
ആലത്തൂർ∙ 76ാം വയസ്സിലും കൃഷ്ണൻകുട്ടിയുടെ മനസ്സു നിറയെ നടക്കാൻ പോകുന്ന പരീക്ഷകളെക്കുറിച്ചുള്ള ആശങ്കയാണ്. പ്രിയപ്പെട്ട
വിഷയങ്ങളായ ഇംഗ്ലിഷും മലയാളവും കുഴപ്പിച്ചില്ല. ഇനിയുള്ള പൊളിറ്റിക്കൽ സയൻസും ഇക്കണോമിക്സും കൂടി കഴിഞ്ഞാൽ പിന്നെ പ്ലസ്ടു പഠനത്തിന്റെ തിരക്കിലേക്കു മാറും.
ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു സമീപം വള്ളിക്കുന്നം ജയജ്യോതിയിൽ എം.കൃഷ്ണൻകുട്ടിയാണു സാക്ഷരതാ മിഷൻ നടത്തുന്ന പ്ലസ് വൺ തുല്യത പരീക്ഷ എഴുതുന്നത്.
ആലത്തൂർ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണു പരീക്ഷ. 149 പേരാണ് ആകെ പരീക്ഷ എഴുതുന്നത്.
ഇന്നു രാവിലെയും ഉച്ചകഴിഞ്ഞുമായി രണ്ടു പരീക്ഷകളുണ്ട്.
അടുത്ത ശനിയും ഞായറുമായി നടക്കുന്ന പൊളിറ്റിക്കൽ സയൻസും ഇക്കണോമിക്സും കഴിഞ്ഞാലേ കൃഷ്ണൻകുട്ടിയുടെ ടെൻഷൻ മാറുകയുള്ളു. പ്ലസ്ടു പരീക്ഷ കൂടി പാസായി എൽഎൽബിക്കു ചേരാനാണ് ആഗ്രഹം.
മുത്തച്ഛനെ പഠനവഴിയിൽ സഹായിച്ചു പേരക്കുട്ടികളായ ശ്രീരാഗും ശ്രീരൂപും ഒപ്പമുണ്ട്. 1965ലാണു കൃഷ്ണൻകുട്ടി എസ്എസ്എൽസി പാസായത്. ടൈപ് റൈറ്റിങ്ങും ഷോർട്ട് ഹാൻഡും പാസായി മധുരയിലെ പാഴ്സൽ സർവീസ് ഓഫിസിൽ സ്റ്റെനോ ടൈപ്പിസ്റ്റായി ജോലിക്കു കയറി.
തുടർന്നു പഠിക്കാനുള്ള താൽപര്യം ഉണ്ടായിരുന്നുവെങ്കിലും ജീവിതസാഹചര്യം അനുവദിച്ചില്ല.
അറിവിനു പ്രായമില്ല എന്ന തത്വമാണ് കൃഷ്ണൻകുട്ടി ജീവിതത്തിൽ സ്വീകരിച്ചത്. ആലത്തൂർ താലൂക്ക് റഫറൻസ് ലൈബ്രറിയിലെ സന്ദർശനങ്ങളാണു തുടർ പഠനത്തിനു പ്രേരണയായത്. ലൈബ്രറിയിലെ വയോജനവേദിയിലും അംഗമാണ്.
കിട്ടാവുന്ന പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് എടുത്തു വായിക്കും. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും മുടങ്ങാതെ നോക്കും. ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിലെ പ്രകടനം കണ്ട് മറ്റുള്ളവർ പ്രോത്സാഹിപ്പിച്ചതാണ് ഈ പ്രായത്തിലും സാക്ഷരതാ മിഷൻ നടത്തുന്ന ക്ലാസുകളിലെത്താൻ കാരണം. ഞായറാഴ്ചകളിൽ രാവിലെയും ഉച്ചയ്ക്കുമാണു ക്ലാസുകൾ.
ഭാര്യ ജയലക്ഷ്മിയും മക്കളായ പ്രവീണും പ്രമോദും പ്രോത്സാഹനം നൽകി കൂടെയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]