
കൊല്ലം∙ ശുചിത്വ നഗരം, സമ്പൂർണ മാലിന്യമുക്ത കോർപറേഷൻ എന്നിങ്ങനെ ബഹുമതികൾ സ്വന്തമാക്കുമ്പോഴും നഗരത്തിൽ മാലിന്യമല രൂപപ്പെടുന്നതിൽ മാറ്റമൊന്നുമില്ല. ‘സമ്പൂർണ ശുചിത്വം’ പ്രഖ്യാപനങ്ങളിലൊതുങ്ങുന്ന കാഴ്ചയാണ് നഗരത്തിന്റെ പല ഭാഗങ്ങളിലും കാണാൻ കഴിയുന്നത്.
ഹാർബർ പരിസരം അത്ര വെടിപ്പല്ല..
കെട്ടിക്കിടക്കുന്ന വെള്ളം…ചുറ്റും മാലിന്യം…എണ്ണിയാൽ തീരാത്തത്ര ഈച്ചകളും കൊതുകുകളും..രോഗം പകരാൻ പറ്റിയ ചുറ്റുപാട്…നഗരത്തിലെ പ്രധാന ഡംപിങ് സൈറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് ഹാർബർ പരിസരം.പ്ലാസ്റ്റിക്, ആഹാരാവശിഷ്ടങ്ങൾ, ക്ലോത്ത് വേസ്റ്റ്, കള്ളുകുപ്പികൾ, ടയറുകൾ എന്നിങ്ങനെ ടൺ കണക്കിന് മാലിന്യമാണ് ഹാർബർ പരിസരത്ത് വലിച്ചെറിഞ്ഞിരിക്കുന്നത്.
കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ ദിനംപ്രതി ഒട്ടേറെപ്പേരാണ് ഇരുചക്രവാഹനങ്ങളിൽ ഹാർബറിനുള്ളിലേക്കും പുറത്തേക്കും പോകുന്നത്. എത്രയും വേഗം മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ സാംക്രമികരോഗങ്ങൾ പൊട്ടിപ്പുറപ്പെടാൻ സാധ്യത നിലനിൽക്കുന്നതായി പ്രദേശവാസികൾ പറയുന്നു.
മുൻപ് ഗ്രീൻ കേരള മിഷൻ ഇവിടെ നിന്നു മാലിന്യം നീക്കം ചെയ്യുന്നുണ്ടായിരുന്നു. നിലവിൽ മാലിന്യനീക്കം പൂർണമായും നിലച്ച മട്ടാണ്.
കൊല്ലം ബീച്ചിലും മാലിന്യം
ചെറിയരീതിയിലെങ്കിലും കാടുമൂടിയ സ്ഥലങ്ങളാണ് മിക്ക ഡംപിങ് സൈറ്റുകളും.
കാട്ടിലേക്ക് വലിച്ചെറിഞ്ഞാൽ ശ്രദ്ധയിൽപെടില്ലല്ലോ എന്ന മനോഭാവമാണ് വലിച്ചെറിയൽ പ്രവണതയുടെ ആക്കം കൂട്ടുന്നത്. കൊല്ലം ബീച്ചിലും കുറ്റിച്ചെടികൾ വളർന്നു നിൽക്കുന്ന ഭാഗത്തായാണ് ഏറ്റവും കൂടുതൽ മാലിന്യം തള്ളിയിരിക്കുന്നത്.
ഗാർഹിക മാലിന്യത്തിനു പുറമേ വ്യാപാരസ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും വലിച്ചെറിഞ്ഞിട്ടുണ്ട്.
ബീച്ചിലെത്തുന്ന സന്ദർശകരും പ്ലാസ്റ്റിക് വലിച്ചെറിയുന്നതിൽ പിന്നിലല്ല. ജലകേളിക്കു സമീപത്തായുള്ള ജൈവമാലിന്യസംസ്കരണ പ്ലാന്റും( തുമ്പൂർമുഴി മാതൃക) കാടുകയറിയ നിലയിലാണ്.
ചില റോഡ് കാഴ്ചകൾ
കച്ചിക്കടവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മുതൽ മുണ്ടയ്ക്കൽ പാപം നാശം വരെ പത്ത് ഇടങ്ങളിലാണ് മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നത്.
കൊല്ലം തോട്ടിലേക്കും കൊല്ലം തോടിന്റെ വശങ്ങളിലേക്കും മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. ആഹാരവശിഷ്ടങ്ങൾ കഴിക്കാനെത്തുന്ന തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]