
ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാൻ ടീം തോറ്റതോടെ പേരിലായത് നാണക്കേടിന്റെ റെക്കോര്ഡ്. ധാക്കയിലെ ഷേർ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് 20 ഓവർ തികച്ച് ബാറ്റിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
വെറും 110 റൺസിനാണ് പാക് സംഘം ഓൾ ഔട്ടായത്. സൽമാൻ അലി ആഘ നയിച്ച ടീം നേടിയ 110 റൺസ് ബംഗ്ലാദേശിനെതിരെ ടി20യിൽ പാകിസ്ഥാന്റെ ഏറ്റവും കുറഞ്ഞ സ്കോറാണ്.
കൂടാതെ, ബംഗ്ലാദേശിനെതിരെ ടി20യിൽ പാകിസ്ഥാൻ ഓൾ ഔട്ടാകുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ആദ്യ ടി20യിൽ ടോസ് നേടിയ ബംഗ്ലാദേശ് നായകൻ ലിട്ടൺ ദാസ് പാകിസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു.
19.3 ഓവറിൽ 110 റൺസ് മാത്രമാണ് പാക് ടീമിന് നേടാനായത്. ഓപ്പണർ ഫഖർ സമാൻ 34 പന്തിൽ നിന്ന് ആറ് ഫോറും ഒരു സിക്സും സഹിതം 44 റൺസ് നേടി.
ഏഴാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ ഖുഷ്ദിൽ ഷാ 23 പന്തിൽ 17 റൺസും അബ്ബാസ് അഫ്രീദി 24 പന്തിൽ മൂന്ന് സിക്സറുകളോടെ 22 റൺസും കൂട്ടിച്ചേർത്തു. ബംഗ്ലാദേശിനായി ടസ്കിൻ അഹമ്മദ് 3.3 ഓവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
മുസ്താഫിസുർ റഹ്മാൻ നാല് ഓവറിൽ ആറ് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടി. ബംഗ്ലാദേശിനെതിരെ ടി20യിൽ പാകിസ്ഥാന്റെ ഇതിന് മുൻപുള്ള ഏറ്റവും കുറഞ്ഞ സ്കോർ 2016 മാർച്ച് 2-ന് മിർപൂരിൽ നേടിയ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 129 റൺസായിരുന്നു.
പ്രമുഖ താരങ്ങളില്ലാതെ പാകിസ്ഥാൻ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ തുടങ്ങിയ പ്രമുഖ താരങ്ങളില്ലാതെയാണ് പാകിസ്ഥാൻ കളിക്കുന്നത്. ഈ മാസം ആദ്യം മേജർ ലീഗ് ക്രിക്കറ്റിന്റെ (MLC) മൂന്നാം സീസണിൽ സാൻ ഫ്രാൻസിസ്കോ യൂണികോൺസിനായി കളിക്കുമ്പോൾ ഹാരിസ് റൗഫിന് ഹാംസ്ട്രിംഗ് പരിക്ക് പറ്റിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]