
തേവലക്കര ∙ പിറന്നാൾ ദിനത്തിൽ മകളുടെ വിയോഗ വാർത്തയറിഞ്ഞ് വിറങ്ങലിച്ച് കോയിവിളയിലെ അതുല്യഭവനം. മകൾക്കു വേണ്ടി ക്ഷേത്രത്തിൽ പോയി പൂജ നടത്തണമെന്ന് കരുതിയിരിക്കുമ്പോഴാണ് ഇളയ മകളുടെ വിളി എത്തുന്നത്.
തലേന്നു രാത്രി മകൾ ആരാധ്യയോടും മാതാപിതാക്കളായ രാജശേഖരൻ പിള്ളയോടും തുളസിഭായിയോടും അതുല്യ ഫോണിൽ സംസാരിച്ചിരുന്നു. കഴിഞ്ഞ ശനി രാവിലെ അതുല്യയുടെ മകൾ ആരാധ്യ സ്കൂളിൽ പോയ ശേഷമാണ് വീട്ടിലേക്കു മരണ വാർത്ത എത്തുന്നത്.
വൈകിട്ട് തിരികെ എത്തിയ ആരാധ്യയെ അമ്മയുടെ വേർപാട് അറിയിക്കാതെ സമീപത്തെ ബന്ധു വീട്ടിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ വൈകിട്ട് വരെ അമ്മ മരിച്ച വിവരം മകളെ അറിയിച്ചിട്ടില്ല. കുഞ്ഞുന്നാൾ മുതൽ അതുല്യയോട് കാട്ടുന്ന ക്രൂരതകൾ കണ്ടിട്ടുള്ളതിനാൽ പിതാവ് സതീഷിനെ എന്നും ആരാധ്യയ്ക്കു ഭയമായിരുന്നെന്ന് അമ്മ തുളസി ഭായി പറയുന്നു.
‘‘മകൾക്കു വേണ്ടിയാണ് എല്ലാം അവൾ സഹിച്ച് അവനൊപ്പം ജീവിച്ചത്. അതുല്യ ഒരു കാരണവശാലും ജീവനൊടുക്കില്ല’’–മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
വിവാഹം കഴിഞ്ഞ നാൾ മുതൽ അതുല്യക്ക് സമാധാനവും സ്വസ്ഥതയും ഉണ്ടായിരുന്നില്ലെന്നും മദ്യത്തിന് അടിമയായിരുന്ന സതീഷ് നിരന്തരം മകളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു.
വിവാഹത്തിനു ശേഷമാണ് സതീഷ് മദ്യപിക്കുമെന്ന് അറിഞ്ഞത്. ആദ്യം ചെറിയ രീതിയിലുണ്ടായിരുന്ന മദ്യപാനം പിന്നീടു സ്ഥിരമായപ്പോഴാണ് ഉപദ്രവം തുടങ്ങിയത്.
അതുല്യ വിദേശത്ത് എത്തിയതിനു പിന്നാലെ അവൾക്ക് ചില സ്ഥലങ്ങളിൽ ജോലി ലഭിച്ചിരുന്നു. എന്നാൽ അതിനൊന്നും പോകാൻ സതീഷ് അവളെ അനുവദിച്ചിരുന്നില്ല.നേരത്തേ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായതിനു പിന്നാലെ കോടതി വരെയൊക്കെ കേസ് എത്തുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട് അവർ തന്നെ പരസ്പരം സംസാരിച്ച് എല്ലാം ശരിയാക്കിയെന്നും മാതാപിതാക്കൾ പറഞ്ഞു.
മർദിച്ചത് മദ്യലഹരിയിലെന്ന് ഭർത്താവ്
അതുല്യയെ ഉപദ്രവിച്ചിരുന്നുവെന്നും എന്നാൽ, അതിന്റെ പേരിൽ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പാണെന്നും ഭർത്താവ് സതീഷിന്റെ അവകാശവാദം. അതുല്യ മരിച്ച അതേ കയറിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചതാണെന്നും ദുരൂഹത നീക്കാൻ വേണ്ടിയാണു ജീവിക്കുന്നതെന്നും പറഞ്ഞു.
അതുല്യ മരിച്ച ദിവസം ഡ്യൂട്ടി കഴിഞ്ഞ് രാത്രി 8.30ന് ആണ് വീട്ടിലെത്തിയതെന്നു സതീഷ് പറഞ്ഞു. 4 ആഴ്ചയായി നിരന്തരം വഴക്കായിരുന്നു.
വാരാന്ത്യമായതിനാൽ വെള്ളിയാഴ്ച മദ്യപിച്ച് അജ്മാനിൽ സുഹൃത്തിന്റെ അടുത്തു പോയി.
വീട് അതുല്യ ഉള്ളിൽ നിന്നു പൂട്ടിയിരുന്നു. ഒരു താക്കോൽ മാത്രമേ വീടിനുള്ളു.
അതുല്യ പല തവണ വിളിച്ചെങ്കിലും പതിവായതിനാൽ ഫോൺ കട്ട് ചെയ്തു. വിഡിയോ കോൾ വിളിച്ച് തൂങ്ങി മരിക്കാൻ പോകുന്നതിന്റെ വിഡിയോ കാണിച്ചതോടെ പെട്ടെന്നു തിരിച്ചു വന്നെങ്കിലും തൂങ്ങി മരിച്ചതാണ് കണ്ടത്.
ശരീരത്തിലെ മുറിപ്പാടുകൾ താൻ ഉപദ്രവിച്ചപ്പോൾ ഉണ്ടായതാണ്. മദ്യലഹരിയിൽ ചെയ്തുപോയതാണെന്നും സതീഷ് സമ്മതിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]