
ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനു കീഴിലെ അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡ് അടുത്ത 5 വർഷത്തിനകം നടപ്പാക്കുക 96,000 കോടിയുടെ വികസന പദ്ധതികൾ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിർമിക്കുന്നതും കഴിഞ്ഞവർഷം ഒക്ടോബറിൽ പ്രഖ്യാപിച്ചതുമായ 1,300 കോടി രൂപയുടെ ‘പ്രോജക്ട് അനന്ത’ പദ്ധതിയും ഇതിലുൾപ്പെടുന്നു.
പുതിയ ടെർമിനൽ നിർമാണം ഉൾപ്പെടുന്ന പദ്ധതിയാണിത്.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദാനി എയർപോർട്ട് ഹോൾഡിങ്സ് ഡയറക്ടറും ഗൗതം അദാനിയുടെ മകനുമായ ജീത് അദാനിയാണ് പുതിയ പദ്ധതികളെ കുറിച്ച് വ്യക്തമാക്കിയത്. 96,000 കോടി രൂപയിൽ മുന്തിയപങ്കും ചെലവഴിക്കുക മുംബൈ രാജ്യാന്തര വിമാനത്താവളം, നവി മുംബൈയിൽ സജ്ജമാകുന്ന പുതിയ വിമാനത്താവളം എന്നിവയുടെ വികസനത്തിനായിരിക്കും.
പ്രതിവർഷം 5 കോടി യാത്രക്കാരെ സ്വീകരിക്കുന്നതിലേക്ക് നവി മുംബൈ വിമാനത്താവളം സജ്ജമാക്കുന്നതിന് മൊത്തം പ്രതീക്ഷിക്കുന്ന നിർമാണച്ചെലവ് 45,000 കോടി രൂപവരെയാണ്. 19,000 കോടി രൂപ ചെലവിലാണ് ആദ്യഘട്ടം പൂർത്തിയാക്കുന്നത്.
ഓഹരി വിൽപന, വായ്പാ പുനഃക്രമീകരണം എന്നിവയിലൂടെയാണ് വികസനപദ്ധതികൾക്ക് ഫണ്ട് ഉറപ്പാക്കുക.
അഹമ്മദാബാദ്, ജയ്പുർ വിമാനത്താവളങ്ങളിലും പുതിയ ടെർമിനലുകൾ നിർമിക്കുന്നുണ്ട്. ലക്നൗവിൽ സമീപകാലത്ത് നിർമിച്ച ടെർമിനൽ കൂടുതൽ വിപുലീകരിക്കുമെന്നും ജീത് അദാനി അഭിമുഖത്തിൽ പറഞ്ഞു.
വിദേശത്ത് വിമാനത്താവള നിയന്ത്രണം ഏറ്റെടുക്കാനോ നിർമിക്കാനോ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തൽക്കാലം ഇല്ലെന്നും ഇന്ത്യയിൽ തന്നെ ശ്രദ്ധിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് 26 വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) വിപുലീകരിക്കാൻ നീക്കമുണ്ട്.
ഇന്ത്യയിൽ കൂടുതൽ സാധ്യതകളുണ്ടെന്ന് ഇതു വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]