
പണം കൊണ്ടുനടന്നു ചെലവഴിക്കുന്നത് പഴഞ്ചൻ സമ്പ്രദായമാണെന്നും പകരംവന്ന ക്രെഡിറ്റ് കാർഡുകൾ കടം വരുത്തിവയ്ക്കുന്ന കെണികളാണെന്നും ആശങ്കപ്പെട്ടിരുന്നവർക്ക് പണമിടപാടുകൾക്ക് അനായാസതയും ലാളിത്യവും നൽകിയ സാങ്കേതികവിദ്യയാണ്
.
തത്സമയ ചെറിയ പണമിടപാടുകൾ വ്യാപകമായി സാധ്യമാക്കിക്കൊണ്ടു സാധാരണക്കാരുടെ പ്രിയ സംവിധാനമായി യുപിഐ പെട്ടെന്നു മാറുകയും ചെയ്തു. എന്നാൽ അടുത്ത ശമ്പളത്തീയതിക്കു വളരെ മുൻപേ അക്കൗണ്ട് കാലിയാക്കുന്നതിൽ യുപിഐയുടെ വരവു പ്രധാന കാരണമായിട്ടുണ്ടെന്നു സ്ഥിരവരുമാനക്കാരെങ്കിലും ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടാകും.
സാങ്കേതിക മികവ്
കേന്ദ്രീകൃത സാങ്കേതിക സംവിധാനംവഴി ഒരു അക്കൗണ്ടിൽനിന്നും മറ്റൊരു അക്കൗണ്ടിലേക്കുള്ള ഡിജിറ്റൽ പണമിടപാടുകൾ വിജയകരമായി നടപ്പാക്കിയതിന്റെ ലോകോത്തര ഉദാഹരണമാണ് യുപിഐ.
നാഷനൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ചു വിപുലപ്പെടുത്തിയ യുപിഐ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈൽ ആപ്പിലൂടെ ഇടപാടുകൾക്കു സജ്ജമാക്കുന്നു.
സേവനങ്ങളും സാധനങ്ങളും വാങ്ങുന്നതിനു വഴിയോര കച്ചവടക്കാർക്കുൾപ്പെടെ ഡിജിറ്റലായി പണം നൽകാം. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഉൾപ്പെടെ ബാങ്ക് അക്കൗണ്ടുള്ള ആരുമായും പണമിടപാട് നടത്താനും യുപിഐ സൗകര്യമൊരുക്കുന്നു.
ഫോൺപേ, ഗൂഗിൾപേ, പേയ്ടിഎം, നവി, സൂപ്പർ മണി എന്നിങ്ങനെ പണമിടപാട് സാധ്യമാക്കുന്ന ആപ്പുകൾ പല പേരിൽ ലഭ്യമാണ്.
പക്ഷേ, ഇവയിലെല്ലാം യഥാർഥത്തിൽ ഇടപാട് പൂർത്തിയാക്കുന്നത് യുപിഐ സംവിധാനത്തിലൂടെയാണ്. കച്ചവടസ്ഥാപനങ്ങൾക്കായി ഡിജിറ്റൽ പണമിടപാടുകൾ നടത്തിക്കൊടുക്കുന്ന റേസർ പേ, പൈൻ ലാബ്സ് തുടങ്ങിയ ആപ്പുകളുടെയും അടിസ്ഥാനം യുപിഐതന്നെ.
യുപിഐ അധിഷ്ഠിത ഡിജിറ്റൽ പണമിടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് തുടങ്ങിയ ഫീസുകൾ ഏർപ്പെടുത്തുന്നത് ആലോചനയിലില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയത് യുപിഐയുടെ ജനസമ്മതി ഒന്നുകൂടി ഉയർത്തി.
ഇടപാടിന് മിന്നൽ വേഗം
യുപിഐ ഇടപാടുകൾ പൂർത്തിയാക്കാൻ ഏതാണ്ട് അരമിനിറ്റ് സാവകാശം വേണം, നെറ്റ്വർക്ക് പ്രശ്നങ്ങളുള്ളയിടങ്ങളിൽ അക്കൗണ്ടിൽനിന്നു പണം കിഴിവുചെയ്ത് പോയിട്ടുണ്ടോയെന്ന് ഉറപ്പാക്കാൻ സമയമെടുക്കും എന്നീ പ്രശ്നങ്ങളാണ് യുപിഐ ഇടപാടുകാർക്ക് പ്രധാനമായും ഉണ്ടായിരുന്നത്.
ആവശ്യപ്പെട്ട് പതിനഞ്ചു സെക്കന്റിനുള്ളിൽ പണമിടപാട് പൂർത്തിയാക്കുക മാത്രമല്ല, പത്തു സെക്കന്റിനുള്ളിൽ പണം കൊടുത്ത വിവരം അറിയിക്കുന്നതിനും സാധിക്കുന്ന രീതിയിൽ യുപിഐ സംവിധാനം പരിഷ്കരിച്ചിരിക്കുന്നു. ഇടപാട് റദ്ദാക്കുന്ന അവസരങ്ങളിൽ പത്തു സെക്കന്റിനുള്ളിൽ പണം തിരികെ ലഭിക്കുകയും ചെയ്യും.
