
കൊച്ചി ∙ രണ്ടു വർഷത്തിനുള്ളിൽ 3.5 കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് (ഇഎൽഐ) പദ്ധതി റജിസ്ട്രേഷൻ ഓഗസ്റ്റ് ഒന്നു മുതൽ. 2027 ജൂലൈ 31 വരെയാണു പദ്ധതിയുടെ കാലാവധി.
ഇക്കാലയളവിൽ ആദ്യമായി തൊഴിൽ ലഭിക്കുന്ന ജീവനക്കാരനും (ഫസ്റ്റ് ടൈം എംപ്ലോയീ) ജോലി നൽകുന്ന സ്ഥാപനത്തിനും സാമ്പത്തിക ആനുകൂല്യം നൽകുന്നതാണ് ഇഎൽഐ സ്കീം.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇപിഎഫ്ഒ) എൻറോൾ ചെയ്ത സ്ഥാപനങ്ങൾക്കും ജീവനക്കാർക്കുമാണ് ആനുകൂല്യം ലഭിക്കുക. പദ്ധതിക്കായി കേന്ദ്ര സർക്കാർ വകയിരുത്തിയത് 99,446 കോടി രൂപ.
പരമ്പരാഗതമായി നിക്ഷേപത്തിലോ ഉൽപാദനത്തിലോ ആയിരുന്നു നമ്മുടെ ശ്രദ്ധയെങ്കിലും ഇഎൽഐ പദ്ധതി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനു നേരിട്ടു പ്രതിഫലം നൽകുന്നതാണെന്ന് കൊച്ചി, തിരുവനന്തപുരം മേഖലകളുടെ ചുമതല വഹിക്കുന്ന റീജനൽ പ്രോവിഡന്റ് കമ്മിഷണർ ഉത്തം പ്രകാശ് പറഞ്ഞു.
പദ്ധതിയുടെ വിശദാംശങ്ങൾ അദ്ദേഹം ‘
’ യുമായി പങ്കുവച്ചു.
‘‘ആനുകൂല്യം ആദ്യമായി ജോലി നേടുന്ന ജീവനക്കാർക്കു മാത്രമല്ല. ജോലി നൽകുന്ന സ്ഥാപനങ്ങൾക്കും നേട്ടമാണ്. ഓഗസ്റ്റ് ഒന്നിനു ശേഷം ആദ്യമായി ജോലിയിൽ പ്രവേശിക്കുന്ന, ഒരു ലക്ഷം രൂപയിൽ താഴെ ശമ്പളം ലഭിക്കുന്ന ജീവനക്കാർക്കാണ് അർഹത.
പരമാവധി 15,000 രൂപയാണ് ആനുകൂല്യം. 6 മാസത്തിനു ശേഷം ആദ്യ ഗഡു.
12 മാസവും സാമ്പത്തിക സാക്ഷരതാ കോഴ്സും പൂർത്തിയാക്കുമ്പോൾ രണ്ടാം ഗഡുവും ലഭിക്കും.
10,000 രൂപ വരെ ശമ്പളമുള്ള ഒരു ജീവനക്കാരനെ നിയമിക്കുമ്പോൾ തൊഴിലുടമയ്ക്ക് 1000 രൂപയാണു പ്രതിമാസ ആനുകൂല്യം. 10,001-20,000 രൂപ ശമ്പളം നൽകുമ്പോൾ പ്രതിമാസം 2,000 രൂപയും 20,001-1,00,000 രൂപയ്ക്കു പ്രതിമാസം 3,000 രൂപയുമാണ് ആനുകൂല്യം.
കൂടുതൽ തൊഴിൽ നൽകുന്നതിന് അനുസരിച്ചു സ്ഥാപനങ്ങൾക്കു ലഭിക്കുന്ന ആനുകൂല്യം വർധിക്കും.
വലിയ കോർപറേറ്റുകൾക്കു മാത്രമല്ല, സൂക്ഷ്മ– ചെറുകിട വ്യവസായ യൂണിറ്റുകൾക്കും വലിയ പരിഗണന ലഭിക്കും.
ഹ്രസ്വകാലത്തേയ്ക്കല്ല, ദീർഘകാലത്തേക്കു തൊഴിൽ നൽകുന്നതിനാണ് ആനുകൂല്യം. എല്ലാ തൊഴിൽ മേഖലകൾക്കും ആനുകൂല്യം ലഭിക്കും; കൂടുതൽ തൊഴിൽ സൃഷ്ടിക്കണമെന്നു മാത്രം.
സ്ഥാപനങ്ങൾക്കു വളരാനും കൂടുതൽ ശമ്പളം നൽകേണ്ട ജീവനക്കാരെ നിയമിക്കാനുമൊക്കെ ഇതു സഹായിക്കും’’ – അദ്ദേഹം പറഞ്ഞു.
ഉയർന്ന പെൻഷൻ: നടപടികൾ 3–4 മാസത്തിനകം പൂർത്തിയാകും
കൊച്ചി ∙ സുപ്രീം കോടതി വിധി പ്രകാരമുള്ള ഉയർന്ന ഇപിഎഫ് പെൻഷൻ സംബന്ധിച്ച നടപടികൾ മൂന്നോ നാലോ മാസത്തിനകം പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു പിഎഫ് കൊച്ചി റീജനൽ കമ്മിഷണർ ഉത്തം പ്രകാശ്.
ദീർഘകാലം നീണ്ട കോടതി വ്യവഹാരങ്ങളും സങ്കീർണമായ നടപടിക്രമങ്ങളുമാണു വൈകുന്നതിനു കാരണം.
അപേക്ഷകളിൽ അതിവേഗം തീരുമാനമെടുക്കാനുള്ള ശ്രമങ്ങളിലാണു രാജ്യമെങ്ങുമുള്ള പിഎഫ് ഓഫിസുകളെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]