
പന്തീരാങ്കാവ്∙ മുക്കുപണ്ടം വിൽക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ മധ്യപ്രദേശ് സ്വദേശി ഹരി ബഗൽ (54), ഇയാളുടെ മകൻ റാം ബഗൽ (34) എന്നിവരെ പന്തീരാങ്കാവ് പൊലീസ് പിടികൂടി. വെള്ളിയാഴ്ച പെരുമണ്ണ സ്വദേശിയായ നിഹാലിന്റെ പല ചരക്കുകടയിൽ സ്ഥിരമായി സാധനങ്ങൾ വാങ്ങാൻ വരാറുള്ള ബംഗാൾ സ്വദേശികളായ പ്രതികൾ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും തങ്ങളുടെ കൈവശമുള്ള സ്വർണ മുത്തുകൾ വിറ്റു തരണമെന്നും പറയുകയായിരുന്നു.
പ്രതികൾ ഒരു സ്വർണമുത്ത് കടക്കാരന് നൽകുകയും കടക്കാരൻ അത് സ്വർണമാണെന്ന് കരുതി ബാക്കിയുള്ള സ്വർണമുത്തുകൾ കൂടി കൊണ്ടുവരാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് പ്രതികൾ 4 സ്വർണമുത്തുകൾകൂടി കടക്കാരന് കൊടുത്തു.
കടക്കാരൻ അത് ജ്വല്ലറിയിൽ കൊണ്ടുപോയി പരിശോധിച്ചശേഷം പണം തരാമെന്ന് പ്രതികളോട് പറഞ്ഞു. സ്വർണം പരിശോധിക്കാൻ കടക്കാരൻ പോയ സമയത്ത് പ്രതികൾ മുങ്ങുകയായിരുന്നു. സ്വർണമുത്തുകൾ വ്യാജമാണെന്ന് മനസ്സിലാക്കിയ കടക്കാരൻ ഉടനെ പൊലീസിൽ അറിയിച്ചു.
തുടർന്ന് പന്തീരാങ്കാവ് പൊലീസ് അന്വേഷണം നടത്തുകയും സമീപ പ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.
പ്രതികളെ പെരുമണ്ണ കോട്ടായി താഴത്തുവച്ചാണ് കസ്റ്റഡിയിൽ എടുത്തത്. പ്രതികൾ സമാന രീതിയിലുള്ള തട്ടിപ്പ് മറ്റെവിടെയെങ്കിലും നടത്തിയിട്ടുണ്ടോയെന്നും എവിടെ നിന്നാണ് വ്യാജ സ്വർണമുത്തുകൾ ലഭിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]