
പൊഴുതന∙ സേട്ടുക്കുന്ന് പ്രദേശത്ത് കാട്ടാനയുടെ വിളയാട്ടത്തിൽ വ്യാപകമായ കൃഷിനാശം; പൊറുതിമുട്ടി പ്രദേശവാസികൾ. ഒറ്റയാനാണ് വ്യാപക ആക്രമണം നടത്തുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രദേശത്ത് എത്തിയ ആന വാഹനങ്ങൾക്ക് കേടുപാട് വരുത്തുകയും വിറക് ഷെഡ്, പട്ടിക്കൂട് എന്നിവ തകർക്കുകയും ചെയ്തു. ചേരുംതടം മാത്യുവിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽ കൊമ്പുകൊണ്ട് കുത്തി കേടുപാടു വരുത്തി.
ഒരു ബൈക്കും തട്ടിമറിച്ചു ഭാഗികമായി തകർത്തു.
എട്ടേക്കർ ഭാഗത്ത് എത്തിയ ആന നിരവത്ത് അജിയുടെ വിറക് ഷെഡ് തകർക്കുകയും ശബ്ദം കേട്ട് പുറത്തിറങ്ങിയ ഇദ്ദേഹത്തിന്റെ ഭാര്യ സിനിയെ ആക്രമിക്കാൻ ഓടിയടുത്തുകയും ചെയ്തിരുന്നു. ഇവർ ഓടി വീട്ടിനുള്ളിലേക്കു കയറിയതിനാൽ തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ ഒട്ടേറെ കൃഷിയിടങ്ങളിലെ വാഴ, കവുങ്ങ്, തെങ്ങ് അടക്കമുള്ളവ വൻതോതിൽ നശിപ്പിച്ചിട്ടുണ്ട്.
സമീപ പ്രദേശങ്ങളായ പാറത്തോട്, ഇടിയംവയൽ, മേൽമുറി എന്നിവിടങ്ങളിലും ആന ശല്യം ഏറിയിട്ടുണ്ട്. ജനവാസ കേന്ദ്രത്തിൽ പതിവായി കാട്ടാന എത്തുന്നത് പ്രദേശവാസികളെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഏറെ ഭീതിയോടെയാണ് രാത്രി കാലങ്ങൾ കഴിച്ചു കൂട്ടുന്നതെന്ന് ഇവർ പറയുന്നു.
വന്യമൃഗങ്ങൾക്ക് താവളങ്ങൾ
2018ലെ ഉരുൾപൊട്ടലിനെ തുടർന്ന് ഒട്ടേറെ കുടുംബങ്ങൾ ഇവിടം വിട്ടു പോയതും ആളൊഴിഞ്ഞ ഇടങ്ങൾ കാട് മൂടിയതും വന്യ മൃഗങ്ങളുടെ ശല്യത്തിന് പ്രധാന കാരണമായി. പുറം നാടുകളിൽ നിന്ന് വന്നവർ ഇവിടങ്ങളിലെ ഏക്കർ കണക്കിനു ഭൂമി വാങ്ങുകയും പിന്നീട് തിരിഞ്ഞു നോക്കാതെ ഇവ കാടുകയറിനിശിക്കുകയും ചെയ്തിട്ടുണ്ട്.
ഇത്തരം സ്ഥലങ്ങളിലാണ് കാട്ടിൽ നിന്ന് ഇറങ്ങുന്ന വന്യ മൃഗങ്ങൾ താവളമാക്കുന്നത്. ദിവസങ്ങൾക്കു മുൻപ് ഇവിടെ പുലി ഇറങ്ങി ആടിനെ കടിച്ചു കൊന്നിരുന്നു.
കാട്ടുപന്നിയും കുരങ്ങും കൃഷി നശിപ്പിക്കുന്നതും പതിവാണ്. ആളൊഴിഞ്ഞ ഇടങ്ങളിലെ കാട് വെട്ടിത്തെളിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി ഇല്ലെന്ന പരാതി ശക്തമാണ്.
ഫെൻസിങ് സംവിധാനം പലയിടങ്ങളിലും പ്രവർത്തനരഹിതമായതും വന്യമൃഗ ശല്യം ഏറുന്നതിന് കാരണമായി. സ്ഥിരം ശല്യക്കാരനായ ആനയെ തുരത്താൻ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]