
എലപ്പുള്ളി ∙ വിലക്കയറ്റത്തിനു പിന്നാലെ കൃഷിയിടങ്ങളിൽ തേങ്ങ മോഷണം പതിവാകുന്നു. ഏറ്റവും കൂടുതൽ കേര കർഷകരുള്ള പഞ്ചായത്തുകളിലൊന്നായ എലപ്പുള്ളിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം മുപ്പതോളം കർഷകരുടെ കൃഷിയിടങ്ങളിൽ നിന്നാണു തേങ്ങ മോഷണം പോയത്.
പുതുശ്ശേരിയിലും സമാനമായ അവസ്ഥ തന്നെ. ഇന്നലെ എലപ്പുള്ളി വടകോട് കൃഷിയിടത്തിലുള്ള മോട്ടർ പുരയുടെ പൂട്ട് തകർത്ത് ഇരുനൂറോളം തേങ്ങയും പുല്ലുവെട്ടി യന്ത്രത്തിൽ ഉപയോഗിക്കാനുള്ള 5 ലീറ്റർ പെട്രോളും മോഷ്ടിച്ചു.
മണ്ണുക്കാട് സ്വദേശി രാമചന്ദ്രന്റെ കൃഷിയിടത്തിലാണ് പുലർച്ചെ മോഷണം നടന്നത്.
തെങ്ങുകളിലെ തേങ്ങയും കള്ളൻമാർ ഇട്ടു കൊണ്ടുപോയിട്ടുണ്ട്. തേങ്ങയ്ക്കു വിലക്കയറ്റമുണ്ടായതിനു പിന്നാലെ കൃഷിയിടങ്ങളിലെ തേങ്ങ മോഷണം കൂടുതലായെന്നു കർഷകർ പറയുന്നു.
ഇതു രണ്ടാം തവണയാണു രാമചന്ദ്രന്റെ കൃഷിയിടത്തിൽ നിന്നു തേങ്ങ മോഷണം പോവുന്നത്. സമീപത്തെ മറ്റു കൃഷിയിടങ്ങളിലും സമാനമായ രീതിയിൽ മോഷണം നടന്നിട്ടുണ്ടെന്നാണു വിവരം.
നേരത്തേ മോട്ടർ പുരയിലെ ഇലക്ട്രിക് വയറുകളും മോട്ടറുകളും മോഷ്ടിക്കുന്നതു പതിവായിരുന്ന മേഖലയാണിത്. ഇന്നലെ രാവിലെ പതിവുപോലെ രാമചന്ദ്രൻ കൃഷിയിടത്തിലേക്ക് എത്തിയപ്പോഴാണു മോഷണ വിവരം അറിയുന്നത്.
രാമചന്ദ്രൻ മൊത്ത വിതരണക്കാർക്കാണു തേങ്ങ നൽകാറ്.
കാലവർഷം നേരത്തേ എത്തിയപ്പോൾ രാമചന്ദ്രന്റെ ഏക്കർ കണക്കിനു കൃഷി വെള്ളത്തിനായി നശിച്ചിരുന്നു. പിന്നീടു രണ്ടാം തവണ കൃഷി ഇറക്കേണ്ടി വന്നു.
നെൽക്കൃഷി നാശമുണ്ടായപ്പോൾ പിടിച്ചു നിൽക്കുന്നതു തേങ്ങയിലെ വരുമാനത്തിലാണ്. പരാതി നൽകാൻ കർഷകർ ഒരുങ്ങുകയാണെന്നും കൃഷിയിടങ്ങളിൽ സിസിടിവി ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചെന്നും മണ്ണുക്കാട് പാടശേഖര സമിതി ഭാരവാഹി എ.സുരേഷ്കുമാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]