
തൊടുപുഴ ∙ നഗരസഭയുടെ പാറക്കടവ് ഡംപിങ് യാഡിലെ മാലിന്യനീക്കം വൈകുന്നു. ബയോ മൈനിങ് പ്രക്രിയയിലൂടെ മാലിന്യം വേർതിരിച്ച് ഇവ പുനരുപയോഗം നടത്തി നീക്കം ചെയ്ത് ഭൂമി വീണ്ടെടുക്കാനാണ് നഗരസഭയുടെ പദ്ധതി.
എന്നാൽ മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനിയുമായി കരാർ ഒപ്പിട്ട് ഒരു വർഷത്തോളം ആയിട്ടും പകുതിയോളം മാത്രമേ ഇവിടെനിന്നു നീക്കാൻ കഴിഞ്ഞിട്ടുള്ളൂ. കരാർ കാലാവധി തീർന്നിട്ടും മാലിന്യത്തിന്റെ നല്ലൊരു ഭാഗവും ഇവിടെ കിടക്കുകയാണ്.
വേഗത്തിൽ പൂർത്തിയാക്കേണ്ട മാലിന്യ നീക്കം ഇപ്പോൾ മന്ദഗതിയിലാണ് നടന്നു വരുന്നത്.
മഴ മൂലമാണ് മാലിന്യ നീക്കം തടസ്സപ്പെട്ടതെന്നാണ് നഗരസഭ അധികൃതർ പറയുന്നത്.
ശുചിത്വ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.മാലിന്യം ശാസ്ത്രീയമായി വേർതിരിച്ച് സംസ്കരിക്കുകയും ഭൂമി ഉപയോഗപ്രദമാക്കുകയുമാണ് നഗരസഭയുടെ ലക്ഷ്യം. 40 വർഷത്തോളമായി തൊടുപുഴ നഗരസഭയിൽനിന്നുള്ള മാലിന്യം പാറക്കടവിലെ ഡംപിങ് യാഡിലാണ് തള്ളുന്നത്.
വർഷങ്ങളോളം മാലിന്യം തള്ളിയതിനെ തുടർന്ന് ഇവിടെ മാലിന്യമല തന്നെ രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുമായി നഗരസഭാധികൃതർ രംഗത്തെത്തിയത്.
കോഴിക്കോട് ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തിനാണ് മാലിന്യം നീക്കാൻ കോടികളുടെ കരാർ നൽകിയത്.ഇതുവരെ 18,000 ക്യുബിക് മീറ്ററോളം മാലിന്യം ശാസ്ത്രീയമായി വേർതിരിച്ചെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്.
ആദ്യഘട്ടത്തിൽ തരംതിരിച്ച മാലിന്യം ലോറിയിൽ കയറ്റി അയച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ പിന്നീട് തരംതിരിക്കുന്ന ജോലി നടക്കുന്നുണ്ടെങ്കിലും മാലിന്യം കൂടുതലായി ഇവിടെനിന്നു കയറിപ്പോകുന്നില്ലെന്നാണ് ആക്ഷേപം.
ബയോ മൈനിങ് പ്രവർത്തനം നടക്കുന്നതിനാൽ ടൗണിൽനിന്നുള്ള മാലിന്യം ഇപ്പോൾ ഡംപിങ് യാഡിൽ തള്ളുന്നില്ല. നേരത്തേ വ്യാപാര സ്ഥാപനങ്ങളിൽനിന്നും മറ്റുമുള്ള ഭക്ഷ്യ മാലിന്യങ്ങൾ ഉൾപ്പെടെ നഗരസഭ ശേഖരിച്ചിരുന്നു.
ഇത് നിലവിൽ നിർത്തിവച്ചിരിക്കുകയാണ്. പാറക്കടവിലെ മാലിന്യ നീക്കം വേഗത്തിലാക്കണമെന്നാണ് പാറക്കടവ് ആർവി റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.
കനത്ത മഴ മൂലമാണ് പാറക്കടവിലെ മാലിന്യ നീക്കം തടസ്സപ്പെട്ടതെന്ന് നഗരസഭാ ചെയർമാൻ കെ.ദീപക് പറഞ്ഞു. പരമാവധി വേഗത്തിൽ മാലിന്യം നീക്കം ചെയ്ത് ഭൂമി വീണ്ടെടുത്ത് ഉപയോഗപ്രദമാക്കാനാണ് നഗരസഭ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]