
പനമരം ∙ ജനവാസ മേഖലയായ താഴെ നെല്ലിയമ്പം, ചോയിക്കൊല്ലി പ്രദേശങ്ങളിൽ ഭീതി പരത്തിയ കാട്ടാനകളെ 3 ദിവസത്തിനു ശേഷം വനത്തിലേക്കു തുരത്തി. ഇന്നലെ 10 മണിക്കൂറോളം നീണ്ട ദൗത്യത്തിനൊടുവിൽ വൈകിട്ട് 5 മണിയോടെയാണു കൊമ്പന്മാരെ നീർവാരം മഞ്ഞ വയൽ വഴി വനത്തിലേക്കു തിരിച്ചയച്ചത്. ചെതലയം റേഞ്ച് ഓഫിസർ എം.കെ.രാജീവ് കുമാർ, ബേഗൂർ റേഞ്ച് ഓഫിസർ പി.രഞ്ജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അൻപതോളം വനപാലകർ ചേർന്ന് ഏറെ കഷ്ടപ്പെട്ടാണ് ആനകളെ തുരത്തിയത്.
താഴെ നെല്ലിയമ്പം ചോയിക്കൊല്ലിയിലെ സ്വകാര്യ കൃഷിയിടത്തിൽ 4 കാട്ടാനകളാണ് 3 ദിവസമായി വനത്തിലേക്ക് മടങ്ങാൻ കൂട്ടാക്കാതെ നിലയുറപ്പിച്ചത്.
കൂട്ടത്തിലെ വലിയ കൊമ്പൻ ഇന്നലെ രാവിലെ ചോയിക്കൊല്ലി വയലിലൂടെ പുഞ്ചവയലിലെ മറ്റൊരു കൃഷിയിടത്തിലേക്ക് കടന്നു. ബാക്കി ആനകളെ പടക്കം പൊട്ടിച്ച് തുരത്താനുള്ള ശ്രമം ആദ്യം വിജയിച്ചില്ല. കാട്ടാനകൾ ജനവാസ മേഖലയിലൂടെയും ജനങ്ങൾക്കിടയിലൂടെയും വട്ടംചുറ്റിയതല്ലാതെ വനത്തിലേക്ക് മടങ്ങാൻ കൂട്ടാക്കിയില്ല. ഒരു തവണ ചോയിക്കൊല്ലി വയലിലേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും വയലിൽ പണി എടുക്കുന്ന തൊഴിലാളികളെക്കണ്ട്, മുൻപ് നിലയുറപ്പിച്ച തോട്ടത്തിലേക്ക് തന്നെ മടങ്ങി.
ഇതേ തുടർന്ന് 10 മണിയോടെ തുരത്തൽ താൽക്കാലികമായി നിർത്തിവച്ചു.
പിന്നീട് പനമരം പഞ്ചായത്തും വനംവകുപ്പും ഉച്ചഭാഷിണിയിലൂടെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. തുരത്തൽ ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെ വീണ്ടും ആരംഭിച്ചെങ്കിലും പടക്കം തീർന്നതോടെ നിർത്തിവയ്ക്കേണ്ടി വന്നു.
പടക്കം എത്തിച്ച് 3.45 ന് പിന്നെയും ആരംഭിച്ചു. വൈകിട്ട് 4ന് മൂന്ന് കാട്ടാനകളെയും ചോയിക്കൊല്ലി വയലിൽ എത്തിച്ചു. അവിടെ നിന്നു വീണ്ടും തിരിച്ചു കയറാനുള്ള ശ്രമം വനപാലകർ തടഞ്ഞതോടെ ആനകൾ പുഞ്ചവയൽ അമ്പലത്തിനു സമീപത്തേക്ക് നീങ്ങി. പിന്നീട് ബീനാച്ചി – പനമരം റോഡ് മുറിച്ചുകടക്കുന്നതിനിടെ കൊമ്പന്മാർ വനപാലകർക്ക് നേരെ തിരിഞ്ഞെങ്കിലും പടക്കം പൊട്ടിച്ച് ബഹളം വച്ചതോടെ സമീപത്തെ കാപ്പിത്തോട്ടത്തിലേക്ക് കടന്നു.
മണൽവയൽ റോഡ് മുറിച്ചുകടന്ന് മാരാർ കവലയിലേക്ക് നീങ്ങിയ ആനക്കൂട്ടത്തിൽ നിന്ന് ഒന്നു മാത്രം കൂട്ടം തെറ്റി മറ്റൊരു വഴിക്ക് തിരിഞ്ഞു.
