
ഇരിട്ടി ∙
17 കോടി രൂപ മുടക്കി നിർമിച്ച ശേഷം ഉപേക്ഷിച്ചിട്ട കെട്ടിടത്തിലേക്ക് കുട്ടികളെത്തുന്നു.
ഇതുവരെ കാട്ടാനയും കുരങ്ങും മാനും പന്നിയും കയ്യടക്കി വച്ച കെട്ടിടത്തിലേക്കാണ് കുട്ടിക്കൂട്ടം എത്തുന്നത്. തിരുനെല്ലി ആശ്രമം മോഡൽ റസിഡൻഷ്യൽ സ്കൂളാണ് താൽക്കാലികമായി ആറളം റസിഡൻഷ്യൽ സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റാൻ നടപടികളാരംഭിച്ചത്.
45 വർഷം മുൻപ് നിർമിച്ച കെട്ടിടത്തിലാണ് തിരുനെല്ലിയിലെ സ്കൂൾ പ്രവർത്തിക്കുന്നത്. പൊളിഞ്ഞുവീഴാറായ അവസ്ഥയിലാണ് കെട്ടിടം.
തിരുനെല്ലിയിൽ സ്കൂൾ ആരംഭിച്ചത് രണ്ടായിരത്തിലാണെങ്കിലും അതിനു മുൻപ് തന്നെ ഇവിടെ പ്രീമെട്രിക് ഹോസ്റ്റലുകൾ പ്രവർത്തിച്ചിരുന്നു. ഈ കെട്ടിടത്തിലാണ് സ്കൂളും ആരംഭിച്ചത്.
ആറളത്ത് എല്ലാ സൗകര്യങ്ങളുമുള്ള കെട്ടിടങ്ങൾ പണിതിട്ടെങ്കിലും സ്കൂൾ തുടങ്ങുന്നതിന് ആവശ്യമായ പദ്ധതി സർക്കാർ ആവിഷ്കരിച്ചില്ല.
ഇതോടെയാണ് കെട്ടിടം ഉപയോഗശൂന്യമായത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 350 പേർക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം, ആധുനിക അടുക്കള, ഭക്ഷണശാല, ശുചിമുറി ബ്ലോക്കുകൾ, പഠനമുറി, ലബോറട്ടറി, കംപ്യൂട്ടർ മുറി, ലൈബ്രറി, കളിസ്ഥലം, ഹോസ്റ്റൽ, ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ് എന്നിവയുമുണ്ട്.
16.75 ഏക്കറാണ് എംആർഎസിനായി പട്ടികവർഗ വികസന വകുപ്പ് മാറ്റിവച്ചത്. ഇതിൽ 5 ഏക്കർ മാത്രമേ കെട്ടിടങ്ങളുള്ളു.
ബാക്കി കാടുമൂടിക്കിടക്കുകയാണ്.
ആറളത്തേക്ക് പോകാൻ ഉത്സാഹത്തിൽ കുട്ടികൾ
തിരുനെല്ലിയിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിടം അപകടത്തിലായതോടെയാണ് ആറളത്തേക്ക് മാറ്റാൻ ഈ മാസം ഉത്തരവിറങ്ങിയത്. 240 വിദ്യാർഥികളും 55 അധ്യാപക അനധ്യാപകരുമാണ് ആറളത്തേക്ക് മാറുന്നത്.
ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളാണ് തിരുനെല്ലി മോഡൽ സ്കൂളിൽ നിന്നെത്തുന്നത്. 12ാം ക്ലാസ് വരെയുള്ള സൗകര്യം ആറളത്ത് ഒരുക്കിയിട്ടുണ്ട്.
ആറളത്തേക്ക് മാറുന്നതിൽ കുട്ടികൾ ഉത്സാഹത്തിലാണെന്ന് തിരുനെല്ലി മോഡൽ റസിഡൻഷ്യൽ സ്കൂൾ സീനിയർ സൂപ്രണ്ട് ജയൻ നാലുപുരയ്ക്കൽ പറഞ്ഞു.
