
തിരുവനന്തപുരം∙ തേങ്ങവില മാത്രമല്ല, കേരളത്തിലെ തെങ്ങിൻകള്ളിന്റെ വീര്യവും കൂടിയെന്നു കണ്ടെത്തൽ. കള്ളിലെ പരമാവധി ആൽക്കഹോൾ 8.1 % ആയിരുന്നത് 8.98 % ആയി മാറ്റി നിശ്ചയിക്കാൻ വിദഗ്ധ സമിതി നൽകിയ ശുപാർശ സർക്കാർ അംഗീകരിച്ചു.
വയനാട് ഒഴികെയുള്ള ജില്ലകളിലെ നൂറിലധികം തെങ്ങുകളിൽനിന്നു സാംപിൾ എടുത്തായിരുന്നു പരിശോധന. പത്തനംതിട്ട
പോലെ ചില ജില്ലകളിൽ ആൽക്കഹോൾ
4 % എന്നതിലും താഴെപ്പോയെങ്കിലും തൃശൂർ ജില്ലയിലെ സാംപിളിൽ കണ്ടെത്തിയ ഏറ്റവും ഉയർന്ന വീര്യമായ 8.98 % അന്തിമമായി അംഗീകരിക്കുകയായിരുന്നു. ഇതിലധികം ആൽക്കഹോൾ അംശമുള്ള കള്ളു വിറ്റാൽ ഷാപ്പുടമയ്ക്ക് 10 വർഷം തടവുശിക്ഷ ലഭിക്കാം.
പഞ്ചസാരയുടെ അളവിലെ വ്യത്യാസമാണു കള്ളിലെ ആൽക്കഹോൾ അംശം നിർണയിക്കുന്നത്.
2007ൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു തെങ്ങിൻകള്ളിലെ ആൽക്കഹോൾ 8.1% ആയി സർക്കാർ വിജ്ഞാപനം ചെയ്തിരുന്നത്. കൂടുതൽ ആൽക്കഹോൾ അടങ്ങിയ കള്ളു വിറ്റതിനു കേസിൽ കുടുങ്ങിയ ചില ഷാപ്പുടമകൾ കോടതിയെ സമീപിച്ചു.
ഇതിനുശേഷം സർക്കാർ നിയോഗിച്ച ടി.എൻ. അനിരുദ്ധൻ കമ്മിറ്റി നടത്തിയ പഠനത്തിൽ പരമാവധി ആൽക്കഹോൾ 9.59 % വരെ ആകാമെന്നു ശുപാർശ ചെയ്തെങ്കിലും എക്സൈസ് എതിർത്തതിനാൽ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചില്ല.
അനിരുദ്ധൻ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടി വീണ്ടും മറ്റൊരു കേസ് സുപ്രീംകോടതിയിലെത്തിയപ്പോഴാണു വിദഗ്ധ സമിതി രൂപീകരിച്ചു പഠനം നടത്താൻ കോടതി നിർദേശിച്ചത്.
കേരള സർവകലാശാലയിലെ രസതന്ത്രവിഭാഗം മേധാവി സി.വി.സുനീഷ് ചെയർമാനും ചീഫ് കെമിക്കൽ എക്സാമിനർ, കേന്ദ്ര–സംസ്ഥാന ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധർ എന്നിവർ അംഗങ്ങളുമായ 7 അംഗ സമിതിയാണ് 8 മാസത്തെ പഠനത്തിനുശേഷം റിപ്പോർട്ട് നൽകിയത്.
21നു സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് സമർപ്പിക്കും.
ഈ തീരുമാനത്തിന് കേസുകളിൽ മുൻകാല പ്രാബല്യം ലഭിക്കുമോയെന്നു വ്യക്തമല്ല.
പ്രധാന ശുപാർശകൾ:
∙ ആൽക്കഹോൾ അംശം വ്യത്യാസപ്പെടാനുള്ള കാരണങ്ങൾ പഠിക്കണം
∙ ആൽക്കഹോൾ അംശത്തിന്റെ അളവ് നിശ്ചിത ഇടവേളകളിൽ പുതുക്കണം
∙ കള്ളെടുക്കാൻ വൃത്തിയുള്ള കുടം ഉപയോഗിക്കണം.
ആൽക്കഹോളിന്റെ പരമാവധി അളവ്:
∙ ഇന്ത്യൻ നിർമിത വിദേശമദ്യം– 42.86%
∙ ബീയർ– 6 %
∙ വൈൻ– 15.5%
∙ തെങ്ങിൻ കള്ള്– 8.98 %
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]