തിരുവനന്തപുരം ∙ ഒരു വിദ്യാർഥിയുടെ ദാരുണ മരണത്തിനു കാരണമായ കൊല്ലം തേവലക്കര സ്കൂളിലെ വൈദ്യുതി ലൈനിനു സമാനമായ അപകട സ്ഥിതി ജില്ലയിൽ പല സ്കൂളുകളിലുമുണ്ട്.
കുരുന്നുജീവനുകളുടെ പ്രശ്നമാണ്; അധികൃതർ ശ്രദ്ധിക്കണം.
∙ കളിയിക്കാവിള ബദറുൽ ഇസ്ലാം മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിനു സമീപത്ത് കൂടി കടന്നു പോകുന്ന ലോ ടെൻഷൻ ലൈൻ മാറ്റണമെന്ന് വർഷങ്ങളായി സ്കൂൾ അധികൃതർ ആവശ്യപ്പെടുന്നതാണ്. പ്രധാന കെട്ടിടത്തോടു ചേർന്നാണ് ലൈൻ കടന്നു പോകുന്നത്.
മൂന്നാം നിലയിൽ വിദ്യാർഥികൾ കൈനീട്ടിയാൽ ലൈനിൽ തൊടുന്ന അവസ്ഥയാണ്. മന്ത്രി ഉൾപ്പെടെയുള്ളവർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
15 ലക്ഷത്തോളം രൂപ അടച്ചാൽ ഭൂഗർഭ കേബിൾ സ്ഥാപിക്കാമെന്നാണ് കെഎസ്ഇബി അറിയിച്ചത്. കേബിൾ കടന്നു പോകുന്നത് തമിഴ്നാട് അധീനതയിലുള്ള സ്ഥലത്ത് കൂടി ആയതിനാൽ ഭൂഗർഭ കേബിൾ സ്ഥാപിക്കാൻ അനുമതിക്ക് കടമ്പകളുണ്ട്.
∙ കല്ലറ പഞ്ചായത്തിലെ തെങ്ങുംകോട് സ്കൂളിൽ സ്കൂൾ വളപ്പിലെ അകേഷ്യ മരങ്ങൾ റോഡിലേക്ക് ചാഞ്ഞ് വൈദ്യുതി കമ്പികളുടെ മുകളിലേക്ക് വീഴുന്ന അവസ്ഥയിൽ നിൽക്കുകയാണ്.
പരാതി നൽകിയിട്ടും മുറിക്കുന്നില്ലെന്നു പിടിഎ പറയുന്നു. ∙ വാമനപുരം പഞ്ചായത്തിൽ സ്കൂൾ മതിലിനോടു ചേർന്ന് റോഡിലുള്ള വൈദ്യുതി പോസ്റ്റിൽ സ്ഥാപിച്ചിരിക്കുന്ന ഫ്യൂസ് സ്കൂൾ വളപ്പിൽ നിൽക്കുന്ന കുട്ടികൾക്കു കയ്യെത്തും ദൂരത്താണ്.
ഇതു മാറ്റി സ്ഥാപിക്കണമെന്ന് കെഎസ്ഇബിയോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് പഞ്ചായത്ത് അംഗം യു.എസ്.സാബു പറഞ്ഞു.
∙ പുല്ലമ്പാറ പഞ്ചായത്തിൽ നെടുംകൈത സ്കൂളിന്റെ മതിലിനോടു ചേർന്നാണ് വൈദ്യുതി ലൈൻ കടന്നു പോകുന്നത്. ഇതു മാറ്റി സ്ഥാപിക്കാൻ കെഎസ്ഇബി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷ്.
∙ വെങ്ങാനൂർ മുടിപ്പുരനട ഗവ.എൽപിഎസിൽ ഇരു നില മന്ദിരത്തിനു സമീപത്തു കൂടിയാണ് വൈദ്യുതി ലൈൻ കടന്നു പോകുന്നത്.
രണ്ടാം നിലയിൽ ക്ലാസിലെ ജനാലകൾക്ക് അടുത്തുകൂടിയാണ് ഇവ പോകുന്നത്. വൈദ്യുതി ലൈനിലേക്ക് ഓലയും മരച്ചില്ലകളും വീഴുമ്പോൾ ലൈൻ കുട്ടികൾക്കു തൊടാവുന്ന സ്ഥിതിയാകും.
∙ വെങ്ങാനൂർ ജംക്ഷനിലെ വിപിഎസ് മലങ്കര എച്ച്എസ്എസിന്റെ മതിലിനു പുറത്ത് റോഡരികിലെ തണൽ മരത്തിന്റെ ചില്ലകൾക്കിടയിലൂടെയാണ് വൈദ്യുതി ലൈൻ കടന്നു പോകുന്നത്.
മരച്ചില്ല സ്കൂൾ വളപ്പിലേക്കു ചാഞ്ഞു നിൽക്കുകയാണ്. ഇതു വെട്ടിയൊതുക്കിയില്ലെങ്കിൽ അപകടമാകും.
∙ വെങ്ങാനൂർ ചാവടിനട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള വഴിയിൽ 3 വൈദ്യുതി പോസ്റ്റുകൾ അപകടകരമായി നിൽക്കുകയാണ്.
ഇതു മാറ്റി സ്ഥാപിക്കാൻ സ്കൂൾ പിടിഎയും നാട്ടുകാരും പലതവണ പരാതി നൽകിയെങ്കിലും കെഎസ്ഇബി അധികൃതർ തയാറാകുന്നില്ല. പോസ്റ്റുകൾ ദ്രവിച്ച് ഇരുമ്പു കമ്പി പുറത്തു കാണാവുന്ന അവസ്ഥയിലാണ്.
∙ മലയിൻകീഴ് മാധവ കവി സ്മാരക ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ്, ഐടിഐ, യുഐടി, എൽപി മുതൽ ഹയർസെക്കൻഡറി വരെയുള്ള സർക്കാർ സ്കൂളുകൾ ഉൾപ്പെടെ 7 വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന മലയിൻകീഴ് ആനപ്പാറയിലേക്കുള്ള റോഡരികിൽ പലയിടത്തായി അപകടകരമാംവിധം കേബിളുകൾ താഴ്ന്നു കിടക്കുന്നു. ദിവസവും നൂറുകണക്കിന് വിദ്യാർഥികൾ സഞ്ചരിക്കുന്ന നടപ്പാതയിലാണിത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]