
മാവുങ്കാൽ ∙ അത്തിക്കോത്ത് നിർമാണത്തിലിരിക്കുന്ന വീടിന്റെ മുൻഭാഗം ഭൂമിക്കടിയിൽ രൂപപ്പെട്ട വൻ ഗർത്തത്തിലേക്ക് ഇടിഞ്ഞുതാഴ്ന്നു.
കാഞ്ഞങ്ങാട് നഗരസഭാ മുൻ കൗൺസിലർ അത്തിക്കോത്ത് എ.സി നഗറിലെ എം.കണ്ണന്റെ വീടാണ് ഇന്നലെ രാവിലെ തകർന്നുവീണത്. കണ്ണനു വർഷങ്ങൾക്കു മുൻപു പതിച്ചുകിട്ടിയ 56 സെന്റ് സ്ഥലത്തു പ്രധാനമന്ത്രി യോജന പദ്ധതിയിൽ നിർമാണം പൂർത്തിയാകാനിരിക്കെയാണു വീട് തകർന്നു വീണത്.
വീടിന്റെ സിറ്റൗട്ട് ഉൾപ്പെടെയുള്ള ഭാഗമാണ് 10 മീറ്ററോളം താഴ്ചയിൽ രൂപപ്പെട്ട ഗർത്തത്തിലേക്കു താഴ്ന്നത്.
ഇന്നലെ പുലർച്ചെ 5ന് ആണു വൻശബ്ദത്തോടെ വീട് തകർന്നതെന്നു സമീപവാസികൾ പറഞ്ഞു. കണ്ണനും കുടുംബവും ഇപ്പോൾ താമസിക്കുന്നത് ഇവിടെനിന്ന് അരക്കിലോമീറ്റർ അകലെയാണ്.
ഉച്ചയോടെ മുൻഭാഗത്തെ സൺഷേഡും അടർന്നുവീണു.
ഇവിടെ നിർമാണം അപ്രായോഗികം
തകർന്ന വീടിന്റെ ബാക്കിഭാഗം പോലും സംരക്ഷിക്കാനാകാത്ത വിധമാണ് അപകട ഭീഷണി.
ഭൂമിക്കു വിള്ളലുള്ളതിനാൽ വീടിനു സമീപത്തേക്കു പോകാൻപോലും കഴിയാത്ത സ്ഥിതിയാണ്. ജിയോളജി വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടു സ്ഥലത്തു പരിശോധന നടത്തിയതശേഷം മാത്രമേ ഈ ഭാഗത്തു നിർമാണം തുടരാവൂ എന്ന് അധികൃതർ നിർദേശിച്ചു.കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, വാർഡ് കൗൺസിലർ സൗദാമിനി, വില്ലേജ് അധികൃതർ എന്നിവർ സ്ഥലത്തെത്തി.
ഹൃദയഭേദകം ഈ കാഴ്ച
‘പ്രധാനമന്ത്രി യോജന പദ്ധതിയിൽ 4 ലക്ഷം രൂപയാണു വീടു നിർമാണത്തിനു ധനസഹായം ലഭിക്കുക.
ഇതിൽ അനുവദിച്ച 3.60 ലക്ഷം രൂപയും കയ്യിലുണ്ടായിരുന്ന സമ്പാദ്യം മൂന്നര ലക്ഷത്തോളം രൂപയും ഉപയോഗിച്ചാണു വീടു നിർമാണം അവസാനഘട്ടത്തിലെത്തിച്ചത്’– കണ്ണൻ പറഞ്ഞു. മുൻഭാഗത്തെ തേപ്പുജോലികളുൾപ്പെടെ പൂർത്തിയാക്കിയിരുന്നു. ബാക്കി മിനുക്കുപണികൾ നടത്തി ഗൃഹപ്രവേശം നടത്താനായി അവസാന ഗഡുവായ 40,000 രൂപ വാങ്ങാൻ തയാറെടുക്കവേയാണ് 68 വയസ്സുകാരനായ കണ്ണന്റെയും കുടുംബത്തിന്റെയും ഉള്ളുലച്ചു സ്വപ്നവീടിന്റെ ഒരു ഭാഗം അപ്രത്യക്ഷമായത്. വീടിനു മുൻപിലെ മൂന്നു സെന്റ് സ്ഥലം പൂർണമായി താഴ്ന്ന നിലയിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]