
കൊട്ടാരക്കര∙കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി കലയപുരം ആശ്രയ സങ്കേതത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ പ്രഭാഷണത്തിനെത്തിയ മുൻ എംഎൽഎ പി.അയിഷപോറ്റിക്ക് വൻ സ്വീകരണം. ചടങ്ങിലേക്ക് സിപിഎം പ്രതിനിധിയായ മൈലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.ജി.നാഥിനെ ക്ഷണിച്ചെങ്കിലും എത്തിയില്ല.
എന്നാൽ സിപിഐ പ്രതിനിധി മൈലം ബാലൻ ചടങ്ങിനെത്തി.
സ്വാഗതം പറഞ്ഞ കോൺഗ്രസ് ഭാരവാഹി സി.എൻ.നന്ദകുമാർ അയിഷപോറ്റിയെ കോൺഗ്രസ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. കൊട്ടാരക്കരയിലെ ജനകീയ എംഎൽഎ ആയിരുന്ന മഹിളാരത്നം എന്ന വിശേഷണത്തോടെ പി.അയിഷപോറ്റിയെക്കുറിച്ച് പ്രസംഗിച്ച് തുടങ്ങിയ ഉദ്ഘാടകനായ കൊടിക്കുന്നിൽ സുരേഷ് എംപി സ്വാഗത പ്രസംഗകനെ ചെറുതായി തിരുത്തി.
പി.അയിഷപോറ്റി കോൺഗ്രസിൽ ചേരുന്നത് സംബന്ധിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ല.
ഉമ്മൻചാണ്ടിയെ അനുസ്മരിക്കാനാണ് മൂന്ന് തവണ എംഎൽഎയായി ഒപ്പം ഉണ്ടായിരുന്ന പി.അയിഷപോറ്റിയെ ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു. പൊതുരംഗം വിട്ടത് ശുന്യത സൃഷ്ടിച്ചെന്ന് അയിഷപോറ്റിയെ നോക്കി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
കോൺഗ്രസിൽ ചേരാനല്ല എത്തിയതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിക്കാനാണെന്നുംപറഞ്ഞാണ് പി. അയിഷപോറ്റി പ്രസംഗം തുടങ്ങിയത്.
ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ പേരിൽ വിമർശിക്കുന്നവർക്കെതിരെയും അവർ തിരിഞ്ഞു.
ചാരിറ്റി സഹായ ഫണ്ട് വിതരണത്തിന് എത്തിയ ചാണ്ടി ഉമ്മൻ എംഎൽഎയും പി.അയിഷപോറ്റിക്കെതിരായ സൈബർ ആക്രമണത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഒരു അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തതിന്റെ പേരിൽ നടത്തുന്ന ഹീനമായ സൈബർ ആക്രമണങ്ങൾ കേരളം എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഉമ്മൻചാണ്ടിയെ പോലെ മറ്റൊരു നേതാവില്ല: കൊടിക്കുന്നിൽ
കൊട്ടാരക്കര∙ കേരളത്തിലെ ജനങ്ങളെ ഇത്രയധികം സ്നേഹിച്ച ഉമ്മൻചാണ്ടിയെ പോലെ മറ്റൊരു നേതാവില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലയപുരം ആശ്രയ സങ്കേതത്തിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ബ്ലോക്ക് പ്രസിഡന്റ് കെ.ജി.അലക്സ് അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎ ചാരിറ്റി വിതരണ ഉദ്ഘാടനവും നടത്തി.
ചെങ്ങമനാട് ബത്ലഹം ആശ്രമം സുപ്പീരിയർ സക്കറിയ റമ്പാൻ, മൈലം ബാലൻ,മിനി ജോസ്,അലക്സ് മാത്യു, പി.ഹരികുമാർ, നടുക്കുന്നിൽ വിജയൻ, സി.എൻ.നന്ദകുമാർ,ബേബി പടിഞ്ഞാറ്റിൻകര, പാത്തല രാഘവൻ, എഴുകോൺ നാരായണൻ എന്നിവർ പ്രസംഗിച്ചു.
അവസരം കിട്ടിയിട്ട് കാര്യമില്ല, ജനം വോട്ട് ചെയ്യണം: അയിഷപോറ്റി
കൊട്ടാരക്കര∙ അവസരം കിട്ടിയിട്ട് കാര്യമില്ല, ജനം വോട്ട് ചെയ്താലേ ജയിക്കൂവെന്ന് മുൻ എംഎൽഎ പി.അയിഷപോറ്റി.
അഞ്ച് മിനിറ്റ് പോലും പാഴാക്കാതെ 15 വർഷം പ്രവർത്തിച്ചത് കൊണ്ടാണ് കൊട്ടാരക്കരയിൽ വൻ വികസനം നടപ്പാക്കാൻ കഴിഞ്ഞത്. എന്നെ അയിഷപോറ്റിയാക്കി മാറ്റിയത് എന്റെ പ്രസ്ഥാനവും നിങ്ങളും ചേർന്നാണ്. ഞാനൊരു പാർലമെന്ററി അധികാര മോഹിയല്ല. ഉമ്മൻചാണ്ടി എന്ന നേതാവ് എല്ലാ രാഷ്ട്രീയക്കാരും കണ്ട് പഠിക്കേണ്ട
വ്യക്തിത്വമാണെന്നും പി.അയിഷപോറ്റി പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]