പുതിയ കെട്ടിടത്തിലേക്ക് എന്നാണ് പോകുന്നതെന്നാണ് കുട്ടികൾ ചോദിക്കുന്നത്. നിലവിലെ കെട്ടിടങ്ങളുടെ അവസ്ഥ പരിതാപകരമായതിനാലാണിത്.
കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ അടിയ, പണിയ വിഭാഗത്തിൽ നിന്നുള്ളവരാണ് തിരുനെല്ലി സ്കൂളിലുള്ളത്. ആറളം, കണ്ണൂർ ജില്ലയിലാണെങ്കിലും മാനന്തവാടിയിൽ നിന്ന് തിരുനെല്ലിയിലേക്കും ആറളത്തേക്കും ഏകദേശം ഒരേ ദൂരമാണ്.
തിരുനെല്ലിയിൽ 2.6 ഏക്കറിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്ഥലപരിമിതി മൂലം നിലവിലെ കെട്ടിടങ്ങൾ പൊളിച്ചാലേ പുതിയത് പണിയാനാകൂ.
കൂടുതൽ സ്ഥലം ഏറ്റെടുക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കുകയാണ്. രണ്ടു വർഷം കൊണ്ട് പുതിയ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും ജയൻ പറഞ്ഞു.
പ്രതിഷേധവുമായി കോൺഗ്രസ്
തിരുനെല്ലിയിൽ നിന്ന് സ്കൂൾ ആറളത്തേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി.
തിരുനെല്ലി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി ഒ.ആർ. കേളുവിന്റെ ഓഫിസിലേക്ക് മാർച്ച് നടത്തി.
വയനാട്ടിലെ വിദ്യാർഥികളാണ് തിരുനെല്ലി സ്കൂളിൽ പഠിക്കുന്നവരിൽ ഏറെയും. ഇവരെ ആറളത്തേക്ക് മാറ്റുന്നത് മറ്റ് പല പ്രശ്നങ്ങൾക്കും ഇടയാകും.
തിരുനെല്ലിയിൽ പുതിയ കെട്ടിടം നിർമിക്കാൻ സൗകര്യമുണ്ടായിട്ടും ആറളത്തേക്ക് മാറ്റുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.
ആന വരുമോ
17.39 കോടി മുടക്കി നിർമിച്ച മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിടം കൂടാതെ കോടികൾ മുടക്കി നിർമിച്ച മറ്റു പല കെട്ടിടങ്ങളും ആറളം ഫാമിലുണ്ട്. ഇവയെല്ലാം ഉപയോഗശൂന്യമായി കിടക്കുകയാണ്.
വന്യമൃഗശല്യം രൂക്ഷമായ ആറളത്ത് ഇത്തരം കെട്ടിടങ്ങളിൽ വന്യമൃഗങ്ങൾ തമ്പടിക്കുന്നുണ്ട്. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ മതിലുകൾ ഇതിനകം തന്നെ ആന തകർത്തു.
പകൽ പോലും ആനയെത്തുന്ന സ്ഥലത്ത് കുട്ടികളെ പാർപ്പിക്കുന്നതിൽ ആശങ്കയുയരുന്നുണ്ട്. അതേ സമയം, സ്കൂളിലേക്കുള്ള റോഡ് നവീകരിക്കുന്നതിനും മതിലുകൾ കെട്ടുന്നതിനുമുള്ള നടപടികളും ആരംഭിച്ചു.
തിരുനെല്ലി സ്കൂളിലെ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ആറളത്തേക്ക് മാറ്റും. എന്നാൽ, തൽക്കാലത്തേക്ക് എന്ന് പറഞ്ഞ് മാറ്റുന്ന സ്കൂൾ സ്ഥിരമായി ആറളത്തു തന്നെയാകുമോ എന്നതാണ് പ്രധാന ചോദ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]