
ചാലക്കുടി ∙ ഒരു പാട്ടു പാടാമോ? – ചാലക്കുടി പൊലീസ് സ്റ്റേഷന്റെ പടി കടന്നെത്തിയ കുരുന്നുകളോടു വനിതാ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.സി.ടെസി ചോദിച്ചു തീരേണ്ട താമസം.
ഞാൻ പാടാം എന്നും പറഞ്ഞു മിടുക്കിയായ യുകെജിക്കാരി ഇന്ദുലേഖ ഗിരിശങ്കർ പാടിത്തുടങ്ങി: “മഞ്ഞക്കുഞ്ഞിക്കാതുള്ള കുഞ്ഞിക്കോഴിക്ക് അരി മണി തിന്നാനുള്ളിൽ മോഹമുദിച്ചല്ലോ….” ഒപ്പമുണ്ടായിരുന്ന അഭിമന്യു അഖിൽകുമാർ ഒരു കുട്ടിക്കവിത അവതരിപ്പിച്ചു.
പാട്ടും കവിതയും കേട്ടു സ്റ്റേഷനിലെ പൊലീസുകാരെല്ലാം കയ്യടിച്ചപ്പോൾ കുട്ടികൾക്കും സന്തോഷം. വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ നിന്നായിരുന്നു നഴ്സറി വിദ്യാർഥികൾ പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം അടുത്തറിയാനായി എത്തിയത്.
ഓരോ പൊലീസ് ഉദ്യോഗസ്ഥർക്കും പൂക്കളും പുസ്തകങ്ങളും കുട്ടികൾ സമ്മാനിച്ചു. കുട്ടികൾക്കു മിഠായിമധുരം നൽകിയാണു പൊലീസുകാർ യാത്രയാക്കിയത്.
റൈഫിളും റിവോൾവറുമെല്ലാം പരിചയപ്പെടുത്തിയപ്പോൾ ‘ഒന്നു പൊട്ടിക്കാമോ സാറേ’ എന്നായി കുട്ടികളിൽ ചില വിരുതർ.
‘അയ്യോ വേണ്ടാട്ടോ സാറേ’ എന്നു പേടിയോടെ പറഞ്ഞു മറ്റുള്ളവർ. ലാത്തിയും തോക്കും ലോക്കപ്പും കണ്ടമ്പരന്ന കൂട്ടുകാരോടു കൂട്ടത്തിലൊരാൾ പറഞ്ഞു: “പേടിക്കണ്ടാട്ടോ, അതു കള്ളൻമാർക്കുള്ളതാ’.
കംപ്യൂട്ടർ മുറിയും സ്റ്റോർ മുറിയും ഇൻസ്പെക്ടറുടെ മുറിയും ഉദ്യോഗസ്ഥ്ഥരേയുമെല്ലാം അടുത്തു കണ്ടു കുട്ടിക്കൂട്ടം. ചെറിയ പേടിയോടെ സ്റ്റേഷനിലെത്തിയ കുട്ടികളെല്ലാം പോകാറായപ്പോഴേയ്ക്കും പൊലീസുമായി കൂട്ടായി.
ഉദ്യോഗസ്ഥർക്കു സല്യൂട്ട് നൽകിയായിരുന്നു മടക്കം.
വ്യാസ സ്കൂളിലെ പൂർവ വിദ്യാർഥിയായ പി.എസ്.വർഷ പൊലീസ് സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫിസറാണ്. കുട്ടികളെ കാര്യങ്ങളോരോന്നും പരിചയപ്പെടുത്താൻ വർഷവും മുന്നിൽ നിന്നു.
എസ്ഐമാരായ പി.വി.പാട്രിക്, കെ.വി.ജോഷി, കെ.എ.കൃഷ്ണൻ എന്നിവർ ചേർന്നു കുട്ടികളെ സ്വീകരിച്ചു. ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ ജി.പത്മനാഭൻ, ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സമിതി അംഗം ടി.എൻ.രാമൻ, സ്കൂൾ വൈസ് പ്രിൻസിപ്പൽ ടി.ആർ.പുരുഷോത്തമൻ, കെജി വിഭാഗം ഹെഡ്മിസ്ട്രസ് പി.ലതിക, അധ്യാപക പ്രതിനിധികളായ രാധിക മധു, പി.പ്രേമ എന്നിവര് നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]