
തിരുവനന്തപുരം ∙ റോഡിന്റെ മധ്യത്തിൽ സ്റ്റേജ് കെട്ടിയും നടപ്പാത കയ്യേറി പന്തലിട്ടും തലസ്ഥാനത്ത് ബിജെപിയുടെയും അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെയും സമരങ്ങൾ. ഗതാഗതം തടസ്സപ്പെടുത്തി സമ്മേളനങ്ങളും സമരങ്ങളും നടത്തുന്നതിനെതിരെ ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചിരുന്നു.
രാജ് ഭവനു മുന്നിലെ റോഡിന്റെ മധ്യത്തിൽ തുറന്ന സ്റ്റേജ് കെട്ടിയായിരുന്നു മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ സമരം. കോർപറേഷൻ ആസ്ഥാനത്തിനു മുന്നിൽ പ്രധാന കവാടം അടച്ച് പന്തൽ കെട്ടിയാണ് ഒരു പകൽ നീണ്ട
സമരം ബിജെപി നടത്തിയത്. വെള്ളയമ്പലം– കവടിയാർ റോഡിൽ ഉച്ച വരെ ഗതാഗതം തടസ്സപ്പെട്ടു.
കോർപറേഷൻ ആസ്ഥാനത്തിനു മുന്നിലൂടെ വാഹനങ്ങൾ കടത്തിവിട്ടെങ്കിലും ഗതാഗത കുരുക്കുണ്ടായി.
കോടതി നിർദേശം ലംഘിച്ചതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി. ലീലാ കൃഷ്ണൻ ഉൾപ്പെടെ 3 പേർക്കെതിരെയും കോർപറേഷൻ ഓഫിസിന് മുന്നിലെ സമരത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.
രാജേഷ് സെൻട്രൽ ജില്ലാ കമ്മിറ്റി പ്രസിഡന്റ് കരമന ജയൻ, കോർപറേഷൻ പാർലമെന്ററി പാർട്ടി നേതാവ് എം.ആർ.ഗോപൻ തുടങ്ങി കണ്ടാലറിയാവുന്ന നൂറോളം പേർക്ക് എതിരെയും കേസ് റജിസ്റ്റർ ചെയ്തതായി മ്യൂസിയം പൊലീസ് അറിയിച്ചു.
രാജ് ഭവന് മുന്നിൽ
വെള്ളയമ്പലം– കവടിയാർ റോഡിൽ, രാജ് ഭവനിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം ലോറി കുറുകെ നിർത്തി അതിൽ താൽക്കാലിക സ്റ്റേജ് കെട്ടിയായിരുന്നു മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ സമരം. രാവിലെ പത്തരയോടെ ലോറി സ്ഥലത്തെത്തിച്ചു.
ഈ സമയം മുതൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾ വെള്ളയമ്പലം, കവടിയാർ എന്നിവിടങ്ങളിൽ നിന്ന് പൊലീസ് വഴി തിരിച്ചു വിട്ടു. പന്ത്രണ്ടരയോടെ സമരം അവസാനിച്ചെങ്കിലും അര മണിക്കൂറോളം കഴിഞ്ഞ ശേഷമാണ് ലോറി റോഡിൽ നിന്ന് നീക്കിയത്.
കോർപറേഷന് മുന്നിൽ
കോർപറേഷൻ ആസ്ഥാനത്തിന്റെ പ്രധാന കവാടം പൂർണമായി അടച്ചു പന്തൽ കെട്ടിയായിരുന്നു ബിജെപിയുടെ സമരം.
റോഡിൽ കസേരകളും നിരത്തി. കവാടത്തിനു മുൻവശത്തെ നടപ്പാത പൂർണമായി കയ്യേറിയിരുന്നതിനാൽ കാൽനടയാത്രക്കാരെ റോഡിന് മറുവശം വഴി പൊലീസ് കടത്തിവിട്ടു. ഉച്ചയ്ക്ക് പാചക വാതകസിലിണ്ടറും സ്റ്റൗവും പാത്രങ്ങളും എത്തിച്ച് കഞ്ഞി പാകം ചെയ്തു വിളമ്പിയതും നടപ്പാതയിൽ. ബഹുനില പാർക്കിങ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള കവാടം വഴിയാണ് മേയർ ഉൾപ്പെടെയുള്ളവരുടെ വാഹനം ഓഫിസ് വളപ്പിലേക്ക് കടത്തിയത്.തിരികെ പോയത് പുറകുവശത്തെ ഗേറ്റ് വഴി.
വിവിധ ആവശ്യങ്ങൾക്ക് ഓഫിസിലെത്തിയ പൊതു ജനങ്ങളും സമരത്തിൽ വലഞ്ഞു. രാവിലെ 11 ന് ആരംഭിച്ച സമരം വൈകിട്ട് 6 വരെ നീണ്ടു.
മുൻപ് സിപിഎം
കഴിഞ്ഞ ഡിസംബറിൽ, വഞ്ചിയൂർ ജംക്ഷനിൽ റോഡ് പൂർണമായി അടച്ച് സിപിഎം വേദിയൊരുക്കിയതു സംബന്ധിച്ച പരാതിയിൽ ഹൈക്കോടതി നടപടികൾ പുരോഗമിക്കുകയാണ്. പാർട്ടി പാളയം ഏരിയ സമ്മേളനത്തിനോട് അനുബന്ധിച്ചായിരുന്നു റോഡിൽ വേദി കെട്ടിയത്.
വനിതാ ജംക്ഷൻ പരിപാടിക്കായി ബാലരാമപുരം ജംക്ഷനു സമീപം റോഡിന്റെ മധ്യത്തിൽ വേദിയൊരുക്കിയതു സംബന്ധിച്ചും ഹൈക്കോടതി ഇടപെടലുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]