
പാലക്കാട് ∙ നെല്ലു സംഭരണം, വിലവിതരണം എന്നീ കാര്യങ്ങളിൽ കർഷകർ അതൃപ്തരാണെന്നും കർഷകസംഘത്തിന്റെയും ബിജെപിയുടെയും നീക്കങ്ങളിൽ കർഷകർ വലിയതോതിൽ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ജില്ലാ സമ്മേളനത്തിന്റെ രാഷ്ട്രീയ റിപ്പോർട്ടിൽ സിപിഐ വിമർശിക്കുന്നു. സംഭരണം വാഗ്ദാനം ചെയ്തു ബിജെപി നടത്തുന്ന നീക്കങ്ങൾ ഭാവിയിൽ മേഖലയിൽ കടുത്ത പ്രതിസന്ധിയുണ്ടാക്കും.
നെല്ലുസംഭരണത്തിലെ പ്രതിസന്ധിക്കു കാരണം കേന്ദ്രമാണെന്ന് കർഷകരെ കൃത്യമായി ധരിപ്പിക്കുന്നതിൽ രാഷ്ട്രീയമായി വീഴ്ച സംഭവിക്കുന്നു.
കേന്ദ്ര അക്കൗണ്ടന്റ് ജനറൽ ഓഫിസിലെ ഉദ്യാേഗസ്ഥർ കീഴ്വഴക്കങ്ങൾ ലംഘിച്ച് നെല്ലുസംഭരണ വിഷയത്തിൽ ഇടപെടൽ നടത്തുന്നു. നെൽക്കർഷകർക്കു നൽകാനുള്ള സംഭരണവില തടഞ്ഞുവച്ചുകൊണ്ട് തങ്ങളുടെ നിയന്ത്രണത്തിലുള്ള ഏതാനും പാടശേഖര സമിതിക്കാരുടെ യോഗം വിളിച്ച് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുകയാണ്.
1708 കോടി രൂപ കർഷകർക്ക് താങ്ങു വിലയായി ലഭിക്കേണ്ടത് കേന്ദ്ര സർക്കാർ തടഞ്ഞുവച്ചിരിക്കുന്നു. കീടനാശിനികളുടെയും രാസവളങ്ങളുടെയും വില അടിക്കടി വർധിപ്പിച്ചും സബ്സിഡികളും സൗജന്യങ്ങളും നിർത്തലാക്കിയും അനിയന്ത്രിതമായ ഇറക്കുമതിക്ക് കരാറുകളിൽ ഒപ്പുവച്ചും കർഷകരെ പ്രതിസന്ധിയിലാക്കുന്നതായും കുറ്റപ്പെടുത്തി.
എതിരാളികൾക്ക് ഊർജവും ആയുധവും നൽകുന്നതാണ് സംഭരണവിഷയത്തിൽ സിപിഎമ്മിന്റെ കർഷകസംഘത്തിന്റെ നിലപാട്.
പ്രോത്സാഹനവിലയുൾപ്പെടെ കർഷകർക്കു ലഭിച്ചിരുന്ന വരുമാനം കുറഞ്ഞതു സർക്കാർ അതീവ ഗൗരവമായി എടുക്കണം. ഒരു വിഭാഗം കർഷകരിൽ നിന്നു ഗുണമേന്മയുള്ള നെല്ല് എടുക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം നിലവിലെ സംഭരണത്തിൽ നിന്നു സ്വകാര്യമില്ലുകളെ അകറ്റും.
അതു വലിയ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
നെല്ലുസംഭരണത്തിൽ കേന്ദ്രസർക്കാർ ഒരുക്കിയ രാഷ്ട്രീയക്കെണിയിൽ സംസ്ഥാന സർക്കാർ വീഴുന്നതായി ചർച്ചയിൽ പ്രതിനിധികൾ ആരോപിച്ചു. സംഭരണത്തിൽ കേന്ദ്രം പറയുന്ന വ്യവസ്ഥകൾ സംസ്ഥാനം വിശ്വസിക്കുമ്പോൾ, മറുഭാഗത്തു കൂടി ബിജെപി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാനം വഴി നെല്ലുസംഭരിച്ച് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കാനാണ് അവരുടെ നീക്കം.
ഈ രാഷ്ട്രീയ നീക്കം യഥാവിധി ചെറുക്കാനുള്ള ശക്തമായ നടപടിയാണുണ്ടാകേണ്ടത്. ക്ഷേമനിധി ആനുകൂല്യങ്ങൾ നൽകാതെ കർഷകതൊഴിലാളികളെ പാടേ അവഗണിക്കുന്നു.
ക്ഷേമനിധികളും പെൻഷൻ നടപടികളും പൊളിച്ചുപണിയണം.
കൊട്ടിഘോഷിച്ച പൊതുവിതരണസംവിധാനവും പൊളിക്കുകയാണെന്ന് പ്രതിനിധികൾ പറഞ്ഞു. സിപിഎം നിയന്ത്രണത്തിലുള്ള കൺസ്യൂമർഫെഡിന് യഥേഷ്ടം പണം അനുവദിക്കുമ്പോൾ, ബഹുഭൂരിപക്ഷം വരുന്നവർ ആശ്രയിക്കുന്ന സിപിഐയുടെ വകുപ്പായ സിവിൽസപ്ലൈസിന് പണം നൽകുന്നില്ലെന്നും പ്രതിനിധികൾ ആക്ഷേപം ഉന്നയിച്ചു.
