നു. അത്രയും നേരം അവൻ ഷോക്കേറ്റു കിടക്കുകയായിരുന്നു.
തുണി വലിച്ചെടുത്ത് സിപിആർ (പ്രഥമശുശ്രൂഷ) നൽകുമ്പോൾ ബോധം ഉണ്ടായിരുന്നില്ല. അടുത്തുള്ള ചേട്ടന്റെ കാറിൽ പനവൂരിലെ ആശുപത്രിയിൽ എത്തിച്ചു.
അവിടെ നിന്നാണ് ആംബുലൻസിൽ നെടുമങ്ങാട് ആശുപത്രിയിൽ കൊണ്ടു പോകാൻ പറഞ്ഞത്’.
വൈദ്യുത ലൈനിലേക്ക് ഒടിഞ്ഞുവീണ മരത്തിൽ ബൈക്കിടിച്ചു ഷോക്കേറ്റ് വിദ്യാർഥി മരിച്ചു
പനവൂർ ∙ വൈദ്യുത ലൈനിലേക്ക് ഒടിഞ്ഞുവീണ മരത്തിൽ ബൈക്കിടിച്ച് തെറിച്ച വിദ്യാർഥി, ലൈനിൽനിന്ന് ഷോക്കേറ്റാണ് മരിച്ചത്. നെടുമങ്ങാട് പനയമുട്ടം വെള്ളായണി മൺപുറം അജയ വിലാസത്തിൽ സുരേഷ് കുമാറിന്റെയും ശാലിനിയുടെയും മകൻ അക്ഷയ് സുരേഷ് (19) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 12 മണിയോടെ സുഹൃത്തുക്കൾക്കൊപ്പം കേറ്ററിങ് ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ പനവൂർ– പനയമുട്ടം റോഡിൽ പാമ്പാടി ദാറുസ്സലാം മസ്ജിദ് മദ്രസയ്ക്കു മുന്നിലായിരുന്നു അപകടം. പഴക്കമുള്ള പോസ്റ്റിനു ബലമായി കെട്ടിയിരുന്ന സ്റ്റേ വയർ ദ്രവിച്ച് പൊട്ടിപ്പോയിരുന്നു.
ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പനയമുട്ടം പഴവിള സ്വദേശി അമൽനാഥ് (19), പൂവക്കാട് കൊപ്പം സ്വദേശി എം.എ.വിനോദ് (29) എന്നിവർക്കു നിസ്സാര പരുക്കേറ്റു.
ബൈക്ക് എത്തുന്നതിന് അൽപം മുൻപ്, ഉണങ്ങിയ റബർ മരം വൈദ്യുത ലൈനിലേക്ക് ഒടിഞ്ഞുവീണതിനെ തുടർന്ന് പോസ്റ്റിന്റെ അടിഭാഗം ഒടിഞ്ഞ് റോഡിലേക്കു പതിച്ചിരുന്നു. വൈദ്യുത കമ്പി മരത്തിൽ ചേർന്നു കിടക്കുകയായിരുന്നു.
ഇരുട്ടിൽ, മരവും പോസ്റ്റും വീണതറിയാതെ ബൈക്ക് ഇടിച്ചു കയറി.
അക്ഷയ് വൈദ്യുത കമ്പിയിലേക്കും മറ്റുള്ളവർ പുറത്തേക്കും തെറിച്ചുവീണു. നിലവിളി കേട്ട് എത്തിയ നാട്ടുകാർക്കും ലൈനിൽ വൈദ്യുതിയുണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല.
പിന്നീട്, തുണി കാലിൽചുറ്റി വലിച്ച് പുറത്തേക്കെടുത്ത അക്ഷയിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്ഷയിന്റെ സംസ്കാരം നടന്നു.
നെടുമങ്ങാട്ടെ പാരലൽ കോളജിൽ ബിരുദ വിദ്യാർഥിയായിരുന്നു. സഹോദരൻ: അർജുൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]