
കണ്ണൂർ∙ നാഷനൽ ടെക്സ്റ്റൈ ൽ കോർപറേഷന്റെ (എൻടിസി) കീഴിലുള്ള കക്കാട് സ്പിന്നിങ് ആൻഡ് വീവിങ് മില്ലിൽ തൊഴിലാളികളും ജീവനക്കാരും ശമ്പളം ലഭിക്കാതെ പൂർണമായും പട്ടിണിയിലായിട്ട് ഒൻപതു മാസമായി. മില്ല് അടച്ചുപൂട്ടിയിട്ട് അഞ്ച് വർഷവുമായി.കോവിഡ് പ്രതിസന്ധിയെത്തുടർന്ന് 2020 മാർച്ച് 24ന് ആണ് കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള എൻടിസി മില്ല് അടച്ചു പൂട്ടിയത്.
തുടർന്ന് സമാശ്വാസമായി ശമ്പളത്തിന്റെ 30% നൽകിയിരുന്നു. എന്നാൽ ഒൻപത് മാസമായി അതും നിലച്ചു.
15 വർഷത്തിനു മുകളിൽ സർവീസുള്ള തൊഴിലാളിക്ക് 22,000 രൂപയാണ് ശമ്പള ഇനത്തിൽ ലഭിച്ചിരുന്നത്.
എന്നാൽ മിൽ അടച്ചു പൂട്ടിയതോടെ ഡിഎ, ബേസിക് എന്നിവയുടെ 50% ആണ് സമാശ്വാസമായി നൽകിയിരുന്നത്. ഇത് ആകെ ശമ്പളത്തിന്റെ 30% മാത്രമാണ്.
അർധപട്ടിണിയിൽ നീങ്ങുന്നതിനിടെയാണ് 9 മാസമായി പൂർണമായും ശമ്പളം നിലച്ചത്. കോവിഡ് നിയന്ത്രണത്തിനുശേഷം മിൽ തുറക്കാൻ അധികൃതർ തയാറായില്ല.
മിൽ തുറക്കാതായതോടെ, എൻടിസിയിൽ തൊഴിലെടുക്കുന്നവർക്ക് ഉപജീവനമാർഗം നഷ്ടപ്പെട്ടു. സ്ഥാപനത്തിൽ നിന്നുള്ള വരുമാനമാർഗം ഇല്ലാതായതോടെ ജീവിതവും താളംതെറ്റി.
പലരുടെയും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയിരിക്കുകയാണ്. ചിലർ സെക്യൂരിറ്റി ജോലിയിലേക്കു നീങ്ങി.
മറ്റുള്ളവർ മറ്റു തൊഴിൽ മേഖലയിലേക്കും.
കണ്ണൂർ മില്ലിൽ 650 താൽക്കാലിക തൊഴിലാളികളുണ്ട്. സ്ഥിരം തൊഴിലാളികളും ഉദ്യോഗസ്ഥരും ഓഫിസ് ജീവനക്കാരുമായി 300 പേരുണ്ട്.
എൻടിസിയുടെ നേരിട്ടുള്ള ഉദ്യോഗസ്ഥരായി 4 പേരുണ്ട്. സീനിയർ ജനറൽ മാനേജർ, ജനറൽ മാനേജർ, രണ്ട് എൻജിനീയർമാർ എന്നിവരാണ് എൻടിസിയുടെ നേരിട്ടുള്ള ജീവനക്കാർ.
ഇവരുൾപ്പെടെ ആർക്കും ശമ്പളം ലഭിക്കുന്നില്ല.സർവീസ് കാലാവധി കഴിഞ്ഞ് പിരിഞ്ഞു പോകുന്ന തൊഴിലാളികളുടെ ഗ്രാറ്റുവിറ്റിയും മുടങ്ങിയിരിക്കുകയാണ്. വർഷങ്ങളോളം സർവീസുള്ള ബദലി തൊഴിലാളികളുടെ ജീവിതവും വഴിമുട്ടി.
സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കണം എന്നാവശ്യപ്പെട്ടു തൊഴിലാളികൾ മില്ലുകൾക്കു മുന്നിൽ പലവട്ടം സമരം നടത്തി. കോയമ്പത്തൂർ സതേൺ റീജനൽ ഓഫിസിനു മുന്നിലും മുംബൈ വെസ്റ്റേൺ റീജനൽ ഓഫിസിനു മുന്നിലും സമരം നടന്നെങ്കിലും അധികൃതർ അനങ്ങിയില്ല.
കേന്ദ്ര–സംസ്ഥാന തൊഴിൽ വകുപ്പും കൈമലർത്തി.
സേവ് എൻടിസി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ല. നീതി ആയോഗിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ തുടർ നടപടി ഉണ്ടാകൂ എന്നാണ് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ നിലപാട്.
കേന്ദ്രസർക്കാരിന്റെ പൂർണ നിയന്ത്രണത്തിലുള്ളതാണ് നാഷനൽ ടെക്സ്റ്റൈൽ കോർപറേഷൻ. അടച്ചുപൂട്ടിയ കാലയളവിൽ വിരമിച്ച തൊഴിലാളികൾക്കും മരിച്ച തൊഴിലാളികളുടെ കുടുംബത്തിനും ആനുകൂല്യവും നൽകിയില്ല.
ശമ്പളം എപ്പോഴെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിൽ ജീവനക്കാർ ദിവസവും മില്ലിൽ എത്തുന്നുണ്ട്.
ഇഎസ്ഐ കോർപറേഷനിലേക്കു എൻടിസി പണം അടയ്ക്കാത്തതിനാൽ ആശുപത്രി സേവനവും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് സേവനവും നിർത്തിവച്ചിരിക്കുകയാണ്.
പ്രോവിഡന്റ് ഫണ്ടിലേക്കും പണം അടയ്ക്കുന്നില്ല. അതിനാൽ വിരമിക്കുന്ന ജീവനക്കാർ വെറും കയ്യോടെ വീട്ടിൽ പോകേണ്ടി വരുന്നു.
ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ സീനിയർ ജനറൽ മാനേജരെയും മാനേജരെയും ഉപരോധിച്ചു.
ഇവരെ ഓഫിസിൽ കയറാൻ തൊഴിലാളികൾ അനുവദിച്ചില്ല. സ്പിന്നിങ് ആൻഡ് വീവിങ് മിൽ വർക്കേഴ്സ് യൂണിയൻ –ഐഎൻടിയുസി, സേവ് എൻടിസി സംരക്ഷണ സമിതി, കേരള ടെക്സ്റ്റൈൽ മിൽ വർക്കേഴ്സ് യൂണിയൻ, സിഐടിയു, ബിഎംഎസ്, എൻഎൽഒ എന്നീ സംഘടനകളാണ് സമരത്തിൽ പങ്കെടുത്തത്.മില്ല് തുറന്നു പ്രവർത്തിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]