‘പറമ്പിക്കുളം ആളിയാർ കരാർ പുതുക്കണം’
പറമ്പിക്കുളം ആളിയാർ കരാർ പുതുക്കാത്തത് ഭാവിയിൽ ജില്ലയിലെ കൃഷിയെയും ശുദ്ധജല ലഭ്യതയെയും സാരമായി ബാധിക്കും.
കരാർ പുതുക്കാൻ നടത്തിയ നീക്കങ്ങൾ പാതിവഴിയിൽ നിലച്ചു. അടിയന്തരമായി അതു പൂർത്തിയാക്കി സംസ്ഥാനത്തിന് അർഹമായ ജലം പൂർണമായി ലഭ്യമാക്കണം.
നിലവിലുളള ജലപദ്ധതികൾ വികസിപ്പിക്കാനും തമിഴ്നാട്ടിൽ നിന്നുള്ള ജലവിഹിതം ലഭ്യമാക്കാനും ശക്തമായ നീക്കങ്ങളില്ലാതെ മലമ്പുഴ ഡാമിൽ നിന്ന് വ്യവസായസംരംഭങ്ങൾക്കു വലിയതോതിൽ വെള്ളം എടുക്കാനുള്ള നടപടിയിൽ കർഷകർക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
പാൽ ഉൽപാദനമേഖലയും പ്രതിസന്ധി നേരിടുന്നു.എലപ്പുള്ളിയിലെ നിർദിഷ്ട ബ്രൂവറിയിൽ മദ്യ ഉൽപാദനത്തിന് വൻതോതിൽ ജലം ചൂഷണം ചെയ്യാനുള്ള നീക്കത്തിലെ നിലപാടും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.വ്യവസായവികസനത്തിന് പാർട്ടി എതിരല്ല.
ബ്രൂവറിയിൽ എഥനോൾ നിർമാണത്തിന് അധികം ജലം വേണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ മഴനിഴൽപ്രദേശമായ എലപ്പുള്ളിയിൽ ബ്രൂവറിയിൽ മദ്യം ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ലഭ്യമാകില്ല.
അത് പ്ലാച്ചിമടയിലെ സ്ഥിതിയുണ്ടാക്കും. മദ്യനിർമാണം കാർഷികമേഖലയ്ക്കും ശുദ്ധജലത്തിനും പ്രതിസന്ധിയുണ്ടാക്കും
‘വന്യജീവി ആക്രമണം;ശാശ്വത പരിഹാരത്തിന് കേന്ദ്രനിയമം മാറ്റണം’
തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ മലയോരത്തെ ഉൾപ്പെടെ പതിനായിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിലാണെന്നും പ്രശ്നത്തിൽ കൃത്യമായ നടപടിക്കു കഴിയാത്തതിനാലാണു മലയോരത്ത് ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയത്തിന് ഇടം ലഭിക്കുന്നതായും സിപിഐ ജില്ലാസമ്മേളന റിപ്പോർട്ട്.മണ്ണാർക്കാട്, കോങ്ങാട്,അട്ടപ്പാടി, ആലത്തൂർ, നെന്മാറ, നെല്ലിയാമ്പതി മേഖലകളിൽ അനുദിനം വന്യജീവികളുടെ ശല്യം വർധിക്കുകയാണ്.
വൻതോതിലാണ് കൃഷിയിടങ്ങൾ നശിക്കുന്നത്. ആളുകളും കൊല്ലപ്പെടുന്നു.
നാശനഷ്ടം വലുതാണ്. സംസ്ഥാന സർക്കാർ ശക്തമായ നടപടിയും സംവിധാനങ്ങളും സ്വീകരിക്കുന്നുണ്ടെങ്കിലും കേന്ദ്രനിയമം മാറ്റാത്തതാണ് ശാശ്വതപരിഹാരത്തിന് തടസ്സം.
നിരവധിതവണ മുഖ്യമന്ത്രിതലത്തിലും അല്ലാതെയും കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടും കേന്ദ്രം നടപടിക്ക് തയാറാകുന്നില്ലെന്ന് രാഷ്ട്രീയ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ
വടക്കഞ്ചേരി ∙ ഭൂമിയുടെ ലഭ്യതക്കുറവും അസംസ്കൃത വസ്തുക്കളുടെ താരിഫ് വർധനയും കേന്ദ്ര സർക്കാരിന്റെ അവഗണനയും മൂലം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ബെമ്ൽ, ഐടിഐ, ഇൻസ്ട്രുമെന്റേഷൻ എന്നിവയും സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളായ മലബാർ സിമന്റ്സ്, കാംകോ എന്നിവയും പ്രതിസന്ധിയിലാണെന്നു സിപിഐ ജില്ലാ സമ്മേളനത്തിൽ പ്രമേയം. ഇവയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേകനയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു.
മിനിമം കൂലി, ഇഎസ്ഐ, ഇപിഎഫ് എന്നിവയുടെ നിഷേധം, അനിയന്ത്രിതമായ തൊഴിൽ സമയം, സുരക്ഷിതത്വമില്ലാത്ത വാസസ്ഥലങ്ങൾ തുടങ്ങി കഞ്ചിക്കോട് വ്യവസായ മേഖല പ്രശ്നങ്ങൾ നേരിടുന്നതായും കുറ്റപ്പെടുത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]