കോഴഞ്ചേരി∙ സ്കൂളിന്റെ ചുറ്റുമതിൽ കുറെ ഭാഗം തകർന്നു, ബാക്കി ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലും. നെല്ലിക്കാല കാരംവേലി ഗവ.എൽപി സ്കൂളിന്റെ ചുറ്റുമതിലാണ് അപകടാവസ്ഥയിലുള്ളത്.
ഒന്നു മുതൽ 4–ാം ക്ലാസ് വരെയുള്ള കുട്ടികൾ തങ്ങളുടെ ഊണുമുറിയായി ഉപയോഗിക്കുന്ന കെട്ടിടത്തിന്റെ തറയോടു ചേർന്ന ഭാഗമാണ് ഇടിഞ്ഞു വീണിരിക്കുന്നത്. ഇപ്പോഴും കുട്ടികൾ ഭക്ഷണം കഴിക്കുന്നത് ഇവിടെയാണ്. കനത്ത മഴയിൽ ഏതു നിമിഷവും അപകട
സാധ്യത നിലനിൽക്കുന്നതായാണ് ആരോപണം.
നെല്ലിക്കാല ജംക്ഷനിൽ നിന്നു മാർത്തോമ്മാ പള്ളിക്ക് എതിർവശം ഒട്ടേറെ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന നഗറിലേക്കുള്ള വഴി കടന്നു പോകുന്ന ഭാഗത്താണു സ്കൂളിന്റെ ഈ ചുറ്റുമതിൽ. സ്കൂളിന്റെ പിറകിലായി വരുന്ന ഒരു ഭാഗമാണ് ഏപ്രിൽ 23ന് ഇടിഞ്ഞു വീണത്. ഇതിന്റെ ബാക്കി ഭാഗം കുറേശെയായി ഇടിഞ്ഞു കൊണ്ടിരിക്കുന്നു. അവധിക്കാലത്തു തകർന്നു വീണ മതിലിന്റെ ഒരു ഭാഗം ഗതാഗത തടസ്സം സൃഷ്ടിച്ച് റോഡിൽ കിടക്കുകയായിരുന്നു.
നടന്നു പോകാൻ കൂടി കഴിയാതായതോടെ പ്രദേശവാസികൾ പാറക്കഷണങ്ങളും മറ്റും നീക്കം ചെയ്യുകയായിരുന്നു.
മതിൽ ഇടിഞ്ഞ ഭാഗത്തിനടുത്തായി ശുചിമുറി നിർമിച്ചിട്ടുണ്ട്. ഇതു കുട്ടികൾ ഉപയോഗിക്കുന്നു. സ്കൂൾ കെട്ടിടത്തിന്റെ പിറകുവശത്തായി മുൻപ് നിർമിച്ച ശുചിമുറികളോടു ചേർന്ന ഭാഗത്തെ മതിലും കുറെ ഭാഗം തകർന്നു വീണ നിലയിലാണ്. ഏറെക്കാലം മുൻപ് സംഭവിച്ചതാണെങ്കിലും അതും പുനർ നിർമിക്കാൻ ഇതുവരെ തയാറായിട്ടില്ല. പഞ്ചായത്തിന്റെ അനാസ്ഥയാണ് ഇക്കാര്യത്തിൽ ഉള്ളതെന്നും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]