കാസർകോട് ∙ ജില്ലയിൽ മഴ കുറഞ്ഞെങ്കിലും ആശ്വസിക്കാനായിട്ടില്ലെന്ന് കാലാവസ്ഥാ വിദഗ്ധർ. ജില്ലയിൽ ചെറിയ മഴയ്ക്കൊപ്പം മേഘാവൃതമായ ആകാശമായിരുന്നു.
ഇന്നലെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നു മുതൽ 23 വരെ ജില്ലയിൽ യെലോ അലർട്ടാണ്.
24ന് വീണ്ടും ഓറഞ്ച് അലർട്ടാകും. എല്ലാം ജില്ലകളിലും ഇന്നു മഴ ലഭിക്കുമെന്നാണ് സൂചന.
പൊതുവേ മേഘാവൃതമായ അന്തരീക്ഷം തുടരും. ആന്ധ്ര–ഒഡീഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയുണ്ട്.
വ്യാഴാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുമെന്നാണ് സൂചന. ഇതോടെ കേരളത്തിൽ വീണ്ടും കാലവർഷം ശക്തി പ്രാപിച്ചേക്കും.
അതേസമയം, കണ്ണൂർ-കാസർകോട് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്നുവരെ) ജില്ലകളിലെ തീരങ്ങളിൽ 3 മുതൽ 3.2 മീറ്റർവരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (ഇൻകോയിസ്) അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
ജാഗ്രതാ നിർദേശങ്ങൾ ഇങ്ങനെ:
∙ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം.
∙ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്കിറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. ∙ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും ഒഴിവാക്കണം.
∙ മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ∙ വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണം. ∙ മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
∙ തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]