
അനിൽ അംബാനി നയിക്കുന്ന ഊർജ കമ്പനിയായ റിലയൻസ് പവർ നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 44.68 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻ വർഷത്തെ സമാനപാദത്തിൽ കമ്പനി നേരിട്ടത് 97.85 കോടി രൂപയുടെ നഷ്ടമായിരുന്നു.
അനിലിന്റെ റിലയൻസ് ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിനെതിരായ പാപ്പരത്ത നടപടികൾ ദേശീയ കമ്പനി നിയമ അപ്ലറ്റ് ട്രൈബ്യൂണൽ (എൻസിഎൽടി) ഇതിനിടെ സ്റ്റേ ചെയ്തതും അദ്ദേഹത്തിന് ആശ്വാസമായി.
ഐഡിബിഐ ട്രസ്റ്റീഷിപ്പ് സമർപ്പിച്ച പരാതിയെ തുടർന്ന് ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) മുംബൈ ബെഞ്ചാണ് റിലയൻസ് ഇൻഫ്രാസ്ട്രക്ചറിനെതിരെ പാപ്പരത്ത (ഇൻസോൾവൻസി) നടപടിക്ക് ഉത്തരവിട്ടത്. എന്നാൽ, 92.68 കോടി രൂപ തിരിച്ചടച്ചെന്നും പാപ്പരത്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കമ്പനി എൻസിഎൽഎടിയെ സമീപിക്കുകയായിരുന്നു.
ഈ വാദം അംഗീകരിച്ചാണ് നടപടികൾ സ്റ്റേ ചെയ്തത്.
ഊർജ വിതരണ കരാർ പ്രകാരം ദുർസർ സോളർ പവർ പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു (ഡിഎസ്പിപിഎൽ) റിലയൻസ് ഇൻഫ്രാസ്ട്രക്ചർ തുക വീട്ടേണ്ടിയിരുന്നത്. ഡിഎസ്പിപിഎലിന്റെ സെക്യൂരിറ്റി ട്രസ്റ്റീയെന്ന നിലയിലാണ് ഐഡിബിഐ ട്രസ്റ്റീഷിപ്പ് എൻസിഎൽടിയെ സമീപിച്ചത്.
കഴിഞ്ഞപാദത്തിൽ ലാഭത്തിന്റെ പാതയിലേറിയെങ്കിലും റിലയൻസ് പവറിന്റെ പ്രവർത്തന വരുമാനം കുറഞ്ഞു.
1,992.23 കോടി രൂപയിൽ നിന്ന് 1,885.58 കോടി രൂപയായാണ് കുറഞ്ഞത്. മൊത്ത വരുമാനം 2% കുറഞ്ഞ് 2,025 കോടി രൂപയായി.
അതേസമയം, ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ കമ്പനി 125.57 കോടി രൂപയുടെ ലാഭവും രേഖപ്പെടുത്തിയിരുന്നു. ഓഹരി, കടപ്പത്ര വിൽപനയിലൂടെ 9,000 കോടി രൂപ വീതം സമാഹരിക്കാൻ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ എന്നിവയുടെ ബോർഡ് യോഗങ്ങൾ അടുത്തിടെ തീരുമാനിച്ചിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]