അതോടെ ലോകോത്തര തത്സമയ പണമിടപാട് സംവിധാനമായി മാറിയിരിക്കുന്നു യുപിഐ.
അനായാസത മറയ്ക്കുന്നത് വരവിനെ
അടുത്തുള്ളതിനെ പെരുപ്പിച്ചു കാണുവാനും പിന്നീട് സംഭവിക്കുന്നതിനെ കുറച്ചു കാണുവാനുമുള്ള മനുഷ്യമനസ്സിന്റെ മുൻവിധികൾ കൂടുതൽ പ്രകടമാകുന്നതു പണമിടപാടുകളെ വിലയിരുത്തുമ്പോഴാണ്. ഒരു മാസം കഴിഞ്ഞു ലഭിക്കുന്ന പതിനഞ്ചു രൂപയെക്കാൾ മിക്കവരും തിരഞ്ഞെടുക്കുക ഇന്നു ലഭിക്കുന്ന പത്തു രൂപയായിരിക്കും. ഇപ്പോൾ സുഗമമായി ചെല
വിടുന്നതിന്റെ സുഖത്തിൽ, മാസാവസാനം പണമില്ലാതെ വരുന്ന അവസ്ഥ സൗകര്യമായി വിസ്മരിക്കപ്പെടുന്നു.
ആർക്കും എപ്പോൾ വേണമെങ്കിലും അനായാസം യുപിഐവഴി പണം നൽകാമെന്നു വന്നതോടെ വരവറിഞ്ഞു ചെലവാക്കുക, താങ്ങാവുന്നതു വാങ്ങുക തുടങ്ങിയ പഴഞ്ചൻ ചിന്തകളെല്ലാംതന്നെ ഗൗനിക്കാതെയായിരിക്കുന്നു. സുഗമമായെന്നു കരുതി വരവറിഞ്ഞല്ലാതെയുള്ള ചെലവിടൽ യുപിഐ വഴിയായാലും ഗുണകരമാകില്ല.
വേദനരഹിത പണംകൊടുക്കൽ
മടിശ്ശീലയിൽനിന്ന് അഞ്ഞൂറിന്റെ പുത്തൻ നോട്ടെടുത്തു കൊടുക്കുമ്പോൾ മനസ്സിന്റെ കോണിൽ ചെറുതായെങ്കിലും അനുഭവപ്പെട്ടിരുന്ന നോവ് യുപിഐ വന്നതോടെ അപ്രത്യക്ഷമായി.
യഥാർഥത്തിൽ ആവശ്യമുള്ളതിനാണോ പണം നൽകുന്നതെന്ന് ഒരു നിമിഷം ചിന്തിക്കാനുള്ള അവസരവും യുപിഐ ഇല്ലാതാക്കിയിരിക്കുന്നു.
കുഞ്ഞു തുകകളും ചെറിയ ഇടപാടുകളും ഒക്കെയാണെങ്കിലും യുപിഐയുടെ ആവർത്തിച്ചുള്ള ഇടപാടുകളിലൂടെ തുക ഉയരുന്നതു മിക്കവരും ശ്രദ്ധിക്കാതെപോകുന്നു. വരുമാന വർധന യെക്കാൾ കയ്യിൽക്കിട്ടിയ വരുമാനത്തിൽനിന്ന് എത്രമാത്രം മിച്ചംപിടിക്കാനാകും എന്ന സമ്പാദ്യശീലത്തിന്റെ അടിസ്ഥാന പ്രമാണമാണ് ഇവിടെ മയപ്പെടുന്നത്.
അക്കൗണ്ടിൽ പണം ഉണ്ടെങ്കിലേ യുപിഐ ഇടപാടുകൾ സാധ്യമാകൂ എന്ന പരിമിതിയും മാറി. ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾവരെ ഒരൊറ്റ യുപിഐ ഐഡിയിലൂടെ ബന്ധപ്പെടുത്താമെന്നായതോടെ ശ്രദ്ധിച്ചില്ലെങ്കിൽ കടക്കെണിയിൽ അകപ്പെടാനുള്ള എളുപ്പമാർഗമായും യുപിഐ മാറും, ജാഗ്രതൈ.
(സി.എസ്.
രഞ്ജിത്ത്: പ്രമുഖ കോളമിസ്റ്റും വേൾഡ് ബാങ്ക് കൺസൽറ്റന്റുമാണ് ലേഖകൻ)
(മലയാള മനോരമ സമ്പാദ്യം ജൂലൈ 2025 ലക്കം പ്രസിദ്ധീകരിച്ചത്)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]