
കാഞ്ഞങ്ങാട് ∙ മാനവികതയോടെ ചിന്തിച്ച രണ്ട് ഉദ്യോഗസ്ഥർ തങ്ങളുടെ രാഷ്ട്രീയം മറന്ന് ഒന്നിച്ചുനിന്നപ്പോൾ യാഥാർഥ്യമായത് ഒരു പെൺകുട്ടിയുടെ സർക്കാർ ജോലിയെന്ന സ്വപ്നം. മണിക്കൂറുകൾക്കുള്ളിൽ കാലാവധി തീരുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട
പെൺകുട്ടിക്കാണ് അവസാന നിമിഷത്തെ ഇടപെടലിലൂടെ സർക്കാർ ജോലിയിലേക്കുള്ള വാതിൽ തുറന്നത്.
സ്ഥാനക്കയറ്റം ലഭിച്ച, പടന്ന കുടുംബാരോഗ്യ കേന്ദ്രത്തിലെ ഓഫിസ് അറ്റൻഡന്റ് വിടുതൽ ചെയ്തു പോയാലേ ഈ ഒഴിവ് റിപ്പോർട്ട് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. സാഹചര്യം മനസ്സിലാക്കിയ ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പി.വി.മഹേഷ് കുമാറും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.കെ.അരുൺ കുമാറുമാണ് ഒരുമനസ്സോടെ പ്രവർത്തിച്ചത്.
മഹേഷ്കുമാർ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും അരുൺകുമാർ എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
ജൂലൈ 15ന് രാത്രിയാണ് ലാസ്റ്റ് ഗ്രേഡ് പട്ടികയിൽപെട്ട പെൺകുട്ടിയുടെ ഭർത്താവ് മഹേഷിനെ വിളിച്ചത്.
സ്ഥാനക്കയറ്റം ലഭിച്ച പടന്ന കുടുംബാരോഗ്യ കേന്ദ്രത്തിലെ ഓഫിസ് അറ്റൻഡന്റ് വിടുതൽ ചെയ്തു പോയാൽ തന്റെ ഭാര്യയ്ക്ക് ജോലി ലഭിക്കുമെന്നും ഇതിലിടപെടണം എന്നുമായിരുന്നു ആവശ്യം.
സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥൻ തന്റെ സംഘടനയിലെ അംഗമല്ല എന്നറിയാവുന്ന മഹേഷ്, എൻജിഒ അസോസിയേഷൻ നേതാവായ സഹപ്രവർത്തകൻ അരുൺകുമാറിന്റെ ശ്രദ്ധയിൽപെടുത്തി. പെൺകുട്ടിയുടെ ജോലിക്കുവേണ്ടി പിന്നീട് തങ്ങൾക്കാവുന്ന രീതിയിലുള്ള ഇടപെടൽ രണ്ടുപേരും ചേർന്നു നടത്തുകയായിരുന്നു.
ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസലിനെ ഉൾപ്പെടെ വിഷയത്തിൽ ഇടപെടുത്താൻ അരുൺകുമാർ ശ്രമിക്കുകയും ചെയ്തു. പലവിധത്തിലുള്ള ഇടപെടലുകൾ വന്നപ്പോൾ ജീവനക്കാരൻ അന്നുതന്നെ വിടുതൽ ചെയ്യാൻ സമ്മതിച്ചു.
എന്നാൽ, സ്ഥാപനത്തിൽ ക്ലാർക്കോ മെഡിക്കൽ ഓഫിസറോ ഇല്ല എന്ന സാങ്കേതികപ്രശ്നം തടസ്സമായി.
ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എ.വി.രാംദാസ് ഉടൻതന്നെ വിഷയത്തിൽ ഇടപെടുകയും ക്ലാർക്കിനെയും മെഡിക്കൽ ഓഫിസറെയും സ്ഥാപനത്തിലെത്തിച്ച് ജൂലൈ 16ന് വൈകിട്ട് 6.45ന് ജീവനക്കാരനെ വിടുതൽ ചെയ്യിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്തു. പേരുപോലും അറിയാത്ത, ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത പെൺകുട്ടിയുടെ സർക്കാർ ജോലിയെന്ന സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ഇരുവരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]