
ചിറ്റാരിപ്പറമ്പ് ∙ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വട്ടോളി പാലത്തിലൂടെ നാട്ടുകാർ അക്കരെ കടക്കും. ആറ് വർഷം മുൻപ് നിർമാണം പൂർത്തിയായ ശേഷം അനാഥമായി കിടന്ന വട്ടോളി പാലത്തിന്റെ അനുബന്ധ റോഡ് നിർമാണം പൂർത്തിയായതോടെ 29ന് മന്ത്രി മുഹമ്മദ് റിയാസ് യാത്രക്കാർക്ക് തുറന്ന് നൽകും.
കെ.കെ.ശൈലജ എംഎൽഎ അധ്യക്ഷത വഹിക്കും. പാലം ഉദ്ഘാടനത്തിന്റെ ഭാഗമായി നാളെ വട്ടോളി സാംസ്കാരിക നിലയത്തിൽ 4.30–ന് സംഘാടക സമിതി യോഗം ചേരും.
ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് രണ്ടാം വാർഡിലെ വട്ടോളി പുഴയ്ക്ക് കോടികൾ ചെലവിട്ട് ആറ് വർഷം മുൻപ് നിർമിച്ച പുതിയ പാലത്തിലേക്കുള്ള അനുബന്ധ റോഡ് നിർമാണം സാങ്കേതിക കുരുക്കിൽ പെട്ടതോടെ പാലം നാട്ടുകാർക്ക് ഉപകരിച്ചിരുന്നില്ല.
അക്കര വട്ടോളി ഭാഗത്ത് ഒൻപത് മീറ്റർ ഉയരമുള്ള പാലത്തിന്റെ അനുബന്ധ റോഡിന്റെ രൂപരേഖയിൽ ഉണ്ടായ സാങ്കേതിക പ്രശ്നമാണ് പ്രവൃത്തി വൈകാൻ കാരണമായത്. തുടർന്ന് പുതുക്കിയ റോഡ് പദ്ധതി കിഫ്ബി അംഗീകരിച്ചതോടെ ആണ് റോഡ് നിർമാണത്തിലെ തടസ്സം മാറിയത്.
ഇതോടെ കഴിഞ്ഞ വർഷം അനുബന്ധ റോഡ് നിർമാണം ആരംഭിച്ചു.
വട്ടോളി റോഡിൽ നിന്ന് തുടങ്ങുന്ന പാലം അക്കര വട്ടോളി കോട്ടയിൽ – പരുമ കവലയിലാണ് അവസാനിക്കുന്നത്. ഈ പാലത്തിന് 78 മീറ്റർ നീളവും 11 മീറ്റർ വീതിയും ഉണ്ട്.
ഇരുവശവും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ട്. നിർമാണം പൂർത്തിയായ പാലത്തിലേക്ക് വട്ടോളി ഭാഗത്ത് നിന്ന് 290 മീറ്ററും അക്കര വട്ടോളി ഭാഗത്ത് നിന്ന് 120 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് അനുബന്ധ റോഡ് നിർമിച്ചത്.
മുൻപ് പാലം പണി പൂർത്തിയായാൽ പരുമ റോഡിലേക്ക് പോകാൻ റോഡ് ഉണ്ടാവില്ലായിരുന്നു. ഇതോടെ കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ തയാറാക്കിയ പുതുക്കിയ രൂപരേഖ പ്രകാരം പാലം എത്തിച്ചേരുന്ന അക്കര വട്ടോളി കവലയിൽ ബോക്സ് കലുങ്ക് നിർമിച്ച് അടിപ്പാത ഒരുക്കി ആണ് പ്രശ്നം പരിഹരിച്ചത്.
പഴയ നടപ്പാലം വഴി വരുന്ന ചെറിയ വാഹനങ്ങൾക്ക് പരുമ റോഡിലേക്ക് പോകാൻ ഇതുവഴി കഴിയും.
പാലത്തിൽ നിന്ന് കോട്ടയിൽ റോഡിലേക്കാണ് അനുബന്ധ റോഡ് നിർമിച്ചത്. ഇതിന്റെ ഭാഗമായി തടസ്സമായ എച്ച്ടി വൈദ്യുതി തൂണുകൾ ഉൾപ്പെടെ മാറ്റിസ്ഥാപിച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്.
3.67 കോടി രൂപ ചെലവിട്ട് ഗ്രാവിറ്റി ഇൻഫ്രാ സ്ട്രക്ചർ ഡവലപ്പേഴ്സാണ് പ്രവൃത്തി പൂർത്തീകരിച്ചത്.മഴക്കാലത്ത് വട്ടോളി പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ പഴയ പാലം വഴി യാത്ര ചെയ്യാൻ സാധിക്കില്ലായിരുന്നു. പുതിയ പാലം നിർമിച്ച ശേഷം കഴിഞ്ഞ ദിവസം ഉണ്ടായ മഴയിലും വട്ടോളി പുഴ കരകവിഞ്ഞ് ഒഴുകി പാലത്തിന് മുകളിൽ എത്തി.
വിമാനത്താവളത്തിലേക്ക് എളുപ്പവഴി
∙ വട്ടോളി പുതിയ പാലം നിർമാണം പൂർത്തിയായതോടെ ചിറ്റാരിപ്പറമ്പിൽ നിന്ന് വലിയ വാഹനങ്ങൾക്ക് കണ്ണൂർ വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ എത്താം.
കോട്ടയിൽ, കേയ്യാറ്റിൽ, തൊടീക്കളം, ഇടുമ്പ, മാലൂർ, മട്ടന്നൂർ, കണ്ണൂർ വിമാനത്താവളം, പേരാവൂർ പ്രദേശങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് ഇത് ഉപകരിക്കും. വീതിയില്ലാത്ത കോൺക്രീറ്റ് നടപ്പാലത്തിൽ കൂടി അക്കര വട്ടോളി ഭാഗത്തേക്ക് വലിയ വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്തതിനാൽ കണ്ണവം തൊടീക്കളം വഴി ആറു കിലോമീറ്റർ ദൂരം ചുറ്റി സഞ്ചരിച്ചാണ് ഇപ്പോൾ വാഹനങ്ങൾ പോകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]