
കാസർകോട് ∙ ഓണവിപണി ലക്ഷ്യമാക്കി കർണാടകയിൽ നിന്നു കേരളത്തിലേക്ക് മിനിലോറിയിൽ കടത്തിയ 1500 ലീറ്റർ സ്പിരിറ്റുമായി 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു.
കോട്ടയം കാഞ്ഞിരപ്പള്ളിയിലെ വി.സി.തോമസ് (25), കാസർകോട് അടുക്കത്ത്ബയലിലെ അനുഷ് (24), നെല്ലിക്കുന്നിലെ പ്രണവ് (24) എന്നിവരെയാണ് ഇൻസ്പെക്ടർ പി.നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇന്നലെ വൈകിട്ട് ദേശീയപാത കാസർകോട് അടുക്കത്തുബയൽ നിന്നാണു വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്.
35 ലീറ്റർ ശേഷിയുള്ള 48 കന്നാസുകളിലായിരുന്നു സ്പിരിറ്റ് ഉണ്ടായിരുന്നത്. മംഗളൂരുവിൽ നിന്നു കൊച്ചിയിലേക്ക് കടത്തുകയായിരുന്നു സ്പിരിറ്റ് എന്നു പ്രതികൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
കൊച്ചിയിൽ നിർദേശിക്കപ്പെട്ട സ്ഥലത്ത് ഇവ എത്തിച്ചാൽ പറഞ്ഞുറപ്പിച്ച പണം നൽകുമെന്നും ആർക്കു വേണ്ടിയാണു കടത്തുന്നതെന്ന് അറിയില്ല എന്നുമായിരുന്നു പ്രതികളുടെ മൊഴി എന്നു പൊലീസ് പറഞ്ഞു.
ബോഡി കെട്ടിയ ലോറിയുടെ അകത്ത് കസേരകളും കാർപെറ്റുമായിരുന്നു. ലോറിയുടെ പിന്നിൽ കസേരകളും അകത്ത് ചുവപ്പ് നിറത്തിലുള്ള കാർപെറ്റ് കൊണ്ട് സ്പിരിറ്റ് നിറച്ച കന്നാസുകൾ മൂടിയ നിലയിലായിരുന്നു.
ഡിവൈഎസ്പി സി.കെ.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് അംഗങ്ങൾക്കു ലഭിച്ച വിവരത്തെ തുടർന്നു പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവ പിടികൂടിയത്. ഇതേസംഘം നേരത്തെയും സ്പിരിറ്റ് കടത്തിയതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
സിഐയെ കൂടാതെ എസ്ഐമാരായ എ.അൻസാർ, കെ.നാരായണൻനായർ, ജോജോ, എഎസ്ഐ സി.വി.ഷാജു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രാജേഷ് മാണിയാട്ട്, സിവിൽ പൊലീസുകാരായ സതീശൻ, സജേഷ്, ഉണ്ണികൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മദ്യക്കടത്ത്: പ്രതിക്ക് തടവും പിഴയും
കാഞ്ഞങ്ങാട് ∙ മദ്യം കടത്തിയ കേസിലെ പ്രതിക്ക് ഒരു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പള്ളിക്കര മാസ്തിക്കുണ്ടിലെ അരവിന്ദാക്ഷൻ എന്ന അണ്ണുവിനെയാണ് (50) ഹൊസ്ദുർഗ് അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി എം.സി.ബിജു ശിക്ഷിച്ചത്.
2021 ഏപ്രിൽ 30നാണ് സംഭവം. 150 ലീറ്റർ സ്പിരിറ്റും കർണാടകയിൽ മാത്രം വിൽക്കാൻ അനുമതിയുള്ള 382.32 ലീറ്റർ മദ്യവും പിക്കപ്പിൽ വാനിൽ കടത്തിയെന്നാണ് കേസ്.
പ്രോസിക്യൂഷന് വേണ്ടി കെ.പി.അജയ് കുമാർ ഹാജരായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]