
ഇടുക്കി: ഇടുക്കിയിൽ വൻ മരംകൊള്ള. ശാന്തൻപാറക്ക് സമീപം പേത്തൊട്ടിയിൽ ഏലമലക്കാട്ടിൽ നിന്നും നിയമം ലംഘിച്ച് മരങ്ങൾ മുറിച്ചുകടത്തി.
വിവിധ ഇനത്തിൽ പെട്ട 150 ലധികം മരങ്ങളാണ് മുറിച്ചുകടത്തിയത്.
വനം വകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. തമിഴ്നാട് സ്വദേശികളായ എം ബൊമ്മയ്യൻ, അയ്യപ്പൻ എന്നിവർക്ക് എതിരെയാണ് കേസെടുത്തത്.
ശാന്തൻപാറ പേത്തൊട്ടിയിലെ കാർഡമം ഹിൽ റിസർവിൽ പെട്ട ഭൂമിയിൽ നിന്നും ഏലം പുനകൃഷിയുടെ മറവിലാണ് മരം കൊള്ള നടത്തിയത്.
സി എച്ച് ആർ ഭൂമിയിലെ മരങ്ങൾ മുറിച്ചു മാറ്റാൻ അനുമതിയില്ല. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കാൻ പോലും വനംവകുപ്പിൻറെ അനുമതി വേണം.
ഇത് ലംഘിച്ചാണ് ചേല, പൂമരം, ചൗക്ക, പ്ലാവ്, ആഞ്ഞിലി തുടങ്ങിയ ഇനത്തിൽ പെട്ട മരങ്ങൾ മുറിച്ചു മാറ്റിയത്.
ഒന്നര വർഷം മുൻപ് ഉരുൾപൊട്ടൽ ഉണ്ടായതിൻറെ സമീപത്താണ് സംഭവം. ശാന്തൻപാറ വില്ലേജിൽ മതികെട്ടാൻ ചോല ദേശീയ ഉദ്യാനത്തോട് ചേർന്നു കിടക്കുന്ന സർവേ നമ്പർ 78/1-ൽ ഉൾപ്പെടുന്ന ഒന്നര ഏക്കർ ഭൂമിയിൽ നിന്നാണ് മരം വെട്ടിയത്.
സംഭവം വിവാദമായതോടെ വനം വകുപ്പ് കേസ് എടുത്തു. അനധികൃതമായി സി എച്ച് ആറിൽ നിന്നും മരം മുറിച്ചു കടത്തിയതിനാണ് കേസ്.
ബോഡിമെട്ട് സെക്ഷനിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മരക്കുറ്റികൾ എണ്ണി തിട്ടപ്പെടുത്തി സത അടിച്ചു.
ഇടുക്കി ജില്ലയിൽ പലയിടത്തും സി എച്ച് ആർ ഭൂമിയിൽ നിന്നും ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ മരങ്ങൾ മുറിച്ചു കടത്തുന്നത് പതിവായിരിക്കുകയാണെന്ന് പൊതുപ്രവർത്തകൻ കെഎസ് അരുൺ ആരോപിച്ചു. ദിവസങ്ങൾക്ക് മുൻപ് ആനയിറങ്കൽ ഭാഗത്തെ റവന്യൂ ഭൂമിയിൽ നിന്നും സ്വകാര്യ വ്യക്തി മരങ്ങൾ മുറിച്ചു കടത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]