കൽപറ്റ ∙ മേഖലയിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കുന്നു. ആദ്യപടിയായി ഇന്നു രാവിലെ 10 ന് കാപ്പംകൊല്ലി 46 ജംക്ഷനിൽ ഒപ്പുശേഖരണവും പ്രതിഷേധക്കൂട്ടായ്മയും സംഘടിപ്പിക്കുമെന്ന് വികാരി ഫാ.ഡാനി ജോസഫ്, സാമൂഹിക ശുശ്രൂഷാസമിതി കോഓർഡിനേറ്റർ സൗമ്യ സാബു മറ്റക്കാട്ട് എന്നിവർ അറിയിച്ചു.
മേപ്പാടി പഞ്ചായത്തിലെ കാപ്പംകൊല്ലി, പുഴമൂല, ആനക്കാട്, കാപ്പിക്കാട്, കോട്ടനാട്, എരുമക്കൊല്ലി 22, മാനിവയൽ, ചുങ്കത്തറ, കുന്നമ്പറ്റ എന്നിവിടങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്. ഉപജീവനത്തിന് കൃഷിയെയും അനുബന്ധ ജോലികളെയും ആശ്രയിക്കുന്ന ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം ദുരിതപൂർണമാണ്.
കാപ്പംകൊല്ലിയിലും സമീപപ്രദേശങ്ങളിലും ഒന്നര പതിറ്റാണ്ടായി വന്യമൃഗശല്യമുണ്ട്.
സമീപകാലത്ത് ഇത് വർധിച്ചു. ആനയും പുലിയും അടക്കം വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിൽ നിരന്തരം എത്തുകയാണ്.
കഴിഞ്ഞ ദിവസം സന്ധ്യയോടെ പത്ത് ആനകളാണ് ഇറങ്ങിയത്. നേരം പുലരുംവരെ കൃഷിയിടങ്ങളിൽ തങ്ങിയ ഇവ വലിയ തോതിൽ കൃഷിനാശം വരുത്തി. കർഷകരും തൊഴിലാളികളും തോട്ടങ്ങളിൽ ഭീതിയോടെയാണ് ജോലിക്കിറങ്ങുന്നത്.
ജീവൻ കൈയിൽ പിടിച്ചാണ് വിദ്യാർഥികൾ സ്കൂളുകളിലേക്ക് കാൽനടയായി പോകുന്നതും വരുന്നതും. ഉദ്യോഗസ്ഥരുടെ സ്ഥിതിയും ഭിന്നമല്ല.
വന്യമൃഗ ആക്രമണത്തിൽ മരിച്ചവരും പരുക്കേറ്റവരും ഭാഗ്യത്തിന് രക്ഷപ്പെട്ടവരും കാപ്പംകൊല്ലിയിലും സമീപസ്ഥലങ്ങളിലുമുണ്ട്. മാസങ്ങൾ മുൻപാണ് ആനക്കാടിൽ പുലി ആക്രമണത്തിൽ പശു ചത്തത്.
കുരങ്ങ്, മലയണ്ണാൻ എന്നിവയും ജനങ്ങൾക്ക് അലോസരമാകുന്നുണ്ട്.
വന്യജീവി പ്രശ്നം പലകുറി വനം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരനടപടികൾ ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കാനും ഒപ്പുശേഖരണം നടത്തി ഗവർണർക്കും മറ്റും നിവേദനം നൽകാനും തീരുമാനം.
വനാതിർത്തിയിൽ വൈദ്യുത വേലി സ്ഥാപിക്കുക, കുരങ്ങ്, മലയണ്ണാൻ എന്നിവയെ കൂടുവച്ച് പിടിച്ച് ഉൾവനത്തിൽ വിടുക, കൃഷിയിടങ്ങളിൽ എത്തുന്ന മുള്ളൻപന്നി, കാട്ടുപന്നി എന്നിവയെ വെടിവച്ചുകൊല്ലാൻ അനുമതി നൽകുക, വന്യജീവികൾ മൂലമുള്ള കൃഷിനാശത്തിന് നഷ്ടപരിഹാരം വർധിപ്പിച്ച് സമയബന്ധിതമായി അനുവദിക്കുക തുടങ്ങിയവയാണ് പ്രതിഷേധക്കൂട്ടായ്മയുടെ ആവശ്യങ്ങൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]