
തിരുവനന്തപുരം ∙ വെളിച്ചെണ്ണ വില അതിവേഗം കുതിക്കുന്നതിനാൽ അമിതലാഭത്തിനുവേണ്ടി കെർനൽ ഓയിൽ ചേർക്കുന്നുണ്ടോയെന്ന സംശയവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ. എണ്ണപ്പനയുടെ കുരുവിൽ നിന്ന് എടുക്കുന്നതാണു കെർനൽ ഓയിൽ.
ശരാശരി 150 രൂപയാണു വില. വെളിച്ചെണ്ണ വില ഉയർന്നതോടെ കെർനൽ ഓയിലിന്റെ വിൽപന വർധിച്ചെന്ന വിവരമാണു സംശയത്തിനു കാരണം.
വെളിച്ചെണ്ണയിൽ കെർനൽ ഓയിൽ ചേർത്താൽ തിരിച്ചറിയാൻ പ്രയാസമായിരിക്കും. ശാസ്ത്രീയ പരിശോധന വേണം.
കെർനൽ ഓയിൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ദോഷകരമല്ല. പക്ഷേ, വെളിച്ചെണ്ണയിൽ ചേർത്ത് അമിത വിലയ്ക്കു വിൽക്കുന്നുണ്ടോയെന്നു കണ്ടെത്താനാണു ശ്രമം.
കേരളത്തിൽ വെളിച്ചെണ്ണ ഉൽപാദനം വളരെ കുറഞ്ഞു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലാണ് ഏറെയും മില്ലുകൾ.
കേരളത്തിൽ തുടർച്ചയായി മഴയുള്ളതിനാൽ തേങ്ങ ഉണക്കിയെടുക്കാൻ ഏറെ നാൾ വേണം. ഉണക്കിയാലും കാലാവസ്ഥ പ്രതികൂലമായതിനാൽ കൊപ്രയിൽ ഈർപ്പം നിൽക്കും.
അതിനാൽ കേരളത്തിൽ നിന്നു തേങ്ങ സംഭരിച്ചു തമിഴ്നാട്ടിലും കർണാടകയിലും എത്തിച്ച് ഉണക്കി സംസ്കരിക്കുന്നുണ്ട്. ആ സംസ്ഥാനങ്ങളിൽ വച്ചു വെളിച്ചെണ്ണയിൽ കെർനൽ ഓയിൽ ചേർത്തേക്കാമെന്നാണ് സംശയിക്കുന്നത്.
അതിനാൽ അവിടത്തെ മില്ലുകളിൽ പരിശോധന വേണമെന്ന് ആവശ്യപ്പെടാനും കേരളം ആലോചിക്കുന്നുണ്ട്. പെട്രോളിയം ഉൽപന്നമായ പാരഫിൻ ഓയിൽ വെളിച്ചെണ്ണയിൽ ചേർക്കുന്നതായി പ്രചാരണമുണ്ടെങ്കിലും ഇതുവരെ നടത്തിയ ശാസ്ത്രീയ പരിശോധനകളിൽ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
438 സാംപിൾപരിശോധനയ്ക്ക്
സംസ്ഥാനത്തെ വെളിച്ചെണ്ണ മില്ലുകളിൽ നിന്നും വിപണിയിൽ നിന്നും 438 സാംപിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു. വിലക്കയറ്റം കാരണം മായം ചേർക്കുന്നുണ്ടോയെന്നു കണ്ടെത്താനാണ് ‘ഓപ്പറേഷൻ നാളികേര’ നടത്തിയതെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു.
980 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വെളിച്ചെണ്ണയുടെ ഗുണനിലവാരത്തിൽ സംശയം തോന്നിയാൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോൾ ഫ്രീ നമ്പറിൽ അറിയിക്കണം.
: 1800 425 1125 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]