
കൊട്ടിയൂർ∙ മലയോര കുടിയേറ്റ കർഷക മേഖലകളിൽ വികസനത്തിന് നേതൃത്വം നൽകുകയും പങ്കാളിയാകുകയും ചെയ്ത ഫാ.തോമസ് മണ്ണൂർ വിട വാങ്ങുമ്പോൾ തലശ്ശേരി, മാനന്തവാടി കത്തോലിക്കാ രൂപതകൾക്കു മാത്രമല്ല കണ്ണൂർ വയനാട് ജില്ലകളിലെ ഒട്ടേറെ ഉൾ ഗ്രാമങ്ങളേയും സങ്കടത്തിൽ ആഴ്ത്തുകയാണ്.മണ്ണൂരച്ചൻ എന്നായിരുന്നു എല്ലാവരും അദ്ദേഹത്തെ സ്നേഹപൂർവം വിളിച്ചിരുന്നത്.
പുരോഹിതനായ ശേഷം ആദ്യം നിയമിതനായത് കർണാടകയിലെ ഷിമോഗയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ അസിസ്റ്റന്റ് വികാരിയായിട്ടാണ്.
ഷിമോഗയിൽ കർഷക കുടിയിറക്ക് സമരം രൂക്ഷമായ അക്കാലത്ത് മലയാളികളായ കർഷകരെ കുടിയൊഴിപ്പിച്ചപ്പോൾ അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ നിയമിതരായത് ഫാ.ജോസഫ് കുന്നേലും കൊച്ചച്ചനായിരുന്നു ഫാ.തോമസ് മണ്ണൂരുമായിരുന്നു.അന്ന് തുടങ്ങിയ പൊതു പ്രവർത്തനം പിന്നീട് സേവനം ചെയ്ത എല്ലാ പ്രദേശങ്ങളിലും അദ്ദേഹം തുടർന്നു. ഷിമോഗയിൽ നിന്നു കുടിയിറക്കപ്പെട്ടവരെ കണ്ണൂർ ജില്ലയിലെ ചന്ദനക്കാംപാറയിൽ പുനരധിവസിപ്പിച്ചു.
അന്ന് അവിടെ പുതുതായി തുടങ്ങിയ ഇടവകയാണ് ലിറ്റിൽ ഫ്ലവർ പള്ളി.പിന്നീട് മാനന്തവാടി രൂപതയിലേക്ക് സേവനത്തിന് പോയ അദ്ദേഹം വയനാട്ടിലെ കോട്ടത്തറയിൽ നിയമിതനായി.
കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയായി സേവനം ചെയ്യുമ്പോൾ ആണ് 50 വർഷം മുൻപ് പ്രശസ്തമായ ഇമിഗ്രേഷൻ ജൂബിലി മെമ്മോറിയൽ ഹൈസ്കൂൾ സ്ഥാപിച്ചത്. മലയോരത്തെ ആദ്യ സമാന്തര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായിരുന്ന കൊട്ടിയൂർ യുവദീപ്തി കോളജ് 1974 ൽ തുടങ്ങിയതും അദ്ദേഹമാണ്.
ഒറ്റ ദിവസം കൊണ്ട് 7000 പേർ ചേർന്ന് നിർമിച്ച മണത്തണ കൊട്ടിയൂർ റോഡിന്റെ തുടർ പണികൾക്കു പിന്നീട് നേതൃത്വം നൽകിയവരിലും മണ്ണൂരച്ചൻ ഉണ്ടായിരുന്നു. കണ്ണൂരിനേയും വയനാടിനേയും തമ്മിൽ ചുരമില്ലാതെ ബന്ധിപ്പിക്കാൻ സാധിക്കുന്ന കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44–ാം മൈൽ റോഡിനായും കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിനായും ഉള്ള പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കെടുത്തു. രാജ്കോട്ടെ വാങ്കനീർ മിഷനിലും അദ്ദേഹം സേവനം ചെയ്തു.
പിന്നീട് ഊട്ടിയിലായിരുന്നു അദ്ദേഹം പ്രവർത്തിച്ചത്.
1937 നവംബർ 15ന് പാലായിൽ മുത്തോലിയിൽ മണ്ണൂർ ഉലഹന്നാന്റെയും ഏലിയുടെയും ആറുമക്കളിൽ അഞ്ചാമനായി ജനിച്ച മുത്തോലി സെന്റ് ആന്റണീസ് സ്കൂളിൽ എസ്എസ്എൽസി പഠനം പൂർത്തിയാക്കി. തുടർന്ന് ആലക്കോട്, വെള്ളാട് എന്ന സ്ഥലത്തേക്ക് കുടുംബം കുടിയേറി എത്തുകയായിരുന്നു.
1959 മുതൽ ആലുവ മേജർ സെമിനാരിയിൽ പഠനം നടത്തി 1966 മാർച്ച് 10ന് വൈദിക പട്ടം സ്വീകരിച്ചു. മണ്ണൂരച്ചന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 5 മണി വരെ വയനാട്ടിലെ ദ്വാരക പാസ്റ്ററൽ സെന്ററിൽ പൊതുദർശനത്തിന് വയ്ക്കും. നാളെ, ആലക്കോട് കരുവഞ്ചാലടുത്ത് വെള്ളാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കരിക്കും.
മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം കാർമികത്വം വഹിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]