
ദേശീയപാതയുടെ തലശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിൽ ഊർപഴശ്ശിക്കാവ് അടിപ്പാതയ്ക്ക് തൊട്ടടുത്തായി രൂപപ്പെട്ട ആഴത്തിലുള്ള കുഴിയിൽ വീണ് കൂറ്റൻ കണ്ടെയിനർ ലോറി അടക്കമുള്ള വലിയ വാഹനങ്ങൾ ആടിയുലയുന്ന കാഴ്ച ഭീതിജനകമാണെന്ന് പരിസരവാസികൾ പറയുന്നു.റോഡിൽ അടുത്തടുത്തായി രൂപപ്പെട്ട
നാലോളം വൻ കുഴികളിൽ വീണ് കാർ പോലുള്ള ചെറിയ വാഹനങ്ങൾ തകരാറിലാവുന്നതും കാഴ്ചയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ അൻപതോളം ചെറിയ വാഹനങ്ങൾ ഈ കുഴിയിൽ വീണ് തകരാറിലായി എന്ന് നാട്ടുകാർ പറയുന്നു. മഴവെള്ളം നിറഞ്ഞ് കുഴി തിരിച്ചറിയാനാകാത്ത നിലയിലാണ്.റോഡിൽ മുന്നറിയിപ്പ് ബോർഡ് വയ്ക്കാനും അധികൃതർ തയാറായിട്ടില്ല.
കുഴിപ്പട്ടണം
കണ്ണൂർ–തളിപ്പറമ്പ് ദേശീയപാതയിൽ വളപട്ടണം പാലത്തിനു സമീപത്ത് കുഴികൾ ഏറെയാണ്.
മിക്കതിലും മഴവെള്ളം കെട്ടിക്കിടക്കുന്നു. വേണ്ടത്ര തെരുവുവിളക്കുകളുമില്ല.
അതിനാൽതന്നെ പകലും രാത്രിയും ഈ കുഴി തിരിച്ചറിയാൻ കഴിയില്ല. കാൽടെക്സിലും യാത്രക്കാരെ വീഴ്ത്തുന്ന കുഴിയുണ്ട്. വളപട്ടണം പാലം കഴിഞ്ഞ് കെഎസ്ടിപി റോഡ് തുടങ്ങുന്ന ഭാഗത്തെ വലിയ കുഴിയും അപകടഭീതിയുണ്ടാക്കുന്നുണ്ട്.
ആരോട് ചോദിക്കാൻ ; ആരു പറയാൻ
പുതിയ ദേശീയപാതയുടെ പ്രവൃത്തി തുടങ്ങിയതു മുതൽ പഴയ ദേശീയപാതയുടെ അറ്റകുറ്റ പ്രവൃത്തികൾ കാര്യക്ഷമമല്ല.
പുതിയ ദേശീയപാതയുടെ നിർമാണം പൂർത്തിയാകുന്നതുവരെ പഴയ ദേശീയപാതയുടെ ചുമതലയും ദേശീയപാത അതോറിറ്റിക്കാണെന്നാണും അതിനാൽ തങ്ങൾക്ക് പ്രവൃത്തികൾ നടത്താനാകില്ലെന്നുണ് സംസ്ഥാന ദേശീയപാത–മരാമത്ത് വകുപ്പിന്റെയും ജനപ്രതിനിധികളുടെയും മറുപടി.
പുതിയ ദേശീയപാതയുടെ നിർമാണം നടത്തുന്ന കരാർ കമ്പനിക്ക് പഴയ ദേശീയപാതയുടെ അറ്റകുറ്റപ്പണിയുടെ ചുമതലയും നൽകിയിട്ടുണ്ടെന്ന് ദേശീയപാത അതോറിറ്റിയും പറയുന്നു. എന്നാൽ, ദേശീയപാത അതോറിറ്റി നിർദേശിച്ചാലേ തങ്ങൾക്ക് പ്രവൃത്തികൾ നടത്താൻ പറ്റൂ എന്ന് ദേശീയപാത നിർമാണ കമ്പനി പറയുന്നു. സംസ്ഥാനത്ത് തിരുവനന്തപുരത്ത് മാത്രമാണ് ദേശീയപാത അതോറിറ്റിയുടെ റീജനൽ ഓഫിസ് ഉള്ളത്.
ജില്ലയിലെ ദേശീയപാതയിലെ കുഴിയിൽവീണ് ദുരിതത്തിലായവർ ഇക്കാര്യം അധികൃതരെ ബോധ്യപ്പെടുത്താൻ തലസ്ഥാനത്തേക്ക് പോകേണ്ട അവസ്ഥയിലാണ്.
പൊടികൊണ്ട് ഓട്ടയടയ്ക്കൽ
റോഡിലെ കുഴികൾ അടയ്ക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്.
ദേശീയപാതാ നിർമാണ കമ്പനി നിയോഗിച്ച തൊഴിലാളികൾ ജെല്ലിപ്പൊടി ഇട്ട് പേരിനൊരു കുഴിമൂടൽ മാത്രമാണ് നടത്തുന്നത്. ഒരു മഴ പെയ്താൽ കുഴികൾ വീണ്ടും രൂപപ്പെടുന്നതിനാൽ ദേശീയപാതയടക്കം റോഡുകളിലൂടെയുള്ള യാത്ര ഏറെ ശ്രദ്ധിച്ച് വേണം.
‘ചാലാ’യി
കൂത്തുപറമ്പ്–തലശ്ശേരി–കണ്ണൂർ റോഡുകൾ ചേരുന്ന ചാല ബൈപാസ് ജംക്ഷനിലെ കുഴിയിൽ ഇരു ചക്രവാഹനങ്ങൾ തെന്നി വീഴുന്നത് പതിവാണ്.
3 റോഡിലേക്കും വാഹനങ്ങൾ തിരിഞ്ഞുപോകുന്ന സ്ഥലമായതിനാൽ കുഴികളിൽനിന്ന് ചിതറി റോഡിലേക്ക് വ്യാപിച്ചിട്ടുള്ള ചെറിയ കല്ലുകൾ വലിയ വാഹനങ്ങളുടെ നിയന്ത്രണവും തെറ്റിക്കുന്നുണ്ട്. റോഡിലേക്ക് വീണ യാത്രക്കാരെ പിടിച്ചെഴുന്നേൽപിക്കൽ ജംക്ഷന് സമീപത്തെ വ്യാപാരികളുടെ പതിവ് ജോലിയാണ്. ബൈപാസിന്റെ മറ്റു ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]