
കോഴിക്കോട്∙ നാളെ ആദ്യപ്രദർശനം നടത്തേണ്ട ബംഗാളി സിനിമയടങ്ങിയ ഹാർഡ് ഡിസ്കും ലാപ്ടോപും നഷ്ടപ്പെട്ടു.
ബാഗ് കിട്ടിയ ഓട്ടോ ഡ്രൈവർ തിരികെയെത്തിച്ചു നൽകി. ദേശീയതലത്തിൽ ഏറെ ശ്രദ്ധേയമായ ബംഗാളി ഹ്രസ്വചിത്രം ‘റീ റൂട്ടിങ്ങി’ന്റെ കേരളത്തിലെ ആദ്യപ്രദർശനം നാളെ രാവിലെ 9.30ന് ക്രൗൺ തിയറ്ററിൽ നടക്കാനിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായിക കങ്കണ ചക്രവർത്തി രണ്ടു ദിവസം മുൻപാണ് സിനിമയടങ്ങിയ ഹാർഡ് ഡിസ്കും ലാപ്ടോപുമടക്കമുള്ള ബാഗുമായി കോഴിക്കോട്ട് എത്തിയത്.
ഹാർഡ് ഡിസ്കിൽനിന്ന് തിയറ്ററിലെ പ്രോജക്റ്ററിൽ സിനിമ ലോഡ് ചെയ്ത് പരീക്ഷണാടിസ്ഥാനത്തിൽ പ്രദർശിപ്പിച്ചു നോക്കിയാൽ മാത്രമേ നാളെ റിലീസ് നടക്കു.
ഈ ഹാർഡ് ഡിസ്ക് അടങ്ങിയ ബാഗുമായി കങ്കണയും സഹപ്രവർത്തകരും വ്യാഴം ഉച്ചയ്ക്ക് മൂന്നാലിങ്കലിൽ നിന്ന് ലിങ്ക് റോഡിലേക്ക് ഓട്ടോറിക്ഷയിൽ കയറി. ലിങ്ക് റോഡിലിറങ്ങി ഓട്ടോ പോയ ശേഷമാണ് ഹാർഡ് ഡിസ്കും ലാപ്ടോപും നഷ്ടപ്പെട്ടതായി അറിഞ്ഞത്.
തുടർന്ന് ഇവർ കസബ പൊലീസിൽ പരാതി നൽകി.
കുറ്റിക്കാട്ടൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ നെല്ലിക്കോട്ടിൽ എം.ഫസീൽ ഇന്നലെ രാവിലെ പത്തോടെ വീട്ടിൽ ഓട്ടോറിക്ഷ കഴുകി വൃത്തിയാക്കുകയായിരുന്നു. അപ്പോഴാണ് സീറ്റിനു പിന്നിലെ സ്ഥലത്ത് ബാഗ് കിടക്കുന്നതു കണ്ടത്.
ബാഗിൽ ലാപ്ടോപും മറ്റു വസ്തുക്കളും കണ്ടതോടെ പുതിയ സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ അറിയിച്ചു. പൊലീസുകാരൻ സ്റ്റേഷനിൽ അന്വേഷിക്കുകയും ബാഗ് സംവിധായികയുടേതാണെന്നു തിരിച്ചറിയുകയുമായിരുന്നു.
ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആപ്പുകൾ വഴിയും ചലച്ചിത്ര സൊസൈറ്റികൾ വഴിയും ആദ്യപ്രദർശനത്തിന്റെ ടിക്കറ്റുകൾ വിറ്റതാണ്.
കൊൽക്കത്തയിൽനിന്ന് മറ്റൊരു ഹാർഡ് ഡിസ്ക് എത്തിച്ച് പ്രദർശനം നടത്താൻ അധിക ചെലവാണ്. ബാഗ് തിരിച്ചുകിട്ടിയ ആശ്വാസത്തിൽ സംവിധായിക കങ്കണ ചക്രവർത്തിയും സംഘവും തിയറ്റർ പരിസരത്ത് ഓട്ടോ ഡ്രൈവറെ നേരിട്ടു കണ്ട് നന്ദി അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]