
രാജപുരം ∙ കഴിഞ്ഞ ദിവസം പാണത്തൂർ മഞ്ഞടുക്കം പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായെന്നു സംശയിക്കുന്ന കർണാടക സ്വദേശി ദുർഗപ്പയെ (18) ഇന്നലെയും കണ്ടെത്താനായില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് കാണാതായ യുവാവിനായി വെള്ളിയാഴ്ച രാവിലെ മുതൽ വൈകിട്ട് വരെ അഗ്നിരക്ഷാ സേന, സ്കൂബാ സംഘം, റവന്യു, പൊലീസ് സംഘങ്ങൾ, നാട്ടുകാർ എന്നിവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പുഴയിലെ ശക്തമായ ഒഴുക്കുമൂലം പുഴയിൽ ഇറങ്ങിയുള്ള പരിശോധനകൾ നടത്താനാകാതെ ഇരുകരകളിലും പരിശോധന നടത്തി സംഘം തിരിച്ച് പോകുകയായിരുന്നു.
തുടർന്ന് കലക്ടറുടെ നിർദേശ പ്രകാരം 3 മണിയോടെ എൻഡിആർഎഫ് സംഘം പുഴയിലിറങ്ങി പരിശോധന നടത്തിയെങ്കിലും ദുർഗപ്പയെ കണ്ടെത്താനായില്ല.
കനത്ത മഴയിൽ പുഴയിലെ ജലനിരപ്പ് ഉയർന്നതും കുത്തൊഴുക്കും പ്രതികൂലമായി. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, തഹസിൽദാർ പി.വി.മുരളി, രാജപുരം പൊലീസ് എന്നിവർ തിരച്ചിലിനു നേതൃത്വം നൽകി.
ഇന്നു രാവിലെ വീണ്ടും പരിശോധന നടത്തും. പാണത്തൂർ പ്ലാന്റേഷൻ കോർപറേഷൻ കശുമാവ് തോട്ടത്തിൽ ജോലിക്കെത്തിയതാണു കർണാടക ബൽഗാം സ്വദേശി അനിൽ എന്ന് വിളിക്കുന്ന ദുർഗപ്പ. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറുടെ സഹായിയായിരുന്നു.
വ്യാഴാഴ്ച ഉച്ചഭക്ഷണം എടുക്കാൻ പോകുന്നതിനിടെയാണ് ഇയാളെ കാണാതായത്. ഇരുചക്ര വാഹനത്തിൽ മഞ്ഞടുക്കം പാലം കടക്കുന്നതിനിടെ ഒഴുക്കിൽപെട്ടതായാണു കരുതുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]