രണ്ട് ആനകൾ അമ്മാനി റോഡും നരസിപ്പുഴയും കടന്ന് മഞ്ഞവയലിലുടെ വൈകിട്ട് അഞ്ചോടെ വനത്തിലേക്ക് കടന്നു. കൂട്ടം തെറ്റിയ കാട്ടാനയും അര മണിക്കൂറിന് ശേഷം അതുവഴി തന്നെ വനത്തിലേക്ക് മടങ്ങി. കാട്ടാനകളെ വനത്തിലേക്ക് തുരത്തിയത് ആശ്വാസമായെങ്കിലും പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
ആനകൾ കാടുകയറിയെങ്കിലും ഭീതി മാറാതെ നാട്ടുകാർ
പനമരം∙ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ വനം വകുപ്പ് കാട്ടിലേക്ക് തുരത്തിയെങ്കിലും ഏതു സമയവും കൃഷിയിടത്തിലേക്ക് തന്നെ തിരിച്ചിറങ്ങുമെന്ന ഭീതിയിൽ നാട്ടുകാർ.
മുൻപ് വനാതിർത്തിയിൽ വനംവകുപ്പ് സ്ഥാപിച്ച പ്രതിരോധ സംവിധാനങ്ങളെല്ലാം ക്രാഷ് ഗാർഡ് വേലിയുടെ നിർമാണത്തിനെന്ന പേരിൽ തകർത്തതാണ് പാതിരി സൗത്ത് സെക്ഷനിൽ നിന്ന് കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടത്തിലേക്ക് ഇറങ്ങാൻ കാരണം. പ്രതിരോധ സംവിധാനങ്ങൾ തകർന്നു കിടക്കുന്നതിനാൽ കാട്ടാനകൾ നേരം ഇരുട്ടും മുൻപു തന്നെ ജനവാസ മേഖലയിലേക്ക് ഇറങ്ങി ദിവസങ്ങളോളം കൃഷിയിടങ്ങളിൽ തമ്പടിക്കുന്ന സ്ഥിതിയാണുള്ളത്.
ഭൂമാഫിയ വാങ്ങിക്കൂട്ടിയ ചില കൃഷിയിടങ്ങൾ വനത്തെ വെല്ലുന്ന രീതിയിൽ കാടുപിടിച്ചു കിടക്കുന്നതിനാൽ, നേരം വെളുത്താലും അത്തരം കൃഷിയിടങ്ങളിൽ നിന്നു കാട്ടാനകൾ വനത്തിലേക്ക് മടങ്ങാൻ കൂട്ടാക്കാറില്ല. പകൽ കൃഷിയിടത്തിൽ കഴിച്ചുകൂട്ടുന്ന കാട്ടാനകൾ രാത്രി മറ്റു കർഷകരുടെ കൃഷിയിടങ്ങളിൽ ഇറങ്ങി നാശനഷ്ടമുണ്ടാക്കുന്നു.
കഴിഞ്ഞ ദിവസം ചോയിക്കൊല്ലി പ്രദേശത്ത് എത്തിയ ആനകൾ കാപ്പി അടക്കം ഒട്ടേറെ വിളകളാണ് നശിപ്പിച്ചത്.
കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടാനകളെ തുരത്തുന്നതിൽ വനം വകുപ്പ് തികഞ്ഞ പരാജയമാണെന്നതിനു തെളിവാണ് കഴിഞ്ഞ മൂന്ന് ദിവസമായി ചോയിക്കൊല്ലിയിലെ കൃഷിയിടത്തിൽ കാട്ടാനക്കൂട്ടം തമ്പടിച്ചതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. നാട്ടിലിറങ്ങുന്ന കാട്ടാനകളെ പ്രതിരോധിക്കാൻ വനംവകുപ്പ് ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. അതേ സമയം, കാട്ടാന സ്ഥിരമായി വനത്തിൽ നിന്ന് ഇറങ്ങുന്ന ഭാഗങ്ങളിൽ തൂക്കുവേലി സ്ഥാപിക്കുമെന്നും നിരീക്ഷണം ഏർപ്പെടുത്തുമെന്നും ചെതലയം റേഞ്ച് ഓഫിസർ രാജീവ് കുമാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]