
കോഴിക്കോട്∙ ‘ജീവിതത്തിന്റെ’ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പാലങ്ങളെ കണ്ടിട്ടുണ്ടോ? ദൂരെയെങ്ങും പോകണ്ട. നമ്മുടെ ചുറ്റുമുണ്ട്, അങ്ങനെ പല പല പാലങ്ങൾ.
വികസനത്തിന്റെ നോക്കുകുത്തികളാകാൻ വിധിക്കപ്പെട്ട പാലങ്ങളുടെ ജീവിതം ഇവിടെ വായിക്കാം. ഇതിന്റെ പേരിൽ ആരെങ്കിലും ട്രോളിയാൽ, ഭരണാധികാരികൾ വിഷമിക്കേണ്ട.
നിങ്ങൾ അത് അർഹിക്കുന്നു.
വഴിമുടക്കി പുതിയാപ്പത്തൂൺ
പാവങ്ങാട്∙ പുതിയാപ്പ മേൽപാലം പണി ആരംഭിച്ചിട്ട് 13 വർഷമായി. തൂണുകൾക്കു മുകളിൽ പാതി പാലമുണ്ട്.
പ്രദേശവാസികൾ ഉപയോഗിച്ചിരുന്ന വഴി റെയിൽവേ പൂട്ടിക്കെട്ടിയതോടെ, 8 കുടുംബങ്ങൾക്കു വ്യക്തമായ വഴിയില്ലാതായി.മതിൽ റെയിൽവേ പൊളിച്ചിട്ടിരിക്കുകയാണ്. വഴി കാടുപിടിച്ചു കിടക്കുകയാണ്.
അപ്രോച്ച് റോഡ് നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതും നാട്ടുകാർക്കു ബുദ്ധിമുട്ടായിരിക്കുകയാണ്. ഇതോടെ പ്രദേശവാസികൾക്കു റോഡിലൂടെയുള്ള യാത്ര സാധ്യമല്ലാതായി.
മഴക്കാലത്തു വെള്ളക്കെട്ടുമുണ്ട്.
തടഞ്ഞുനിൽക്കുന്നു, പെരിഞ്ചേരിക്കടവ് റഗുലേറ്റർ കം ബ്രിജ്
വടകര∙ 100 മീറ്റർ നീളം, 12 മീറ്റർ വീതി. അടങ്കൽ 75 കോടി രൂപ.
ചെറുവണ്ണൂർ, വേളം, തിരുവള്ളൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കും. 5 വർഷമായിട്ടും പൂർത്തിയായിട്ടില്ല.
പണി തീർത്തും നിലച്ചിട്ട് 3 വർഷം. റോഡ് മാത്രമല്ല, കുറ്റ്യാടി പുഴയിൽ വേനലിൽ ഉപ്പുവെള്ളം കയറുന്നതു തടയാനുള്ള തടയണയും പദ്ധതിയിലുണ്ട്.
കരാറെടുത്ത കമ്പനിക്കു പാർട്ട് ബിൽ അനുവദിക്കുന്ന പ്രശ്നമാണ്, ആദ്യ ഘട്ടം ഏതാണ്ട് പൂർത്തിയായതോടെ പണി നിലയ്ക്കാൻ കാരണം. കുറ്റ്യാടി, പേരാമ്പ്ര എംഎൽഎമാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.
ഇക്കാര്യത്തിൽ കലക്ടർ നടപടിയെടുക്കാൻ ധാരണയായിട്ടുണ്ട്. നിർമാണം എന്നു പുനരാരംഭിക്കുമെന്നതിൽ തീരുമാനമായിട്ടില്ല.
ചരക്കടവ് പാലം അഥവാ പാലത്തിലേക്കൊരു കോണി
കടലുണ്ടി∙ ആനയുണ്ട്, തോട്ടിയില്ല എന്ന അവസ്ഥയാണീ പാലത്തിന്.
അപ്രോച്ച് റോഡിനു ഭൂമി ലഭിക്കാത്തതിനാൽ മണ്ണൂർ തീപ്പെട്ടിക്കമ്പനിക്കു സമീപത്തെ ചരക്കടവ് പാലം വാഹന ഗതാഗതയോഗ്യമല്ല. ചേലേമ്പ്ര–കടലുണ്ടി പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കനോലി കനാലിനു കുറുകെ (മുക്കത്ത്കടവ് പുഴ) 1987ലാണ് പാലം നിർമിച്ചത്. ഉൾനാടൻ ജലപാതയായ കനോലി കനാലിനു കുറുകെ ആയതിനാൽ ബോട്ട് സർവീസിനുള്ള ദീർഘവീക്ഷണത്തോടെ നാലര മീറ്റർ ഉയരത്തിലാണ് പാലം.
നിർമാണ പ്രവൃത്തി പെട്ടെന്നു പൂർത്തിയാക്കാനായെങ്കിലും ഇരുകരയിലും അപ്രോച്ച് റോഡിന് ഭൂമി ലഭിച്ചില്ല.
14 ലക്ഷം രൂപ ചെലവിട്ടു പണിത പാലത്തിലൂടെ 3 വർഷത്തോളം കാൽനടയാത്ര പോലും സാധ്യമായിരുന്നില്ല. 1990ൽ ഇരു കരകളിലും പടികൾ നിർമിച്ചു ജനം തന്നെയങ്ങു തുറന്നു, നടന്നു. ഏറെ ഉയരത്തിലുള്ള പാലം കയറിയിറങ്ങി ജനത്തിന്റെ നടുവൊടിഞ്ഞിരിക്കുകയാണിപ്പോൾ.
ഇരു ഭാഗത്തും 150 മീറ്റർ വീതം ഭൂമി ഏറ്റെടുത്ത്, അപ്രോച്ച് റോഡ് ഒരുക്കിയാൽ വാഹനഗതാഗതം സാധ്യമാകും.
കല്ലാച്ചേരിക്കടവ് പാലം എന്ന ഇല്ലാത്ത പാലം
നാദാപുരം∙ 13 വർഷം മുൻപ് സംസ്ഥാന ബജറ്റിൽ 10 കോടി രൂപയുടെ അടങ്കലുമായി ജനനം. കോഴിക്കോട് – കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കാനുള്ള നിയോഗം.
ഇപ്പോഴും കടലാസിൽ ജീവിക്കുന്നു. തറക്കല്ലിടൽ പോലുമായിട്ടില്ല.
മയ്യഴി പുഴയ്ക്കു കുറുകെ, കണ്ണൂർ ജില്ലയിലെ തൃപ്പങ്ങോട്ടൂർ പഞ്ചായത്തിനെയും കോഴിക്കോട് ജില്ലയിലെ തൂണേരി, എടച്ചേരി പഞ്ചായത്തുകളെയും ബന്ധിപ്പിക്കുകയാണു ലക്ഷ്യം. കോഴിക്കോട് ജില്ലയിൽ അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പും കുറ്റിയടിക്കലുമൊക്കെ നടന്നു.
കണ്ണൂർ ജില്ലയിൽ പാലത്തിന്റെ അപ്രോച്ച് റോഡിനു സ്ഥലം കിട്ടാത്തതാണു നിർമാണം മുടങ്ങാൻ കാരണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]