
മുരിയാട്∙ ആനന്ദപുരം ഗവ.യുപി സ്കൂളിൽ മാസങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്ത് കിച്ചൻ കം സ്റ്റോർ കെട്ടിടം അപകടാവസ്ഥയിൽ. കെട്ടിടത്തിന്റെ തറ ഒരു ഭാഗത്ത് മണ്ണിലേക്ക് താഴ്ന്ന് കെട്ടിടം ചരിഞ്ഞു.
മേൽക്കൂര നിലം പതിക്കാതിരിക്കാൻ ഉള്ളിൽ ഇരുമ്പ് തൂണുകൾ വച്ച് ഉറപ്പിച്ച നിലയിലാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഏഴ് ലക്ഷം രൂപയോളം ചെലവഴിച്ച് നിർമിച്ച കെട്ടിടം കഴിഞ്ഞ നവംബർ 18ന് ആണ് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തത്. നിർമാണ സമയത്തുതന്നെ കെട്ടിടം ഒരു വശത്തേക്ക് ചെരിവ് ഉണ്ടായിരുന്നു എന്ന് നാട്ടുകാർ ആരോപിച്ചു.
ദിവസങ്ങൾക്കുള്ളിൽ തറയുടെ ഒരു ഭാഗം താഴ്ന്ന് കെട്ടിടം കൂടുതൽ ചരിഞ്ഞു തുടങ്ങി.
അപകടാവസ്ഥ തിരിച്ചറിഞ്ഞതോടെ ഉച്ചഭക്ഷണം പാകം ചെയ്യുന്നത് നിർത്തിവച്ച് പഴയ പാചക പുരയിലേക്ക് മാറ്റി. കെട്ടിടത്തിന്റെ ബലക്കുറവ് മനസ്സിലായതോടെയാണ് അകത്ത് മേൽക്കൂരയെ താങ്ങി നിർത്തുന്ന തരത്തിൽ ഇരുമ്പ് തൂണുകൾ സ്ഥാപിച്ചത്. സ്കൂൾ പിടിഎ പ്രസിഡന്റ് കൂടിയായ മുരിയാട് പഞ്ചായത്തംഗം ഉൾപ്പെട്ട കമ്മിറ്റിയാണ് നിർമാണത്തിന് നേതൃത്വം നൽകിയത്.
നിർമാണഘട്ടത്തിൽ തന്നെ അപാകതകളും അപകടാവസ്ഥയും ചൂണ്ടിക്കാണിച്ചെങ്കിലും അതെല്ലാം അവഗണിക്കുകയായിരുന്നു എന്ന് വാർഡ് അംഗം നിത അർജുനൻ പറഞ്ഞു.
നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ, പഞ്ചായത്തംഗം ശ്രീജിത്ത് പട്ടത്ത്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വിബിൻ വെള്ളയത്ത്, മണ്ഡലം സെക്രട്ടറിമാരായ സി.എസ്.അജീഷ്, ടി.ആർ.ദിനേഷ് എന്നിവർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]