
ദില്ലി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് ഇറാൻ അടക്കമുള്ള രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിന് പിന്നാലെയാണ് മോചനവുമായി ബന്ധപ്പെട്ട
നയതന്ത്ര ഇടപെടലുകള്‍ക്കായി മറ്റു രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നത്. യെമനുമായി അടുത്തബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളുമായി നയതന്ത്ര തലത്തിൽ ചര്‍ച്ച നടത്തി നിമിഷ പ്രിയയുടെ മോചനത്തിൽ അനുകൂലമായ തീരുമാനത്തിന് ശ്രമിക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
അതേസമയം, മധ്യസ്ഥ സംഘം ഇനി യെമനിലേക്ക് പോകുന്നത് സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. എല്ലാ വശങ്ങളും ഇക്കാര്യത്തിൽ വിലയിരുത്തും.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ആരെയും കാണാൻ തൽക്കാലം തയ്യാറാകുന്നില്ല.
ഈ സാഹചര്യത്തിൽ മധ്യസ്ഥ സംഘത്തെ യെമനിലേക്ക് അയക്കുന്നത് വെല്ലുവിളിയായിരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. യാത്രാനുമതിക്കായി നാല് പേർ അടങ്ങുന്ന പ്രതിനിധി സംഘത്തിന്റെ ലിസ്റ്റ് ആക്ഷൻ കൗണ്‍സിൽ കേന്ദ്രസർക്കാരിന് സമർപ്പിക്കാനിരിക്കെയാണ് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ടുള്ള മധ്യസ്ഥ ചർച്ചയ്ക്ക് യെമനിൽ പോകണമെന്ന് ആവശ്യപ്പെട്ടവരോട് കേന്ദ്ര സർക്കാരിനെ സമീപിക്കാനാണ് ഇന്നലെ സുപ്രീം കോടതി നിർദേശിച്ചത്.
വിഷയത്തിൽ കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുവെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി. ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ മറുപടി കൂടി കേട്ടശേഷം ഹർജിക്കാരോട് കേന്ദ്രത്തെ സമീപിക്കാൻ ആവശ്യപ്പെട്ടത്.
നിമിഷപ്രിയയുടെ മോചനത്തിനായി മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ഒരാവശ്യം. യെമനിലേക്ക് പോകാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
വധശിക്ഷ നീട്ടിവച്ചിരിക്കുകയാണെന്നും പുതിയ തീയതി നിശ്ചയിച്ചിട്ടില്ലെന്നും അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. ഹർജിക്കാർക്ക് യെമനിൽ പോകണമെങ്കിൽ കേന്ദ്രസർക്കാരിന് അപേക്ഷ നൽകാമെന്നും, കേന്ദ്രം ഈ അപേക്ഷ പരിഗണിക്കട്ടെയെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നിമിഷപ്രിയയുടെ അമ്മ ഇതിനകം യെമനിൽ ഉണ്ടല്ലോയെന്നും സുപ്രീം കോടതി ഹർജിക്കാരോട് പറഞ്ഞു. ആക്ഷൻ കൗൺസിലിന്റെ ആവശ്യം കേന്ദ്രം അനുഭാവപൂർവ്വം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗൽ അഡ്വൈസർ സുഭാഷ് ചന്ദ്രന് പ്രതികരിച്ചു.
കേന്ദ്ര സർക്കാരുമായി ചേർന്നുള്ള പ്രവർത്തനങ്ങൾക്കാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. സർക്കാരിന്റെ രണ്ടു പ്രതിനിധികളും സംഘത്തിൽ ഉണ്ടാവണമെന്ന് ഞങ്ങൾ അറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 14നാണ് ഇനി കേസ് പരിഗണിക്കുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]